ഇക്കുറിയും ഓണംതൂക്കി കുടുംബശ്രീ

ചെമ്പ് സിഡിഎസിലെ ഓണം വിപണനമേള
കോട്ടയം ഓണനിലാവും പൂവിളികളും ഉണരുമ്പോൾ ആഘോഷത്തിന്റെ പുതുവസന്തം തീർക്കാൻ മുൻപന്തിയിലുണ്ട് കുടുംബശ്രീ. വിലക്കയറ്റത്തിന്റെ വിപണിയിൽ സാധാരണക്കാരന് ആശ്വാസമായി വിഷരഹിത ജൈവ പച്ചക്കറികളും നാടൻ പൂക്കളും വിരൽത്തുമ്പിൽ വീട്ടുപടിക്കൽ എത്തുന്ന വിഭവസമൃദ്ധ ഓണസദ്യയുമൊക്കെയായി ഇത്തവണത്തെ ഓണം പൂർണമായും കുടുംബശ്രീ മയമാണ്. ഇലയറിഞ്ഞ് വിളമ്പാൻ സൂപ്പർ സദ്യ തൂശനിലയും രണ്ടിനം പായസവും ഉൾപ്പെടെ 26 കൂട്ടം വിഭവങ്ങളുമായി മികച്ച സദ്യയാണ് കുടുംബശ്രീ ഒരുക്കുന്നത്. ജില്ലയിൽ എവിടെനിന്ന് വേണമെങ്കിലും സദ്യക്കായി ഓർഡർ ചെയ്യാം. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 11 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കോൾ സെന്ററുകളുണ്ട്. കോൾ സെന്ററുകളുടെ പ്രവർത്തനം എംഇസി(മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ്) ഗ്രൂപ്പുകളുടെ മേൽനോട്ടത്തിലാണ്. 20 മുതൽ ഓർഡറുകൾ സ്വീകരിക്കും. മൂന്നുദിവസം മുമ്പ് ബുക്ക് ചെയ്യണം. ഇതിനകം ഓർഡറുകൾ ലഭിച്ചു. പൊലിമയോടെ പൂകൃഷി അയൽ സംസ്ഥാന പൂക്കളെ ആശ്രയിക്കാതെ ജില്ലയിലെ 125 ഏക്കറിൽ 90 കാർഷിക ഗ്രൂപ്പുകൾ ചേർന്ന് കൃഷി ചെയ്ത ‘നിറപ്പൊലിമ' പൂക്കളാണ് ഇത്തവണ പൂക്കളത്തിന് മാറ്റ് കൂട്ടുന്നത്. ഞായറാഴ്ച വരെ 2022 കിലോ പൂക്കളാണ് വിറ്റഴിച്ചത്. ഓൺലൈനിൽ ഓണക്കിറ്റ് സിഡിഎസുകൾ വഴി ഓണക്കിറ്റുകളും തയ്യാറാക്കി വിപണിയിൽ എത്തിക്കുന്നുണ്ട്. 350 മുതൽ 750 രൂപവരെയാണ് വില. പോക്കറ്റ് മാർട്ട് ആപ്പ് മുഖേനയാണ് ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുക. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് ഓൺലൈൻ വിപണിയിലൂടെ സജീവമായി നിൽക്കുന്നത്.










0 comments