തൊഴിലിടങ്ങളിൽ സ്‌ത്രീസുരക്ഷ ഉറപ്പാക്കണം: മഹിളാ അസോ.

ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് പി ആർ സുഷമ പതാക ഉയർത്തുന്നു
കോട്ടയം
തൊഴിൽമേഖലയിൽ സ്‌ത്രീകൾക്ക് സമത്വവും സുരക്ഷയും ഉറപ്പാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമാനജോലിക്ക് സമാനവേതനം നൽകണം. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാനുള്ള ആഭ്യന്തരസമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. അക്രമങ്ങൾക്കെതിരായ നിയമം കാര്യക്ഷമമായി നടപ്പാക്കണം. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാഗമ്പടം റെഡ് ക്രോസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് പി ആർ സുഷമ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്‌ഘാടനം ചെയ്‌തു. പി ആർ സുഷമ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി എസ് സുജാത സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഷീജ അനിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സ്വപ്‌ന സുരേഷ് രക്തസാക്ഷി പ്രമേയവും റജീന റഫീഖ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബി ശശികുമാർ സ്വാഗതം പറഞ്ഞു. പി ആർ സുഷമ, രാജി പി ജോയി, സിന്ധു രാജീവ്, കെ സേതുലക്ഷ്മി എന്നിവരാണ് സമ്മേളനത്തിന്റെ പ്രസീഡിയം. ബിന്ദു അജിയെ ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനറായും തങ്കമണി ശശിയെ പ്രമേയ കമ്മിറ്റി കൺവീനറായും തെരഞ്ഞെടുത്തു. മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം പുഷ്‌പ ദാസ്, നേതാക്കളായ കൃഷ്‌ണകുമാരി രാജശേഖരൻ, കെ വി ബിന്ദു, രമാ മോഹൻ, തങ്കമ്മ ജോർജുകുട്ടി, കവിത റെജി എന്നിവർ പങ്കെടുത്തു. വനിതാസാഹിതിയുടെ മാണിക്കംപെണ്ണ് കലാകാരികൾ സ്വാഗതഗാനമാലപിച്ചു. വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. സമ്മേളനം ബുധനാഴ്‌ച അവസാനിക്കും.









0 comments