കാലവർഷം കനക്കുന്നു
പരക്കെ മഴ; നാശം

മള്ളുശേരി കണ്ടത്തിൽ വീട്ടിൽ ജെ സിംസൺ ജേക്കബ്, സഹോദരൻ ജെ സിസിൽ എന്നിവരുടെ വീടുകൾക്ക് പിന്നിൽ കെട്ടിയിരുന്ന മതിൽക്കെട്ട് കനത്ത മഴയിൽ ഇടിഞ്ഞുവീണപ്പോൾ
കോട്ടയം ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ പരക്കെ മഴ തുടരുന്നു. ദിവസങ്ങളായി പെയ്യുന്ന മഴയിൽ വിവിധ പ്രദേശങ്ങളിൽ കെടുതികളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മഴയോടൊപ്പമുള്ള ശക്തമായ കാറ്റിലാണ് കൂടുതൽ നാശം. കാറ്റിൽ മരങ്ങൾ കടപുഴകി പോസ്റ്റുകളും വീടുകളും തകർന്നിട്ടുണ്ട്. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. വ്യാഴാഴ്ച രാവിലെ മുതൽ കനത്ത മഴയാണ് ജില്ലയിൽ ലഭിച്ചത്. കോട്ടയം 72 മില്ലിമീറ്റർ, വടവാതൂർ 64.5, വൈക്കം 45.5, കുമരകം 42 മില്ലിമീറ്റർ മഴ ലഭിച്ചു. വിവിധ റിവർ ബേസിനുകളിലെ സ്റ്റേഷനുകളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രധാന നദികളായ മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നിവയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മീനച്ചിലാർ റിവർ ബേസിനിലെ തീക്കോയി(31.748 മീറ്റർ), പാലാ(7.419), പേരൂർ(2.919) എന്നിങ്ങനെയാണ് ജലനിരപ്പ്. മണിമല റിവർ ബേസിനിലെ മണിമലയിൽ 18.328, മൂവാറ്റുപുഴ റിവർ ബേസിനിലെ മൂവാറ്റുപുഴയിൽ 7.7266 ആണ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. നിലവിൽ ജലനിരപ്പ് അപകടരേഖയ്ക്ക് താഴെയാണ്.










0 comments