വിടാതെ പകർച്ചവ്യാധികൾ

സ്വന്തം ലേഖിക
Published on May 06, 2026, 01:34 AM | 1 min read
കോട്ടയം
ജില്ലയിൽ പകർച്ചവ്യാധികൾ കൂടുന്നു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്‌സ്, വയറിളക്കം തുടങ്ങിയ രോഗങ്ങളിലാണ് വലിയ വർധന. മഞ്ഞപ്പിത്തമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 78 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 11 പേർക്ക് എലിപ്പനിയും 16 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജലക്ഷാമമുള്ളതിനാൽ കുടിവെള്ളത്തിൽ അണുബാധയുടെ തോത് കൂടുന്നതിനാലാണ് മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ കൂടുന്നത്. മഞ്ഞപ്പിത്തം തടയാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം. ചൂടിൽ ചിക്കൻപോക്‌സ് പോലുള്ള അസുഖങ്ങളും പകരുന്നുണ്ട്. ഏപ്രിലിൽ 89 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. എലിപ്പനി വരാൻ സാധ്യതയുള്ള ജലത്തിലോ നനഞ്ഞ മണ്ണിലോ ജോലി ചെയ്യുന്നവർ ഉറപ്പായും ഡോക്‌സിസൈക്ലിൻ പ്രതിരോധ മരുന്നായി കഴിക്കണം. സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുൻ കരുതൽ എടുക്കാത്തതും രോഗപ്പകർച്ച കൂടാൻ ഇടയാക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങളുടെ ജാഗ്രതയ്‌ക്കായി ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇടവിട്ട് വേനൽമഴയുള്ളതിനാൽ വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം. കൊതുകുണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് കേസെടുക്കും. 10,000 രൂപ വരെ പിഴ ലഭിക്കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.









0 comments