വർഗീയതയെ ഉൗട്ടിവളർത്തുന്നത് ധനമൂലധന ശക്തികൾ: പ്രൊഫ. സി രവീന്ദ്രനാഥ്

ടി കെ സ്മാരക പഠനകേന്ദ്രം പി കൃഷ്ണപിള്ള ഹാളിൽ നടത്തിയ സെമിനാറിൽ പ്രൊഫ. സി രവീന്ദ്രനാഥ് എംഎൽഎ പ്രഭാഷണം നടത്തുന്നു
കോട്ടയം ഇന്ത്യയിൽ വർഗീയതയെ ഉൗട്ടിവളർത്തുന്നത് ധനമൂലധന ശക്തികളാണെന്നത് തിരിച്ചറിയണമെന്ന് പ്രൊ-ഫ. സി രവീന്ദ്രനാഥ് എംഎൽഎ. കോട്ടയം ടി കെ സ്‌മാരക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കോർപറേറ്റ് ഹിന്ദുത്വയുടെ അധിനിവേശ വഴികൾ ’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടം വർഗീയതക്കെതിരായ പോരാട്ടം കൂടിയാണ്. ധനമൂലധനമാണ് അധ്വാനിക്കുന്ന മനുഷ്യന്റെ വലിയ ശത്രു. ഉൽപ്പാദന മേഖലയ്‌ക്ക് പകരം ഓഹരി വിപണിയിലും റിയൽ എസ്‌റ്റേറ്റിലുമാണ് ധനമൂലധനം ചുവടുറപ്പിക്കുക. സർക്കാരുകളുടെ പിൻമാറ്റമാണ് ധനമൂലധനത്തിന് വേണ്ടത്. ധനമൂലധനത്തെ ചെറുക്കാനാണ് കഴിഞ്ഞ പത്ത് വർഷം എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. കിഫ്‌ബി ആയിരുന്നു ഇതിനുള്ള പ്രധാന ആയുധം. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റിയതും ഇതിന്റെ ഭാഗമാണ്. നവലിബറൽ നയത്തിൽ ഊന്നിയുള്ള വി ഡി സതീശൻ സർക്കാരിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തണം. വിവിധ മേഖലകളിലെ സർക്കാരിന്റെ പിൻമാറ്റവും പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന തീരുമാനങ്ങളും നവലിബറൽ നയങ്ങൾ നടപ്പാക്കാനാണ്. ഭൂപരിഷ്‌കരണത്തിൽ മാറ്റം കൊണ്ടുവരുന്നത് സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ്. സ്വകാര്യവൽക്കരണത്തോടുചേർന്ന ഭൂപരിഷ്‌കരണം ഫ്യൂഡൽ യുക്തിയിലേക്ക് സമൂഹത്തെ കൊണ്ടുപോകും. കിഫ്ബിയെ ദുർബലമാക്കുന്നതിലൂടെ ധനമൂലധനത്തെ പ്രതിരോധിക്കാൻ കഴിയാതാകുമെന്നും അദ്ദേഹം പറഞ്ഞു. പി കൃഷ്ണപിള്ള ഹാളിൽ നടന്ന ചടങ്ങിൽ ടി കെ പഠന കേന്ദ്രം ചെയർമാൻ ടി ആർ രഘുനാഥൻ അധ്യക്ഷനായി. ഡയറക്‌ടർ കെ അനിൽകുമാർ, സെക്രട്ടറി എം വി കോര എന്നിവർ സംസാരിച്ചു.











0 comments