മീനച്ചിലിലെ ഗ്രാമവണ്ടിക്ക് ബ്രേക്കിട്ട് പഞ്ചായത്ത്

പാലാ
യാത്രാസൗകര്യങ്ങൾ കുറഞ്ഞ മീനച്ചിൽ പഞ്ചായത്തിലെ ജനങ്ങളെ പെരുവഴിയിലാക്കി കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് നിർത്തലാക്കി യുഡിഎഫ് ഭരണ സമിതി. ഗ്രാമീണ മേഖലകളിലെ സാധാരണക്കാർക്കും കെഎസ്ആർടിസിക്കും ആശ്വാസമായി മൂന്ന് വർഷമായി തുടർന്നുവന്ന ഗ്രാമവണ്ടി സർവീസ് പഞ്ചായത്തിന് തനത് ഫണ്ടില്ലെന്ന് പറഞ്ഞാണ് മെയ് 30 മുതൽ നിർത്തിയത്. നാലു മാസം സർവീസ് നടത്തിയതിന്റെ പണം കെഎസ്ആർടിസിക്ക് നൽകാതെ കുടിശ്ശിഖയാക്കിയാണ് പഞ്ചായത്തിന്റെ ജനവിരുദ്ധ നടപടി. ജില്ലയിലെ ഏക ഗ്രാമവണ്ടി സർവീസായിരുന്നു മീനച്ചിലിലേത്. മുൻ എൽഡിഎഫ് ഭരണസമിതിയാണ് 2023 മുതൽ ഗ്രാമവണ്ടി സർവീസ് ആരംഭിച്ചത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് വർഷംതോറും 12 ലക്ഷം രൂപ വകയിരുത്തിയാണ് കെഎസ്ആർടിസിയുമായി സഹകരിച്ച് സർവീസ് നടത്തിയത്. ഓരോ മാസത്തെയും തുക കെഎസ്ആർടിസിയിൽ മുൻകൂർ നൽകിയായിരുന്നു സർവീസ്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന പെരുമാറ്റ ചട്ടത്തിന്റെ പേര് പറഞ്ഞ് കഴിഞ്ഞ ജനുവരി മുതൽ പുതിയ യുഡിഎഫ് ഭരണസമിതി കെഎസ്ആർടിസിക്ക് നൽകേണ്ട തുക മുടക്കി. ഇതേ തുടർന്നാണ് കെഎസ്ആർടിസി സർവീസ് നിർത്താൻ നിർബന്ധിതമായത്. ഗ്രാമീണർക്ക് വീട്ടാവശ്യങ്ങൾക്കും മറ്റുമായുള്ള യാത്രാച്ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും പഞ്ചായത്ത് ഗ്രാമവണ്ടി സർവീസ് ഏറെ ആശ്വാസമായിരുന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ നടത്തിയിരുന്ന സർവീസ് നിർത്തിയതോടെ പൊതുയാത്രാ സൗകര്യം ഇല്ലാത്ത ചാത്തൻകുളം, വിളക്കുമാടം, കിഴപറയാർ, പൂവത്തോട്, പാലാക്കാട്, ഇടമറ്റം പ്രദേശങ്ങളിലെ ഗ്രാമീണ ജനങ്ങൾ യാത്രാദുരിതത്തിലായി. വിവിധ ആവശ്യങ്ങൾക്കായി പുറത്ത് പോകണമെങ്കിൽ പൊതുഗതാഗത സൗകര്യമുള്ള ഇടങ്ങളിലേയ്ക്ക് എത്താൻ ഓട്ടോക്കൂലിയായി 80 മുതൽ 200 രൂപ വരെ ചെലവാക്കേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ നടക്കണം. കിഴപറയാർ, പൈക ആശുപത്രികളിലേക്കും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത്, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലേക്കും പോകുന്നവർക്കും ഏറെ ആശ്വാസമായിരുന്നു ഗ്രാമവണ്ടി.









0 comments