കോട്ടയം മെഡിക്കൽ കോളേജ്
ജീവന്റെ തുടിപ്പായി

കോട്ടയം മെഡിക്കൽ കോളേജ്
സ്വന്തം ലേഖിക
Published on Oct 25, 2025, 12:53 AM | 1 min read
കോട്ടയം
പ്രതീക്ഷയറ്റ മനുഷ്യർക്ക് മുന്നിൽ ജീവന്റെ തുടിപ്പായി അതീജീവനത്തിന്റെ പുതുചരിത്രം കുറിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ഇവിടെ നടക്കുന്ന ഓരോ ശാസ്‌ത്രക്രിയയും അവയവ മാറ്റവും ഒരു മനുഷ്യന്റെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും പ്രതീക്ഷകളുടെ ഉയർത്തെഴുന്നേൽപ്പാണ്. അത്ഭുതങ്ങൾ സൃഷ്ടിച്ച് ചരിത്രം തിരുത്തിക്കുറിക്കുമ്പോൾ പൊതുജനാരോഗ്യ രംഗത്തെ കരുത്തിന്റെ നേർചിത്രമാകുന്നു കോട്ടയം മെഡിക്കൽ കോളേജ്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ കരൾ മാറ്റിവയ്‌ക്കലിനും ഹൃദയം മാറ്റിവയ്‌ക്കലിനും വേദിയായ കോട്ടയം മെഡിക്കൽ കോളേജ് രാജ്യത്തിനുമുന്നിൽ തിളക്കമാർന്ന അധ്യായം കുറിക്കുന്നു. സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെ ആശുപത്രിയാണിത്. ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ മൂന്ന് സുപ്രധാന അവയവങ്ങൾ മാറ്റിവക്കുന്ന ആദ്യത്തെ സ്ഥാപനമായും മാറി. മരണാനന്തര അവയവദാനം സാധ്യമാക്കാൻ 2012 ലാണ് സംസ്ഥാനത്ത് മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചത്. 2012 ഡിസംബറിൽ ഇവിടെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നു. തുടർന്ന് 2015 സെപ്‌തംബർ 14ന് രാജ്യത്തെ സർക്കാർ മേഖലയിൽ ആദ്യത്തെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 2021ൽ ആദ്യത്തെ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയും നടന്നു. ഇതുവരെ 11 ഹൃദയംമാറ്റിവയ്‌ക്കൽ, 250 വൃക്ക മാറ്റിവയ്‌ക്കൽ, ഏഴ് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയും 600ൽ അധികം നേത്രപടലം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയും നടന്നു. ബുധനാഴ്ചത്തെ ശസ്‌ത്രക്രിയ കഴിഞ്ഞതോടെ മൂന്ന് സുപ്രധാന അവയവങ്ങൾ വിജയകരമായി മാറ്റിവച്ച രാജ്യത്തെ ആദ്യ സർക്കാർ ആശുപത്രിയെന്ന നേട്ടവും സ്വന്തമാക്കി.










0 comments