പഴയപാലം അപകടാവസ്ഥയിൽ
കോടിമതയിലെ ചെരിഞ്ഞ അത്‌ഭുതം

കോടിമത പഴയ പാലത്തിന്റെ സമീപനപാത ചെരിഞ്ഞ നിലയിൽ (ഫയൽ ഫോട്ടോ)
കോട്ടയം എംസി റോഡിൽ കോടിമത പുതിയ പാലം തുറന്ന് നൽകിയിട്ടും പഴയ പാലത്തിന്റെ സമീപനപാതയുടെ തകരാർ പരിഹരിക്കുന്നത് അനന്തമായി നീളുന്നു. പുതിയ പാലം തുറന്ന് കൊടുക്കൽ ആഘോഷമാക്കിയ സർക്കാർ ഏത് നിമിഷവും ഇടിഞ്ഞു താഴാൻ പോകുന്ന പഴയപാലത്തിന്റെ സമീനപാതയിലെ അറ്റകുറ്റപ്പണിക്ക് ഇതുവരെ തയ്യാറായിട്ടില്ല്ല. കോട്ടയം ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറുന്ന സമീപന പാതയാണ് ഒരു വശം ചെരിഞ്ഞ് അപകടാവസ്ഥയിലായത്. ദിവസവും ഇവിടം താഴ്‌ന്നു കൊണ്ടിരിക്കുകയാണ്. പുതിയ പാലത്തിന്റെ നിർമാണ പൂർത്തീകരണത്തിന് എൽഡിഎഫ് സർക്കാരാണ് പണം അനുവദിച്ചത്. ചങ്ങനാശേരി ഭാഗത്തുനിന്ന് തിരിച്ചുവരുന്ന വാഹനങ്ങൾ പഴയ പാലത്തിലൂടെയാണ് വരുന്നത്. ഇൗ റോഡിന്റെ ഒരു ഭാഗവും ഇടിഞ്ഞുതുടങ്ങി. ദേശീയപാത വിഭാഗമാണ് അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത്. പിഡബ്ല്യുഡി ബ്രിഡ്‌ജസ് വിഭാഗം ഉദ്യോഗസ്ഥരും ദേശീയപാതാ വിഭാഗം എൻജിനിയർമാരും സ്ഥലത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു. എന്നാൽ പണിയൊന്നും നടന്നില്ല. 40- വർഷത്തിലധികം പഴക്കമുള്ള കുടിവെള്ള പൈപ്പ്‌ലൈൻ ഇൗ റോഡിന്റെ അടിയിലൂടെ പോകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെയും കെഎസ്ഇബിയുടെയും കേബിളുമുണ്ട്. കുടിവെള്ള പൈപ്പിൽ ചോർച്ചയുണ്ടായി മണ്ണ് താഴ്‌ന്നതാകാം എന്നാണ് സംശയം. നിർമാണം എന്ന് തുടങ്ങുമെന്ന് മാത്രം അധികൃതർ വ്യക്‌തമാക്കുന്നില്ല.








0 comments