നേതൃത്വംനൽകാൻ ശുചിത്വമിഷൻ
ഹരിതമാകും തെരഞ്ഞെടുപ്പ്

കോട്ടയം ഫ്‌ളക്‌സുകളും പ്ലാസ്റ്റികുകളും തീർക്കുന്ന മാലിന്യ കൂമ്പാരങ്ങൾ ഇനി തെരഞ്ഞെടുപ്പ് കാഴ്ചകളിൽ ഇല്ല. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ ഹരിതതീരത്തേക്ക് നയിക്കാൻ ശുചിത്വമിഷൻ നേതൃത്വത്തിൽ കളമൊരുക്കി. പ്രചാരണ സാമഗ്രികൾ മുതൽ ഭക്ഷണ വിതരണംവരെ ഹരിതചട്ടത്തിലാക്കാനാണ് ശുചിത്വമിഷനും തദ്ദേശ സ്വയംഭരണ വകുപ്പും തയ്യാറെടുക്കുന്നത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം, ഡീഫേസ്‌മെന്റ് ടീം മുഖേനയുള്ള പരിശോധനകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരീശീലനങ്ങളും ബ്ലോക്ക്, നഗരസഭാ തലത്തിൽ ആരംഭിച്ചു. ഏകോപനത്തിന് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. പഞ്ചായത്തുകളിൽ അസി. സെക്രട്ടറിമാർക്കും ബ്ലോക്കുകളിൽ ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാർക്കും നഗരസഭയിൽ ക്ലീൻ സിറ്റി മാനേജർമാർക്കുമാണ് ചുമതല. രാഷ്ട്രീയ പാർടി നേതാക്കൾക്കും സ്ഥാനാർഥികൾക്കും ശുചിത്വമിഷൻ ഹരിതചട്ട ബോധവൽക്കരണവും നടത്തി. ഹരിത വോട്ട് വണ്ടി ഇന്നുമുതൽ ആശയ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ ‘ഹരിത വോട്ട് വണ്ടി’ യാത്ര വ്യാഴാഴ്‌ച പര്യടനം തുടങ്ങും. തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ വീഡിയോകൾ, ഹരിതചട്ട പ്രവർത്തനങ്ങൾ, നിരോധിച്ച ഉൽപ്പന്നങ്ങളെകുറിച്ചുള്ള വിവരണം, തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകത, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവ സംബന്ധിച്ച വിവരം ജനങ്ങളിലെത്തിക്കും. കലക്ടർ ചേതൻകുമാർ മീണ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലയിലാകെ പര്യടനം നടത്തും.









0 comments