ഹരിതകേരളം മിഷൻ അനാഥം
ആ ദൗത്യവും ‘വേസ്‌റ്റ് ’

കോട്ടയം ജില്ലയിലെ മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഹരിത കേരളം മിഷന്റെ പ്രവർത്തനങ്ങൾ നിലച്ചു. ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തലത്തിൽ ആളില്ലാത്തതും സർക്കാർ തലത്തിൽ നിന്നുള്ള മാർഗനിർദേശങ്ങളുടെ അഭാവവുമാണ് പദ്ധതികളെ അനിശ്ചിതത്വത്തിലാക്കിയത്. ഭരണമാറ്റത്തോടെയാണ് ഹരിത കേരളം മിഷന് ലഭിച്ചിരുന്ന സർക്കാർ പിന്തുണ കുറഞ്ഞത്. മിഷൻ ഏറ്റെടുത്തിരുന്ന പ്രവർത്തനങ്ങൾ മിക്കതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. മുൻ വർഷങ്ങളിൽ വൈവിധ്യമാർന്ന പദ്ധതികളിലൂടെ ശുചിത്വ, മാലിന്യ സംസ്കരണ മേഖലയിൽ മാതൃകാപരമായി നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ഇത്തവണ താറുമാറായത്. നിഷ്‌ക്രിയം മഴക്കാലപൂർവ പ്രതിരോധം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധ നടപടികൾക്കും നേതൃത്വം നൽകിയിരുന്ന മിഷൻ സംവിധാനം ഇത്തവണ നിഷ്‌ക്രിയമാണ്. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇക്കുറി ആരംഭിച്ചില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നടക്കേണ്ട മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ മാർഗനിർദേശങ്ങളുടെ അഭാവത്തിൽ താളംതെറ്റി. മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ശുചിത്വദൗത്യം അവഗണിക്കപ്പെട്ടു. ഏകോപനമില്ലാതെ പദ്ധതികൾ ജില്ലാതലത്തിൽ ഏകോപനത്തിന് സ്ഥിരം സംവിധാനമില്ല. 11 ബ്ലോക്കിലും കോ–-ഓർഡിനേറ്റർമാർ ഇല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആളില്ല. ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നത് കുറയ്‌ക്കാൻ ലക്ഷ്യമിട്ടുള്ള ‘നെറ്റ് സീറോ' പദ്ധതി പ്രവർത്തനങ്ങളും പാതിവഴിയിലാണ്. സ്‌കൂളുകളിൽ ആരംഭിച്ച വാട്ടർ ടെസ്റ്റിങ് ക്ലിനിക് ലാബിന്റെ രണ്ടാംഘട്ട പ്രവർത്തനവും അവതാളത്തിലായി. പരിസ്ഥിതി ദിനത്തിൽ ഉൾപ്പെടെ ആരംഭിക്കേണ്ടിയിരുന്ന വിവിധ പദ്ധതികൾ ഇത്തവണ ഉപേക്ഷിച്ചു. കഴിഞ്ഞ തവണ ‘ഒരു തൈ നടാം' ക്യാമ്പയിനിലൂടെ നാലുമാസം കൊണ്ട് കിളിർപ്പിച്ചത് 6.05 ലക്ഷം തൈകളാണ്. ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിൽ ഒരുക്കിയത് 165 പച്ചത്തുരുത്തുകളും. പ്രതിസന്ധിയിൽ ജീവനക്കാർ ജീവനക്കാർ കടുത്ത തൊഴിൽ അരക്ഷിതാവസ്ഥയിലാണ്. ജൂലൈയിൽ മിഷന്റെ കാലാവധി അവസാനിക്കും. കാലവധി നീട്ടാൻ സർക്കാർ തയ്യാറായിട്ടില്ല. നിലവിൽ പേരിന് മാത്രമാണ് ജില്ലാമിഷൻ പ്രവർത്തനങ്ങൾ. 18 ജീവനക്കാർ പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന സ്ഥാനത്ത് ഡെപ്യൂട്ടേഷനിലുള്ള ജില്ലാ കോ ഓർഡിനേറ്ററും രണ്ട് താൽക്കാലിക ജീവനക്കാരും മാത്രമേ നിലവിലുള്ളൂ.










0 comments