മലരിക്കൽ ആമ്പൽ ടൂറിസം
ഇനി കർഷകർക്കും വരുമാനം

കോട്ടയം
മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ നദി പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ 1,800 ഏക്കർ വരുന്ന ജെ ബ്ലോക്ക്, 850 ഏക്കർ വിസ്‌തൃതിയുള്ള തിരുവായ്ക്കരി പാടശേഖര സമിതികളും സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. സീസൺ കഴിയുന്നതോടെ കേടുപാട് സംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാനാകും. ഒരുങ്ങുന്നു പുതിയ കുതിപ്പിനായി ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതാത് പാടശേഖര സമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും. റൊട്ടേഷൻ അടിസ്ഥാനത്തിൽ വള്ളങ്ങൾ ക്രമീകരിക്കും. ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കും. വള്ളങ്ങളുടെ രജിസ്ട്രേഷനും നിർബന്ധമാക്കി. മലരിക്കൽ ടൂറിസം സോണായ പശ്ചാത്തലത്തിൽ വാഹനഗതാഗതം ക്രമീകരിക്കും. സഞ്ചാരികൾ കാഞ്ഞിരം പാലം കടന്ന് മലരിക്കൽ ജങ്ഷനിലെത്തി തിരിച്ച് പോകുന്ന വിധം പാർക്കിങ് നിർബന്ധമാക്കി. സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ ഫീസ് നൽകിയും ഉപയോഗിക്കാനാകും. പുതുതായി വീതി കൂട്ടിയ റോഡിന്റെ ഭാഗത്ത് താൽക്കാലികമായോ സ്ഥിരമായോ വ്യാപാര സ്ഥാപനങ്ങൾ അനുവദിക്കില്ല. പൊതുമരാമത്ത് വകുപ്പ് അത് നീക്കം ചെയ്യും. വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂണിഫോം ധരിക്കണമെന്നും ധാരണയായി. ആമ്പൽ ഫെസ്റ്റ് സംഘാടകരായ തിരുവാർപ്പ് പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ ചേർന്നാണ് തീരുമാനങ്ങൾ എടുത്തത്. ഡിവൈഎസ്‌പി കെ ജി അനീഷ് ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ എസ് അനീഷ് കുമാർ അധ്യക്ഷനായി. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനസംയോജന പദ്ധതി കോ ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ ആമുഖപ്രസംഗം നടത്തി. പഞ്ചായത്ത് മുൻ പ്രസിഡന്റ് അജയൻ കെ മേനോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം ബിന്നു, എസ്‌എച്ച്‌ഒ കെ ഷിജി, വി കെ ഷാജിമോൻ, ജോൺ ചാണ്ടി, ഔസേഫ് ചാക്കോ എന്നിവർ സംസാരിച്ചു.










0 comments