യുവതിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം

വിധി പ്രസ്‌താവത്തിനുശേഷം പ്രതി നസീറിനെ കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
പത്തനംതിട്ട
കോട്ടാങ്ങലിൽ യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിക്കൊന്ന കേസിൽ പ്രതിയ്ക്ക് ജീവപര്യന്തംകഠിനതടവ്. കോട്ടാങ്ങൽ പുളിമൂട്ടിൽ നെയ്മോൻ എന്ന നസീറിനെ (44) യാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ശനിയാഴ്ച ശിക്ഷിച്ചത്. ജഡ്‌ജി ജി പി ജയകൃഷ്ണന്റേതാണ് വിധി. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിനുപുറമേ, പീഡനത്തിന് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും അതിക്രമിച്ചുകയറിയതിന് ഏഴുവർഷം കഠിനതടവും 50,000 രൂപയും പിഴയും ശിക്ഷ അനുഭവിക്കണം. ആകെ പിഴത്തുകയായ മൂന്നര ലക്ഷം രൂപ യുവതിയ്ക്കൊപ്പം കഴിഞ്ഞ ടിജിൻ ജോസഫിന് നൽകണമെന്നും ഇത് ഒടുക്കിയില്ലെങ്കിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളിൽനിന്ന് കണ്ടുകെട്ടി ഇൗടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിധിയിലുണ്ട്. കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് ടിഞ്ചു മൈക്കിളി (26) നെയാണ് 2019 ഡിസംബർ 15-ന് നസീർ ബലാത്സംഗം ചെയ്ത് കൊന്നത്. ആൺസുഹൃത്ത് ടിജിൻ ജോസഫിന്റെ കോട്ടാങ്ങൽ പുല്ലാനിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ടിജിനും ടിഞ്ചുവും വേറെ വിവാഹങ്ങൾ ചെയ്തവരാണെങ്കിലും ആറുമാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് കരുതിയ മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൃതദേഹത്തിൽ 53 മുറിവ് കണ്ടെത്തിയതിനെ തുടർന്ന് ടിജിനാണ് പ്രതിയെന്ന അനുമാനത്തിലായിരുന്നു പെരുമ്പെട്ടി പൊലീസ്. പിന്നീട് ടിജിൻ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയെ തുടർന്ന് 2020 ഫെബ്രുവരിയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ക്രൈംബ്രാഞ്ചിന്റെ മികവിലാണ് തടിക്കച്ചവടക്കാരനായ നസീറിലേക്ക് കേസന്വേഷണം എത്തിയത്. യുവതിക്കുനേരെ ഇയാൾ ക്രൂരമായ ലൈംഗികാതിക്രമങ്ങളും ശാരീരികപീഡനവും നടത്തിയതിനുള്ള ശാസ്ത്രീയതെളിവും അന്വേഷണസംഘം കണ്ടെത്തി. ടിജിനും പിതാവും വീട്ടിൽനിന്ന് പുറത്തുപോയശേഷം, തടിനോക്കാൻ അവിടെയെത്തിയ നസീർ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തല കട്ടിലിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം. ശേഷം കഴുത്തിൽ മുണ്ടുകുരുക്കി മേൽക്കൂരയിലെ ഇരുമ്പുകൊളുത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. 2021 ഒക്ടോബറിലാണ് നസീർ അറസ്റ്റിലായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.









0 comments