മണർകാട് എട്ടുനോമ്പ് പെരുന്നാൾ 1 മുതൽ

കോട്ടയം
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാൾ സെപ്‌തംബർ ഒന്നുമുതൽ എട്ടുവരെ ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 31ന് വൈകിട്ട് സന്ധ്യാപ്രാർഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. ഒന്ന് മുതൽ 14 വരെ ദിവസവും മെത്രാപ്പോലീത്താമാരുടെ കാർമികത്വത്തിൽ കുർബാന ഉണ്ടായിരിക്കും. ഒന്നിന് വൈകിട്ട് 4.30ന് കൊടിമരം ഉയർത്തും. ആധ്യാത്മീക സംഘടനകളുടെ പൊതുസമ്മേളനം നാലിന് വൈകിട്ട് ആറിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും മൂന്നിന് വൈകിട്ട് ആറിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. റാസ 6ന് ആറിന് പകൽ രണ്ടിന് കുരിശുപള്ളികളിലേക്കുള്ള റാസയും ഏഴിന് പകൽ 11.30ന് നടതുറക്കൽ ശുശ്രൂഷയും നടക്കും. കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ കാർമികത്വം വഹിക്കും. പ്രധാന പെരുന്നാൾ ദിനമായ എട്ടിന് പകൽ രണ്ടിന് കരോട്ടെപള്ളിയിലേക്കുള്ള പ്രദക്ഷിണം, ആശീർവാദം. തുടർന്ന് നടക്കുന്ന നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും. സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. റോഡുകളുടെ അറ്റകുറ്റപ്പണി ത്വരിതഗതിയിൽ നടക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കത്തീഡ്രൽ സഹവികാരി ഫാ. ലിറ്റു തണ്ടാശേരിൽ, ട്രസ്റ്റിമാരായ സുരേഷ് കെ എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, സെക്രട്ടറി പി എ ചെറിയാൻ പാണാപറമ്പിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments