സ്‌കൂൾ മൈതാനത്തിന് സമീപത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തി

ആർപ്പൂക്കര ഗവ. എച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ടിന് സമീപം കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പൊലീസും ഫോറൻസിക് സംഘവും പരിശോധിക്കുന്നു
കോട്ടയം
പന്ത് തിരയുന്നതിനിടെ ആർപ്പൂക്കര മെഡിക്കൽ കോളേജ് സ്കൂൾ മൈതാനത്തിന് സമീപത്ത് നിന്ന് തലയോട്ടിയും അസ്ഥിയും കണ്ടെത്തി. വെള്ളി വൈകിട്ട് മൈതാനത്ത് ഫുട്‌ബോൾ കളിച്ച കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെയാണ് അസ്ഥികൾ കണ്ടെടുത്തത്. തുടർന്ന് പരിശീലകനെ അറിയിക്കുകയും ഇവർ പൊലീസിനെ വിവരം കൈമാറുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിരീകരണത്തിന് ശേഷം സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. ശനി രാവിലെയാണ് തലയോട്ടിയും അസ്ഥികളും മണ്ണിന്റെ സാമ്പിളുകളും ശേഖരിച്ചത്. കേസെടുത്തിട്ടുണ്ട്. കോട്ടയം ആർഡിയോ അനിൽകുമാർ, ഫോറൻസിക്ക് സയൻസ് ലാബ് ഉദ്യോഗസ്ഥൻ, മെഡിക്കൽ കോളജിലെ ഫോറൻസിക്ക് സർജൻ, വിരലടയാള വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി. കാൽപാദത്തിന്റെ ഭാഗങ്ങൾ കണ്ടെത്താനാകാത്തത് ദുരുഹത ഉയർത്തുന്നു. അസ്ഥികളുടെ സമീപത്ത് നിന്ന് ചെരിപ്പ്, മുണ്ട്, വെള്ളത്തിന്റെ ബോട്ടിൽ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കണ്ടെത്തിയ വസ്തുക്കൾ മെഡിക്കൽ കോളജ് ഫോറൻസിക്ക് സയൻസ് ലാബിലേക്ക് മാറ്റി. മരിച്ചയാളുടെ പ്രായം, ലിംഗം, മരണകാരണം, അസ്ഥികളുടെ കാലപ്പഴക്കം തുടങ്ങിയവ ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനാകും. കോട്ടയം ഡിവൈസ്‌പി സ്ഥലത്തെത്തി. ഗാന്ധിനഗർ എസ്എച്ച്ഒ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി.









0 comments