കാഞ്ഞിരപ്പള്ളിക്ക് വികസനം തുടരണം

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ ജയരാജിന് കങ്ങഴ പഞ്ചായത്തിൽ നൽകിയ സ്വീകരണം
പൊന്‍കുന്നം
വികസനത്തോടൊപ്പം ജനകീയമായ ഇടപെടലും ചേർന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എൻ ജയരാജ് നാടിന് പ്രിയങ്കരനായത്. വോട്ടർമാരുടെ മനസ്സിൽ പതിഞ്ഞ പേരാണ് എൻ ജയരാജ്. ഓരോ വോട്ടർക്കും സുപരിചിതൻ. വാഴൂർ എസ്‌വിആർ എൻഎസ്എസ് കോളേജിലെ അധ്യാപകനെന്ന നിലയിൽ എല്ലാവർക്കും പ്രിയപ്പെട്ട ഗുരുനാഥനും. ആ സ്‌നേഹവും ആദരവുമാണ് സ്ഥാനാർഥിയുടെ പൊതുപര്യടനത്തിലും കാണുന്നത്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് വോട്ടർമാർ ഇദ്ദേഹത്തെ സ്വീകരിക്കുന്നത്. 2006 മുതൽ കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിക്കുന്നു. 2016 ശേഷം 400 കോടിയുടെ റോഡ് നവീകരണം നടന്നു. 10 വര്‍ഷം കൊണ്ട് സമഗ്രമേഖലയെയും ഉള്‍പ്പെടുത്തി 2,273 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ നടത്തി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പുതിയ കെട്ടിടമായി. കാത്ത് ലാബ് ഉള്‍പ്പെടെ 37 കോടിയോളം രൂപയുടെ വികസനം നടത്തി. 10 കോടി രൂപയുടെ പുതിയ അനക്‌സ് കോംപ്ലക്‌സിനുള്ള പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കുന്നുംഭാഗം സ്പോർട്സ് സ്കൂൾ, കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചിറക്കൽപാറക്കടവ് പാലം, മണിമലയാറിന് കുറുകെ നിർമിക്കുന്ന ചെറുവള്ളി പാലം, കാഞ്ഞിരപ്പള്ളി ബൈപ്പാസ്, കറുകച്ചാല്‍ ബൈപ്പാസ്, കുളത്തൂര്‍മൂഴി ലിങ്ക് റോഡ്, കങ്ങഴയിൽ ഉയരുന്ന സാംസ്‌കാരിക സമുച്ചയം, കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം, കരിമ്പുകയം ചെക്ക് ഡാം ടൂറിസം പദ്ധതി, പുറപ്പാട് വിദ്യാഭ്യാസ പദ്ധതി, എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്നിവയെല്ലാം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളാണ്. ഇതിന് കിഫ്ബി കരുത്തുപകർന്നു. കെപിസിസി വക്താവ് പ്രൊഫ. റോണി കെ ബേബിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. സ്ഥാനാർഥി നിര്‍ണയത്തിലെ അസ്വാരസ്യം യുഡിഎഫിനും എൻഡിഎയ്‌ക്കും തലവേദനയായിരുന്നു. ആദ്യം പരിഗണിച്ച നാട്ടകം സുരേഷിനെയും കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കനെയും തഴഞ്ഞ് പുതിയ സ്ഥാനാര്‍ഥിയെ ഇറക്കിയതിന്റെ അസ്വാരസ്യം യുഡിഎഫിൽ ഒരു വിഭാഗത്തിനുണ്ട്. എ, ഐ ഗ്രൂപ്പുകളുടെ പോരും യുഡിഎഫിനെ പിന്നോട്ടടിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോൾ, ജോർജ് കുര്യന് ഇരുപതിനായിരം വോട്ട് പോലും ലഭിക്കില്ലെന്നായിരുന്നു ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു പ്രതികരിച്ചത്.










0 comments