ad
Deshabhimani

കോട്ടയത്തിന്റെ ഹൃദയത്തുടിപ്പ്‌

ldf

കോട്ടയം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ നിർമിതി നഗറിൽ എത്തിയപ്പോൾ സ്വീകരിക്കുന്ന ഭാനുമതി ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Mar 29, 2026, 01:17 AM | 1 min read

കോട്ടയം

‘78 വയസ്സായി. പെൻഷൻ കൃത്യമായി കിട്ടുന്നുണ്ട്‌. റേഷൻ കടയിൽ അരിയും സാധനങ്ങളുമുണ്ട്‌. ആശുപത്രിയിൽ പോയാ മരുന്നുണ്ട്‌. കോൺഗ്രസ്‌ വന്നാ ഇതൊന്നും കിട്ടുമെന്ന്‌ ഒരൊറപ്പുമില്ല. അതുകൊണ്ട്‌ ഇ‍ൗ സർക്കാർ തുടരണം’ –ചുങ്കം സ്വദേശിനി സരോജിനി അമ്മയുടെ വാക്കുകളിൽ ഇ‍ൗ സർക്കാർ ഇനിയും തുടരണമെന്ന പ്രതീക്ഷയുടെ തിളക്കം. കോട്ടയത്തെ എൽഡിഎഫ്‌ സ്ഥാനാർഥി കെ അനിൽകുമാറിനെ വരവേൽക്കാനായി ചുങ്കം കവലയിൽ എത്തിയതാണ്‌ സരോജിനി അമ്മ. ‘ഗൃഹസന്ദർശനത്തിന്റെ ഭാഗമായി സ്ഥാനാർഥി വീട്ടിൽ വന്നിരുന്നു. കോട്ടയത്ത്‌ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞു. എന്തുസഹായത്തിനും വിളിച്ചാൽ വിളിപ്പുറത്ത്‌ ഉണ്ടാകുമെന്ന്‌ പറഞ്ഞു. അതിൽ കൂടുതൽ എന്തുറപ്പാ വേണ്ടേ. കോട്ടയത്ത്‌ അനിൽകുമാർ ജയിക്കണം’. –സരോജിനി അമ്മ പറഞ്ഞു. ശനി രാവിലെ നാഗന്പടത്തുനിന്നായിരുന്നു കെ അനിൽകുമാറിന്റെ പൊതുപര്യടന തുടക്കം. ശിവഗിരി തീർഥാടനത്തിന്‌ ശ്രീനാരായണ ഗുരു അനുമതി നൽകി ചരിത്രപ്രസിദ്ധമായ നാഗന്പടം മഹാദേവ ക്ഷേത്രത്തിന്റെ വിളപ്പാടകലെനിന്നായിരുന്നു പൊതുപര്യടനത്തുടക്കം. പൂച്ചെണ്ടുകളും കണിക്കൊന്ന പൂക്കളുമായി നിരവധിപേർ സ്ഥാനാർഥിയെ വരവേൽക്കാനെത്തിയിരുന്നു. ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും സ്‌ത്രീകളും കുട്ടികളുമെല്ലാം സ്ഥാനാർഥിയെ വരവേറ്റു. പര്യടനം വെയർഹ‍ൗസ്‌ ജങ്‌ഷനിലെത്തിയപ്പോൾ തൊഴിലാളികൾ പഴക്കുലയുമായി സ്ഥാനാർഥിയെ വരവേറ്റു. വാരിശേരി –മുതലക്കോണം റോഡ്‌ നന്നാക്കണമെന്നാവശ്യപ്പെട്ട്‌ പര്യടനത്തിനിടെ പ്രദേശവാസികൾ സ്ഥാനാർഥിക്ക്‌ നിവേദനവും നൽകി. ഓരോ സ്വീകരണ കേന്ദ്രത്തിലും ആവേശം നിറഞ്ഞ സ്വീകരണമാണ്‌ ലഭിച്ചത്‌. ​ലളിതമായ വാക്കുകളിൽ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം സ്ഥാനാർഥി വിശദീകരിച്ചു. ‘കഴിഞ്ഞ 15 വർഷത്തിനിടെ ഇവിടെ പേരെടുത്ത്‌ പറയാവുന്ന എന്ത്‌ വികസനമാണ്‌ നടന്നത്‌. ഇനി അടുത്ത പത്ത്‌ കൊല്ലം എന്ത്‌ നടപ്പാക്കുമെന്നാണ്‌ എംഎൽഎ പറയുന്നത്‌. കോട്ടയത്തിന്‌ ഇങ്ങനെപോയാൽ മതിയോ.. കേരളം മാറുന്പോൾ കോട്ടയവും മാറണ്ടേ’... മണ്ഡലത്തിൽ താമസിക്കുന്ന ഏതൊരു മനുഷ്യന്റെയും ഉള്ളിൽ തട്ടുന്ന ചോദ്യങ്ങൾ തന്നെയാണ്‌ അനിൽകുമാർ ജനങ്ങളോട്‌ ചോദിക്കുന്നത്‌. ‘48 വർഷമായി പൊതുരംഗത്ത്‌. ഇതുവരെ ഒരു കളങ്കവും വരുത്തിയിട്ടില്ല. നാടിനുവേണ്ടി അക്ഷീണം പ്രവർത്തിക്കു’മെന്നതാണ്‌ ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. നാഗന്പടത്തുനിന്നാരംഭിച്ച പര്യടനം വൈകിട്ട്‌ മാലിയിൽ സമാപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ്‌ കുമാറാണ്‌ പര്യടനം ഉദ്‌ഘാടനം ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home