"എടാ എൽദോ നിന്നെ സിനിമയിലെടുത്തു’....

മാന്നാർ മത്തായി സ്‌പീക്കിങ് സിനിമയിലെ സീനിൽ റെജി ജോൺ
കോട്ടയം
ചുങ്കത്തും പരിസരത്തും ലോട്ടറി വിൽക്കുന്ന റെജിയെ അറിയാത്തവർ ചുരുക്കം. നീളമുള്ള താടിയും മീശയും വളർത്തി ചായക്കടയുടെ വരാന്തയിലാണ് ജീവിക്കാനായി റെജി ലോട്ടറി വിൽപനക്കാരന്റെ വേഷമണിഞ്ഞത്. സാറേ എന്ന് വിളിച്ചു കുശലം പറഞ്ഞ ആ സിനിമാ– നാടക നടൻ വിടപറയുമ്പോൾ ഓർമകൾ ബാക്കി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മാന്നാർ മത്തായി സ്പീക്കിങ്ങിലെ വേഷമാണ് ശ്രദ്ധേയം. സിനിമയിലെ ഒരു സീനിൽ ഹരിശ്രീ അശോകന്റെ സമീപത്ത് കറുത്ത ടീ ഷർട്ട് ഇട്ടു നിൽക്കുന്നത് റെജിയായിരുന്നു. "എടാ എൽദോ നിന്നെ സിനിമയിലെടുത്തു' എന്ന് ജനാർദനൻ പറയുന്ന ഡയലോഗ് കേട്ട് ഓടി വരുന്നവർക്കൊപ്പമുള്ളതായിരുന്നു ആ സീൻ. ജയരാജിന്റെ എട്ട് സിനിമയിലും റെജി അഭിനയിച്ചിട്ടുണ്ട്. ജയരാജ് –- സുരേഷ് ഗോപി ടീമിന്റെ റിലീസാകാൻ പോകുന്ന പെരുങ്കളിയാട്ടമാണ് ഇദ്ദേഹം അഭിനയിച്ച അവസാന സിനിമ. സന്താനഗോപാലം, കർമ, ബ്രിട്ടീഷ് മാർക്കറ്റ് എന്നീ സിനിമകളിലും അഭിനയിച്ചു. ദൂത് വിഷൻ നാടക കമ്പനിയുടെ സ്വപ്ന ഗോപുരം, നക്ഷത്രം സാക്ഷി, അവൻ ദൈവപുത്രൻ എന്നീ നാടകങ്ങളിലും നിരവധി പ്രൊഫഷണൽ നാടക കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം.











0 comments