അനീതികൾക്കെതിരെ അണിചേർന്ന മത്സ്യത്തൊഴിലാളികൾ

കോട്ടയം
കായലോരങ്ങളിലും ഉൾനാടൻ ജലാശയങ്ങളിലും പണിയെടുത്ത് ജീവിച്ച മത്സ്യത്തൊഴിലാളികളുടെ ജീവിതം ഒരുകാലത്ത് കടുത്ത ചൂഷണങ്ങളുടെയും ദുരിതങ്ങളുടെയും നേർസാക്ഷ്യമായിരുന്നു. മത്സ്യത്തൊഴിലാളികളെ അണിനിരത്തി അവകാശബോധം ഉണ്ടാക്കിയെടുക്കേണ്ടത് ആ കാലഘട്ടത്തിന്റെ ആവശ്യവും. അവരെ സംഘടിപ്പിക്കാനും യൂണിയൻ രൂപീകരിച്ച് മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും കഴിഞ്ഞത് കോട്ടയത്തിന്റെ ട്രേഡ് യൂണിയൻ ചരിത്രത്തിലെ സുവർണ ഏടുകളിലൊന്നാണ്. 1982-ലാണ് കോട്ടയം ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ ഔദ്യോഗികമായി രൂപംകൊണ്ടത്. അന്നുതുടങ്ങിയ സംഘടിത മുന്നേറ്റം ജില്ലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇന്നും കരുത്തുപകരുന്നു. തൊഴിലാളികൾക്ക് വീടും വെള്ളവും വെളിച്ചവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ യൂണിയന്റെ ഇടപെടലുകൾ നിർണായകമായിരുന്നു. ചന്തകളിൽ സ്വതന്ത്രമായി മത്സ്യം വിൽക്കാൻപോലും അനുവദിക്കാത്ത കാലം. സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ ക്രൂരമായ അതിക്രമങ്ങൾക്കും അനീതികൾക്കും ഇരയാക്കിയിരുന്നു. ഉയർന്ന പണപ്പിരിവും ചൂഷണങ്ങളും ചോദ്യം ചെയ്തവർക്കു നേരെ അഴിച്ചുവിട്ട ഭീകരാന്തരീക്ഷത്തെ അതിജീവിച്ചത് സമാനതകളില്ലാത്ത സമരങ്ങളിലൂടെയാണ്. അടിച്ചമർത്തലുകൾക്ക് വിധേയമായവർക്ക് നിയമപരമായ പ്രതിരോധവും രാഷ്ട്രീയപിന്തുണയും നൽകാൻ യൂണിയന് സാധിച്ചു. ചെമ്പിലെ പാലാക്കരി ഫിഷ് ഫാം സ്വകാര്യവ്യക്തികൾ സംഘംചേർന്ന് കൈയേറിയപ്പോൾ എൺപതുകളിൽ ഇതിനെതിരെ ശക്തമായ സമരങ്ങളുണ്ടായി. കെ എസ് ഗോപാലൻ, കെ എം കുമാരൻ, ശ്രീധരൻ, ടി എ ഭാസ്കരൻ, പി കെ വേലപ്പൻ, കെ ബി രവീന്ദ്രൻ തുടങ്ങി നേതാക്കളുടെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ പോരാട്ടം സമരചരിത്രത്തിൽ ഇടംനേടി. പിന്നീട് സർക്കാർ ഫാം ഏറ്റെടുത്ത് ഇൻലാൻഡ് ഫിഷറീസ് കോർപറേഷന് കൈമാറി.ചെന്പിലെ കായൽ നികത്താനുള്ള പദ്ധതിക്കെതിരെ നടന്ന സമരങ്ങൾ വലിയ വഴിത്തിരിവായിരുന്നു. കായൽ നികത്തുന്നതിനെതിരെ തൊഴിലാളികൾ നടത്തിയ സമരത്താൽ പദ്ധതി പിൻവലിപ്പിക്കാൻ കഴിഞ്ഞു. ചെമ്പ്, കാട്ടിക്കുന്ന്, മുറിഞ്ഞപുഴ, ആമ്പല്ലൂർ, ബ്രഹ്മമംഗലം പ്രദേശങ്ങളിലെല്ലാം തൊഴിലാളികൾ സമരങ്ങളിൽ സജീവമായി അണിനിരന്നു. കെ കെ രമേശൻ, വി എം കുഞ്ഞപ്പൻ, എസ് പി കുഞ്ഞൻ, എൻ സുകുമാരൻ, പി കെ വേലായുധൻ എന്നിവർ സമരത്തിന് നേതൃത്വംനൽകി. ജില്ലയിൽ ഇന്നും യൂണിയന്റെ പ്രവർത്തനം ശക്തമാണ്. തൊഴിലാളികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ മുൻകൈയെടുക്കുന്നു. ജലമലിനീകരണത്തിനും പാരിസ്ഥിതികപ്രശ്നങ്ങൾക്കുമെതിരെ നിരന്തരം ശബ്ദമുയർത്തുന്നതിലും മാതൃകാപരമായ പങ്കാണ് യൂണിയൻ വഹിക്കുന്നത്.






0 comments