മാർ സ്ലീവാ മെഡിസിറ്റിയിൽ ഹാർട്ട് ഫെയിലർ ക്ലിനിക്ക് തുടങ്ങി

പാലാ ഹൃദ്രോഗ സംബന്ധമായ രോഗചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹാർട്ട് ഫെയിലർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ഹൃദ്രോഗികൾക്കും ഹൃദ്രോഗലക്ഷണങ്ങൾ ഉള്ളവർക്കും ആധുനിക സമഗ്ര ചികിത്സകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ജന്മനാ ഹൃദ്രോഗബാധിതരായ രോഗികൾ, ജീവിതശൈലി രോഗം, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർ, ഹൃദ്രോഗ ചികിത്സ നടത്തി വരുന്നവർ എന്നിവർക്ക് സേവനം പ്രയോജനപ്പെടും. ഹൃദ്രോഗചികിത്സ രംഗത്തെ പ്രമുഖരും വിദഗ്ധരുമായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ക്ലിനിക്കിൽ ഉൾപ്പെടുന്നവർക്ക് വ്യക്തിഗത ചികിത്സാപദ്ധതികളും പ്രത്യേക കൺസൾട്ടേഷൻ പാക്കേജുകളും ലഭ്യമാകും. ഡോക്ടർമാരുടെ പരിശോധനകളെ തുടർന്നാണ് ക്ലിനിക്കിലേക്ക് അർഹരായവരെ കണ്ടെത്തുന്നത്. എല്ലാ ദിവസവും ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. രോഗികൾക്കായി പ്രത്യേക ഹെൽത്ത് സ്ക്രീനിങ് കാർഡ്, വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് 24 മണിക്കൂറും വിദഗ്ധരെ ബന്ധപ്പെടാൻ അവസരം എന്നിവ ഉണ്ടാകും. അനൂപ് ജേക്കബ് എംഎൽഎ ക്ലിനിക്ക് ഉദ്ഘാടനംചെയ്‌തു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായി. ഹാർട്ട് ഫെയിലർ ക്ലിനിക്കിനെക്കുറിച്ച് കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് വിശദീകരിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു എന്നിവർ സംസാരിച്ചു.









0 comments