എംജി സർവകലാശാല
പഠന ബോർഡുകളിലും നിയമവിരുദ്ധമായ നിയമനം

കോട്ടയം
മഹാത്മാഗാന്ധി സർവകലാശാലയിൽ പുതുതായി രൂപീകരിച്ച പഠന ബോർഡുകളിൽ(ബോർഡ് ഓഫ് സ്റ്റഡീസ്) യോഗ്യതയില്ലാത്തവരെ നിയമിച്ച് ഗവർണർ. സർവകലാശാലാ ചട്ടങ്ങൾ കാറ്റിൽപ്പറത്തി സംഘപരിവാർ അനുഭാവമുള്ളവരെയാണ് പഠനബോർഡുകളിൽ കുത്തിനിറച്ചത്. സിൻഡിക്കറ്റ് യോഗതീരുമാനപ്രകാരം പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഗവർണറുടെ പട്ടികയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കാട്ടി സംഘപരിവാർ അധ്യാപക സംഘടനാ മുൻ നേതാവും വിസിയുമായ ഡി മാവൂത് ഗവർണർക്ക് കത്തയച്ചു. ഇത് സംബന്ധിച്ച് സർവകലാശാലാ ഉത്തരവുമിറക്കി. സർവകലാശാലയിലെ 54 പഠന ബോർഡുകളിൽ 20ലധികം ബോർഡുകളിൽ ഉണ്ടായ ക്രമക്കേടാണ് സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടിയിരുന്നത്. അഞ്ചു മുതൽ 11 പേരെ വരെയാണ് ഓരോ ബോർഡിലും അംഗങ്ങളായി നിശ്ചയിക്കേണ്ടത്. സർവകലാശാല ചട്ടപ്രകാരം സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജിലോ സർവകലാശാലാ ഡിപ്പാർട്ട്മെന്റിലോ വകുപ്പ് അധ്യക്ഷ സ്ഥാനമുള്ള ആൾ ആയിരിക്കണം പഠന ബോർഡുകളുടെ ചെയർപേഴ്‌സൻ. എന്നാൽ സംസ്കൃതം, സുവോളജി, ഹിസ്റ്ററി, സോഷ്യൽ വർക്ക്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ ചട്ടവിരുദ്ധമായി വകുപ്പ് മേധാവികൾ അല്ലാത്തവരെയാണ് ചെയർപേഴ്സനായി നിയമിച്ചത്. മ്യൂസിക്, നിയമം, ഇസ്ലാമിക് ഹിസ്റ്ററി, പെർഫോമിങ് ആർട്സ് പോലുള്ള വിഷയങ്ങളിൽ സർവകലാശാലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന അധ്യാപകരെയാണ് ചെയർമാന്മാരായി നിയമിച്ചത്. ബോട്ടണി ഉൾപ്പെടെ പല പ്രധാന പഠന ബോർഡുകളിലും സ്വയംഭരണ കോളജിലെ അധ്യാപകരെ ഉൾപ്പെടുത്തി. സ്വയംഭരണ കോളജുകൾ സമർപ്പിക്കുന്ന സിലബസിന് അംഗീകാരം നൽകേണ്ടത് സർവകലാശാലാ പഠന ബോർഡാണ്. നിലവിൽ സ്വയംഭരണ കോളേജുകളിൽനിന്ന് അയക്കുന്ന സിലബസ് അവിടുത്തെ അധ്യാപകർതന്നെ പരിശോധിക്കുന്ന സ്ഥിതിവരും. സൈക്കോളജി പഠനബോർഡിൽ പത്തിൽ മൂന്നുപേർ മാത്രമാണ് എംജി സർവകലാശാലയിലെ അധ്യാപകർ. അതിൽ രണ്ടുപേർ സ്വയംഭരണ കോളേജിലെ അധ്യാപകരാണ്. ജിയോളജിയിൽ ഉൾപ്പെടുത്തിയ അധ്യാപകർ ആരും എംജി സർവകലാശാലയിലെ അധ്യാപകരല്ലെന്ന വിചിത്ര തീരുമാനവുമുണ്ട്. സിൻഡിക്കറ്റ് തെറ്റ് ചൂണ്ടിക്കാട്ടിയ വിഷയത്തിൽ സിൻഡിക്കേറ്റിന്റെ അഭിപ്രായം ആരായാതെ ഗവർണറുടെ പട്ടിക വിസി തിരക്കിട്ട് അംഗീകരിച്ചതിൽ ദുരൂഹതയുണ്ട്. താൽക്കാലിക അധ്യാപക നിയമനത്തിന് യോഗ്യതയില്ലാത്ത വിഷയവിദഗ്‌ധരെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.









0 comments