സ്ഥാനാർഥികൾ പൊതുപര്യടനത്തിലേക്ക്
പ്രചാരണക്കുതിപ്പിൽ എൽഡിഎഫ്

കോട്ടയം
നാമനിർദേശ പത്രികാസമർപ്പണം പൂർത്തിയായതോടെ ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ പൊതുപര്യടനത്തിലേക്ക്. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥികളുടെ പര്യടനം 27ന് തുടങ്ങും. ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിൽ 28 മുതലാണ് പര്യടനം. വൈക്കത്ത് എപ്രിൽ ഒന്നിന് പര്യടനം ആരംഭിക്കും. എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ എല്ലാവരും കളം നിറഞ്ഞിരുന്നു. തർക്കം കാരണം വൈകിയെത്തിയ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ആദ്യലാപ് തുടങ്ങിയതേയുള്ളൂ. സ്ഥാപനങ്ങൾ സന്ദർശിച്ച് വിവിധ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥികൾ പലവട്ടം വിവിധ കേന്ദ്രങ്ങളിലെത്തി. നാടിനാകെ സുപരിചിതരായ സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ്. എൽഡിഎഫ് ഒന്പത് മണ്ഡലങ്ങളിലും കൺവൻഷൻ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്ന് പ്രചാരണം ശക്തമാക്കി. പഞ്ചായത്ത്, ബൂത്ത് കൺവൻഷനുകൾ നടക്കുന്നു. എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച ജില്ലയിലെത്തും. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ സംസാരിക്കും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി എപ്രിൽ നാലിനും പൊളിറ്റ് ബ്യൂറോ അംഗം വിജു വി കൃഷ്‌ണൻ 29നും മുതിർന്നനേതാവ് പ്രകാശ് കാരാട്ട് എപ്രിൽ ഒന്നിനും ജില്ലയിൽ പൊതുയോഗങ്ങളിൽ സംസാരിക്കും.









0 comments