Deshabhimani

നെൽകർഷകർ ആശങ്കയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2026, 01:20 AM | 1 min read

കോട്ടയം ​സംസ്ഥാന സർക്കാരിന്റെ നെല്ല്‌ സംഭരണ നടപടികൾ നീളുന്നതിനാൽ വിരിപ്പുകൃഷിയിറക്കിയ നെൽകർഷകർ ആശങ്കയിൽ. സംഭരണം നടത്താൻ രണ്ട്‌ മില്ലുകളുമായി മാത്രമാണ്‌ ഇതുവരെ സർക്കാർ ധാരണയായത്‌. തുലാമഴ പടിവാതിൽക്കൽ നിൽക്കുന്നതിനാൽ കൊയ്‌ത നെല്ല്‌ പാഴാകുമെന്ന ആശങ്കയിലാണ്‌ കർഷകർ. എറണാകുളം കാലടി മേഖലയിലെ അരി മില്ലുകളാണ്‌ ജില്ലയിൽ നെല്ല്‌ കാര്യമായി സംഭരിച്ചിരുന്നത്‌. ഇത്തവണ ഇ‍ൗ മില്ലുകളുമായി ധാരണയിലാകാൻ സർക്കാരിന്‌ സാധിച്ചിട്ടില്ല. പാലക്കാട്ടെ രണ്ട്‌ മില്ലുകളുമായാണ്‌ നിലവിൽ ധാരണയായത്‌. ധാരണയായെങ്കിലും ഇ‍ൗ മില്ലുടമകളും സംഭരണം ഇതുവരെ തുടങ്ങിയിട്ടില്ല. ജില്ലയിൽ 6000 ഹെക്ടർ സ്ഥലത്താണ് വിരിപ്പുകൃഷി നടന്നത്. കല്ലറ, വെച്ചൂർ മേഖലയിലാണ്‌ കൂടുതൽ വിരിപ്പുകൃഷിയിറക്കിയത്‌. 100 ഏക്കറിൽ അധികംവരുന്ന അരികുപുറം പാടശേഖരത്താണ് ആദ്യം കൊയ്ത്താരംഭിച്ചത്. മില്ലുകളുമായി ധാരണയാകാത്തതിനാൽ ഇവിടെ കർഷകർ പ്രതിസന്ധിയിലായിരുന്നു. ഓയിൽ പാം ഇന്ത്യയുടെ കീഴിലുള്ള വെച്ചൂർ മോഡേൺ റൈസ്‌ മിൽ ഇവിടത്തെ നെല്ല്‌ സംഭരിക്കാൻ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. അരികുപുറം പാടശേഖരത്തെ 250 ടൺ നെല്ലാണ്‌ സംഭരിക്കുക. എന്നാൽ മറ്റിടങ്ങളിൽ കൊയ്‌ത നെല്ല്‌ സംഭരിക്കാൻ ഇനിയും നടപടിയായിട്ടില്ല. സപ്ലൈകോയാണ്‌ നെല്ല്‌ സംഭരണ നടപടികൾ ഏകോപിപ്പിക്കുന്നത്‌. പിആർഎസ്‌(കൈപ്പറ്റ്‌ രസീത്‌) നൽകുന്പോൾ കനറാ, എസ്ബിഐ ബാങ്കുകളാണ്‌ നെല്ലുവില വായ്പയായി കർഷകർക്ക് കൊടുക്കുന്നത്. ബാങ്കുകൾക്ക്‌ സർക്കാർ കൃത്യമായി പണം നൽകാത്തതും പ്രതിസന്ധിയാണ്‌. നേരത്തേ സംഭരിച്ച നെല്ലിന്റെ വില ഇനത്തിൽ സർക്കാർ മില്ലുകൾക്ക്‌ 30 കോടി രൂപ നൽകാനുണ്ട്. നെല്ല് സംഭരിച്ച ഇനത്തിൽ അഞ്ച് കോടി രൂപ കർഷകർക്കും ലഭിക്കാനുണ്ട്‌. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൃഷിയിൽനിന്ന്‌ കൂടുതൽപേർ പിന്മാറുമെന്ന്‌ കർഷകർ പറയുന്നു. പുഞ്ചകൃഷിക്ക്‌ നെൽവിത്തുകൾ കിട്ടാനില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home