ad
Deshabhimani

നാടിന് ഇനിയും 
വാസവനെ വേണം

ldf

ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് നാരകത്തറയിൽ നൽകിയ സ്വീകരണം ഫോട്ടോ: മനു വിശ്വനാഥ്

വെബ് ഡെസ്ക്

Published on Mar 29, 2026, 01:10 AM | 1 min read

കുമരകം

"ഈ ചൂളഭാഗം റോഡ് മുതൽ പുത്തൻറോഡ് വരെ പൊട്ടിപ്പൊളിഞ്ഞ് കിടന്ന കാലമുണ്ടായിരുന്നു. മഴക്കാലത്ത് ഞങ്ങളുടെ കുട്ടികൾ നീന്തിയാണ് സ്കൂളിൽ പോയിരുന്നത്. ബൈക്കുകൾ വീഴുന്നത് പതിവായിരുന്നു. ഇന്ന് അതെല്ലാം മാറി."സ്രാമ്പിച്ചിറ ഉഷമ്മ രാജുവും നികർത്തിൽ ബീന സുധനും പറഞ്ഞു. അതൊക്കെ പഴയ കഥയായി. 1.4 കോടി രൂപയ്‌ക്ക് റോഡ് ഉന്നതനിലവാരത്തിൽ പുതുക്കിപ്പണിതു. "അതിന് നന്ദി പറയാൻകൂടിയാണ് ഞങ്ങൾ വന്നത്." ചോതൻതറ അജിത രാജീവനും വെട്ടിപ്പറമ്പ് ഗിരിജമ്മയും പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് കുമരകം ചൂളഭാഗത്ത് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയതാണിവർ. ഏറ്റുമാനൂർ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് പടിഞ്ഞാറൻ മേഖല സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി. തുറന്ന വാഹനത്തിലുള്ള പൊതുപര്യടനം ആരംഭിച്ച മഞ്ചാടിക്കരിയിൽ വന്നവർക്ക്, വാസവൻ മുൻകൈയെടുത്ത് നടപ്പാക്കിയ ചീപ്പുങ്കൽ - മണിയാപറമ്പ് റോഡിന്റെയും കൈപ്പുഴമുട്ട് - മാലിച്ചിറ റോഡിന്റെയും വിശേഷങ്ങളാണ് പറയാനുണ്ടായിരുന്നത്. വിരിപ്പുകാലയിൽ സ്വീകരിക്കാനെത്തിയ ഹൗസ് ബോട്ട് ഓപ്പറേറ്റർ ബാബു ഉഷസിന് ടൂറിസം വിശേഷങ്ങളാണ് പറയാനുണ്ടായിരുന്നത്. പുതിയ ഹൗസ് ബോട്ട് ടെർമിനൽ വന്നു, വലിയമടക്കുഴി വാട്ടർ തീം പാർക്ക് വന്നു. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലായിരുന്നു ശനിയാഴ്ചത്തെ പ്രധാന പര്യടനം. ഓരോ സ്ഥലത്തും എത്തുമ്പോൾ തൊഴിലാളികളും സ്ത്രീകളുമെല്ലാം നിറയെയുണ്ടാകും. സ്ഥാനാർഥിക്ക് പറയാൻ, താൻ നടപ്പാക്കിയ വികസനമുണ്ടാകും. കുറഞ്ഞ വാക്കുകളിലാണ് സ്ഥാനാർഥിയുടെ പ്രസംഗം. 4,200 കോടി രൂപയുടെ വികസനത്തിന്റെ ആത്മവിശ്വാസം ആ വാക്കുകളിലുണ്ട്. കൈയിലെ മൊബൈലിൽ കിട്ടുന്ന ക്യുആർ കോഡിൽ അതിന്റെ വിശദവിവരം കിട്ടുമെന്ന് സ്ഥാനാർഥി വോട്ടർമാരെ ഓർമിപ്പിച്ചു. മെഡിക്കൽ കോളേജിൽ 1,200 കോടിയുടെ വികസനം നടത്തി. ഗതാഗതക്കുരുക്ക് ഒഴിഞ്ഞ അതിരമ്പുഴ ജങ്ഷൻ, കാരിത്താസ് മേൽപാലം, കോണത്താറ്റ് പാലം എന്നിവ കാലങ്ങളായി കാത്തിരുന്ന പദ്ധതികളായിരുന്നു. ലൈഫ് പദ്ധതിയിൽ 595 വീടുകൾ നിർമിച്ചുനൽകി. പൊതുമരാമത്ത് റോഡുകളെല്ലാം ബിഎം-ബിസി നിലവാരത്തിലാക്കി. രാവിലെ മഞ്ചാടിക്കരിയിൽ തുടങ്ങിയ പൊതുപര്യടനം സിപിഐ സംസ്ഥാന എക്സിക്യൂട്ടിവംഗം വി ബി ബിനുവാണ് ഉദ്ഘാടനം ചെയ്തത്. സ്വീകരണമൊരുക്കാൻ വേനൽചൂടിനെ അവഗണിച്ചും ജനം കാത്തുനിന്നു. കൊന്നപ്പൂവും വാഴക്കുലയുമടക്കം സ്നേഹസമ്മാനങ്ങളും അവർ നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home