Deshabhimani

നീലപ്പുതപ്പണിഞ്ഞപ്പോൾ 
ഒഴുകിയെത്തിയത് ആയിരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2026, 02:21 AM | 1 min read

രാജാക്കാട്‌ പന്ത്രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം മല നീലപുതപ്പണിഞ്ഞപ്പോൾ ഒഴുകിയെത്തിയത് ആയിരങ്ങൾ. വനംവകുപ്പിന് കോടിയുടെ വരുമാനവും ലഭിച്ചു. മലഞ്ചെരിവുകളിലാകെ നീലനിറം പടർന്നു. മഞ്ഞും കാറ്റും തഴുകിയ ചൊക്രമുടി പന്ത്രണ്ടുവർഷത്തിനുശേഷം വീണ്ടും നീലക്കുറിഞ്ഞിയുടെ വസന്തം അണിഞ്ഞപ്പോൾ ആ കാഴ്ച കാണാൻ സഞ്ചാരികളുടെ വരവ് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആയിരങ്ങളായി. വാഹനങ്ങൾ മലവഴികളിൽ നിറഞ്ഞു. ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട നിര. ക്യാമറകളിൽ നിറഞ്ഞത് നീലമലയുടെ ചിത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത് ചൊക്രമുടിയുടെ കുറിഞ്ഞിക്കാഴ്ചകൾ. 8,000 കടന്നപ്പോൾ... ചൊക്രമുടി നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നതിന് പിന്നാലെ തന്നെ സഞ്ചാരികളുടെ ഒഴുക്ക് ശക്തമായി. ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 4,000ലേറെ പേർ മല കയറി. ഒരാഴ്ച പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം 8,000 കടന്നു. പിന്നീട് കുറിഞ്ഞി കൂടുതൽ വ്യാപകമായി പൂത്തതോടെ ചൊക്രമുടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും ശക്തമായി. വാരാന്ത്യങ്ങളിൽ 3,000 മുതൽ 3,500 വരെ പേർ എത്തിയ ദിവസങ്ങളുണ്ടായി. ടിക്കറ്റ് കൗണ്ടറിൽനിന്ന് ദേശീയപാതയിലേക്ക് നീളുന്ന മനുഷ്യനിര പോലും ഈ കുറിഞ്ഞിക്കാലത്തിന്റെ അപൂർവ കാഴ്ചയായി. സഞ്ചാരികളുടെ എണ്ണം ഉയർന്നപ്പോൾ വനംവകുപ്പിന്റെ വരുമാനത്തിലും അതിന്റെ പ്രതിഫലനം ഉണ്ടായി. പ്രവേശന ടിക്കറ്റ്, ക്യാമറ, വീഡിയോ ചിത്രീകരണം തുടങ്ങിയ ഇനങ്ങളിലായി ചൊക്രമുടിയിൽനിന്നുള്ള വരുമാനം ഏകദേശം ഒരു കോടി രൂപയിലെത്തി. പൂവ് തുറന്ന 
ടൂറിസം വാതിൽ ചൊക്രമുടിയുടെ കുറിഞ്ഞിക്കാലം മറ്റൊരു സാധ്യതയും മുന്നോട്ടുവയ്ക്കുന്നു. ഹൈറേഞ്ചിലെ വിനോദസഞ്ചാരം ഏതാനും പ്രധാന കേന്ദ്രങ്ങളിൽ ഒതുങ്ങേണ്ടതില്ല. ചൊക്രമുടി, രാജാക്കാട്, പൊന്മുടി, കള്ളിമാലി, നാടുകാണി, മൂന്നാർ തുടങ്ങിയ പ്രകൃതികേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു സമഗ്ര ടൂറിസം ശൃംഖല വളർത്താം. പ്രകൃതിയുടെ ഭംഗിയാണ് ഹൈറേഞ്ചിന്റെ ഏറ്റവും വലിയ സമ്പത്ത്. അത് സംരക്ഷിച്ചുകൊണ്ടുതന്നെ ടൂറിസത്തിന്റെ പുതിയ സാധ്യതകൾ തുറക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home