കിടക്കയില്ല, പട്ടിശല്യം, ശന്പളമില്ല... മന്ത്രിക്കു മുന്നിൽ പരാതി

കോട്ടയം
ആരോഗ്യവകുപ്പിന്റെ ‘കായകല്‍പം’ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ ആരോഗ്യ മന്ത്രി കെ മുരളീധരനുമുന്നിൽ പരാതികളുടെ കെട്ടഴിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും. കോട്ടയം മെഡിക്കൽ കോളേജിൽ എല്ലാ രോഗികൾക്കും കിടക്കകൾ ലഭ്യമാക്കണമെന്ന് പ്രിൻസിപ്പൽ വർഗീസ് പി പുന്നൂസ് ആവശ്യപ്പെട്ടു. 140 കിടക്കകൾ ലഭ്യമായിട്ടുണ്ട്. ഇനിയും ആവശ്യമാണ്. അധ്യാപകരുടെ 90 ഒഴിവുകളുണ്ട്. നിലവിൽ ബയോ മെഡിക്കൽ എൻജിനിയർ ഇല്ല. കൂടുതൽ സീനിയർ റെസിഡന്റുമാരെ അനുവദിക്കണം. തെരുവുനായ ശല്യം രൂക്ഷമായതിനാൽ വിദ്യാർഥികൾക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിർമിക്കുന്ന എപ്പിഡെമിക് ബ്ലോക്കിലേക്ക് ആധുനിക ഉപകരണങ്ങൾ ആവശ്യമാണെന്ന് ഐസിഎച്ച് സൂപ്രണ്ട് ഡോ. ജയപ്രകാശ് ആവശ്യപ്പെട്ടു. പാലിയേറ്റീവ് കെയർ നഴ്‌സുമാർക്ക് ആറ് മാസമായി മുടങ്ങിയ ശന്പളം എത്രയും വേഗം വിതരണം ചെയ്യണമെന്ന് മന്ത്രിയോട് ജീവനക്കാർ ആവശ്യപ്പെട്ടു. പല ആശുപത്രികളിലും സെക്യൂരിറ്റി ജീവനക്കാരില്ലാത്തത് രാത്രികാലങ്ങളിൽ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ലാബ് അസിസ്‌റ്റന്റുമാരുടെയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ഫാർമസിസ്‌റ്റുകളുടെയും ഒഴിവുകൾ നികത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മരുന്ന് വാങ്ങാനുള്ള പരിധി ഉയർത്തണമെന്നും ആവശ്യമുയർന്നു. മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സയ്ക്ക് മെഡിക്കല്‍ ലീനിയര്‍ ആക്സിലറേറ്റര്‍ യന്ത്രം അനുവദിക്കും. പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്‍കും. കൂടുതല്‍ ജീവനക്കാരെ നിയമിക്കും. ചങ്ങനാശേരി ജനറൽ ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും. വൈക്കം താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ സെപ്‌തംബറിൽ പൂർത്തിയാക്കും. ഉഴൂവൂര്‍ കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അഞ്ചാം നിലയില്‍ പേ വാര്‍ഡ് സജ്ജീകരിക്കും. മണിമല കുടുംബരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം, കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിര്‍മിക്കും. സ്ഥലം ലഭ്യമാക്കിയാല്‍ പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാൻഡ് ഉപയോഗിച്ച് പുതുപ്പള്ളി പിഎച്ച്സിക്ക് പുതിയ കെട്ടിടം നിര്‍മിക്കും.









0 comments