ജില്ലയിൽ 80,754 അംഗങ്ങൾ

കോട്ടയം
കുടുംബശ്രീ പ്രവർത്തകർക്കായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജീവൻ ദീപം ഒരുമ ഇൻഷുറൻസ് പദ്ധതിയിൽ ജില്ലയിൽ 80,754 പേർ അംഗങ്ങളായി. ഗ്രാമ സിഡിഎസുകളിൽ എരുമേലി സിഡിഎസിലാണ് കൂടുതൽ പേർ പോളിസി എടുത്തിട്ടുള്ളത്. 2,773 അംഗങ്ങളാണുള്ളത്. നഗര സിഡിഎസുകളിൽ 3,414 അംഗങ്ങളുമായി കോട്ടയം സൗത്ത് നഗരസഭയുമാണ് മുന്നിൽ. കുടുംബശ്രീ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, സംസ്ഥാന ഇൻഷുറൻസ് വകുപ്പ് എന്നിവ ചേർന്നാണ് പദ്ധതി ആരംഭിച്ചത്. അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് വായ്പയെടുത്ത ശേഷം ഇതിൽ ഏതെങ്കിലും അംഗം മരണപ്പെട്ടാൽ, ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ പദ്ധതിയിലൂടെ സാധിക്കും. ലഭ്യമാകുന്ന ഇൻഷുറൻസ് തുകയിൽനിന്നും മരിച്ച ആളുടെ പേരിലുള്ള വായ്പത്തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കുകയും ബാക്കി തുക അവകാശിക്ക് ലഭിക്കുകയും ചെയ്യും. 200 രൂപ വാർഷിക പ്രീമിയം നിരക്കിൽ 18 മുതൽ 74 വയസ്സ് വരെയുള്ള അയൽക്കൂട്ട അംഗങ്ങൾക്ക് പദ്ധതിയുടെ ഭാഗമാകാം. 18 നും 50 നും ഇടയിൽ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിച്ചാൽ അവകാശിക്ക് രണ്ടുലക്ഷം രൂപ ലഭിക്കും. 51-–60 പ്രായമുള്ളവർക്ക് 80,000 രൂപയും 61-–70 പ്രായമുള്ളവർക്ക് 30,000 രൂപയും 71–-74 പ്രായമുള്ളവർക്ക് 25,000 രൂപയുമാണ് ലഭിക്കുക. പോളിസി ഉടമയ്ക്ക് അപകടമരണമാണ് സംഭവിക്കുന്നതെങ്കിൽ ഈ തുകകൾക്ക് പുറമെ അപകട ആനുകൂല്യമായി 30,000 രൂപ കൂടി അധികമായി ലഭിക്കും. സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സൺമാരായ ബീമ മിത്രമാർ വഴിയാണ് പുതിയ അംഗങ്ങളെ ചേർക്കുന്നതും പ്രീമിയം സമാഹരിക്കുന്നതും.










0 comments