തകർത്തു പെയ്‌തു; ലഭിച്ചത് അധിക മഴ

കോട്ടയം
ശക്തമായ ചൂടിലും ജില്ലയ്‌ക്ക് ആശ്വാസമായി ലഭിച്ചത് അധികമഴ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിൽ രണ്ടാമതാണ് ജില്ല. ഫെബ്രുവരിയിൽ മാത്രം 65 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. പലയിടങ്ങളിലും ശക്തമായ ഇടിയോട് കൂടിയും കുറഞ്ഞുമുള്ള മഴയും രേഖപ്പെടുത്തി. ജനുവരി മുതൽ ഫെബ്രുവരി വരെ ലഭിക്കേണ്ട ശൈത്യകാല മഴയും അധികം ലഭിച്ചു. 140 ശതമാനം അധികമഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലായി മഴ ലഭിച്ചത് ജനുവരിയിൽ 14 ദിവസവും ഫെബ്രുവരിയിൽ 15 ദിവസവുമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഒമ്പത് ദിവസവും ഫെബ്രുവരിയിൽ ഏഴു ദിവസവും മാത്രമാണ് മഴ ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഇത്തവണത്തെ ശക്തമായ മഴയ്‌ക്ക് കാരണം. ഫെബ്രുവരിയിൽ ന്യൂനമർദം രൂപപ്പെടുന്നത് അപൂർവമാണ്. രണ്ട് ന്യൂനമർദമാണ് ഉണ്ടായത്. 17നാണ് ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ആദ്യ ന്യൂനമർദം രൂപപ്പെട്ടത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രണ്ടാമത്തെ ന്യൂനമർദവും രൂപപ്പെട്ടു. ശക്തമായ മഴ ലഭിച്ചിട്ടും ജില്ലയിൽ അനുഭവപ്പെടുന്ന പകൽ ചൂടിന് മാറ്റമില്ല. പല പ്രദേശങ്ങളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. വിവിധയിടങ്ങളിൽ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങി. ജലസ്രോതസുകളിലെ വെള്ളം താഴ്ന്ന് പലതും ഉപയോഗശൂന്യമാണ്.










0 comments