മഴ കനക്കും

ശനിയാഴ്ച പെയ്ത കനത്ത മഴയിൽ വഴിമധ്യേ കേടായ സ്കൂട്ടർ തള്ളി നീക്കുന്ന യാത്രക്കാരൻ. പാലായിൽ നിന്നുള്ള ദൃശ്യം
കോട്ടയം ജില്ലയിൽ മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്തമഴയാണ് ലഭിക്കുന്നത്. വിവിധയിടങ്ങളിൽ നാശമുണ്ടായി. തിങ്കളാഴ്ച വരെ മഞ്ഞ മുന്നറിയിപ്പാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ശക്തമായ മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്. അതേസമയം, ഇത്തവണ 26ഓടെ കേരളത്തിൽ തെക്ക്, പടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴയ്‌ക്കൊപ്പം മിന്നൽ പ്രഹരങ്ങളും ജില്ലയിൽ വർധിക്കുന്നതിൽ ആശങ്കയുണ്ട്. വേനൽ മഴയ്ക്കിടെ ഉണ്ടാകുന്ന ഇടിമിന്നലിനെ നിസ്സാരമായി കാണരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 414 മിന്നൽ പ്രഹരങ്ങളാണ് ജില്ലയിലുണ്ടായത്. വെള്ളിയാഴ്ച 183ഉം രേഖപ്പെടുത്തി. വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലിൽ വയലായിൽ നാലുപേർക്കാണ് പരിക്കേറ്റത്.









0 comments