അപ്പർ കുട്ടനാട്ടിലെ നെൽകൃഷി സംരക്ഷിക്കണം: കർഷകസംഘം

കടുത്തുരുത്തി
അപ്പർ കുട്ടനാടൻ മേഖലയിലെ നെൽകർഷകരെയും നെൽകൃഷിയെയും സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിരവധി പാടശേഖരങ്ങളുള്ള മേഖലയിൽ ഉൽപാദനക്ഷമത വർധിപ്പിക്കാൻ എൽഡിഎഫ് സർക്കാർ ഗ്രൂപ്പ് ഫാമിങ് നടത്തിയിരുന്നു. പുറംബണ്ട് നിർമിക്കുകയും സൗജന്യമായി വളം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം ഇൗ പ്രവർത്തനങ്ങളെല്ലാം താറുമാറായി. നെൽകർഷകരെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കൊപ്പം ചേർന്ന് കർഷകവിരുദ്ധ നിലപാടുകളാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. രാസവള നിലവർധന നിയന്ത്രിക്കുക, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും നടപടികൾ അവസാനിപ്പിക്കുക, വനം വന്യജീവി നിയമം പരിഷ്‌കരിക്കുക, കർഷകവിരുദ്ധ ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാരക്കരാർ റദ്ദാക്കുക, കേരളത്തിലെ റബർ കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി വൽസൻ പനോളി, ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന വൈസ്‌പ്രസിഡന്റ് വത്സല മോഹൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ തുളസി എന്നിവർ സംസാരിച്ചു. കർഷകനാദം വരിസംഖ്യ വൽസൻ പനോളി ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് സംസാരിച്ചു. ടി സി വിനോദ് നന്ദി പറഞ്ഞു.










0 comments