ഏറ്റുമാനൂർ നഗരസഭയിൽ എംസിഎഫ് ഇല്ല
മാലിന്യം തള്ളുന്നത് വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ

ഏറ്റുമാനൂർ
ഏറ്റുമാനൂർ നഗരസഭയിൽ എംസിഎഫ് ഇല്ലാത്തതിനാൽ മാലിന്യങ്ങൾ തള്ളുന്നത് വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ. പച്ചക്കറി മാർക്കറ്റിനോട് ചേർന്നിരിക്കുന്ന വാട്ടർ അതോറിറ്റി കിണറ്റിലാണ് മാലിന്യങ്ങൾ കുന്നുകൂടിയിരിയ്ക്കുന്നത്. രാവിലെ നഗരത്തിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് ശുചിത്വ തൊഴിലാളികൾ കിണറ്റിൽ തള്ളുന്നത്. നഗരസഭ ജീവനക്കാരുടെ ഒത്താശയോടെയാണിത്. എംസിഎഫ് ഇല്ലാത്തിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നഗരസഭയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എംസിഎഫ് സ്ഥാപിക്കണമെന്ന് ആവശ്യവുമായി നിരവധി തവണ ഉദ്യോഗസ്ഥർ ഭരണസമിതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കിണറിന് ആകർഷകമായി പെയിന്റടിച്ച് മുന്നിൽ പൂന്തോട്ടം സജീകരിച്ചിരുന്നു. പുറത്ത് പച്ച നെറ്റുകൊണ്ട് മറക്കുകയും ചെയ്തു. പുറത്തുനിന്ന് നോക്കുമ്പോൾ ആർക്കും സംശയം തോന്നില്ല. എന്നാൽ കിണറിനുള്ളിൽ ദിനംപ്രതി മാലിന്യങ്ങൾ തള്ളുകയായിരുന്നു. ഇതിന് സമീപത്തെ കിണറ്റിൽനിന്നാണ് നഗരത്തിലെ എല്ലാ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. ഈ ഭാഗമത്രയും മാലിന്യം നിറയുകയാണ്. കിണറിന് സമാന്തരമായി തൊട്ടടുത്തുള്ള ഓടയും വൃത്തിഹീനമായ അവസ്ഥയിലാണ്. മാലിന്യം നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ട സിപിഐ എം പ്രവർത്തകരായ കെ പി ശ്രീനി, എ എം സുനിൽ, പി എസ് സുമേഷ്, സന്തോഷ് എന്നിവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ശ്വാശത പരിഹാരം കണ്ടെത്താനും വിഷയം കൗൺസിലിൽ വെയ്ക്കാനും ആവശ്യപ്പെട്ടു. എംസിഎഫ് സ്ഥാപിക്കാൻ നടപടി എടുത്തില്ലെങ്കിൽ ബഹുജന സമരം സംഘടിപ്പിക്കുമെന്ന് സിപിഐ എം അറിയിച്ചു.









0 comments