ഹബീബിന്റെ പാട്ടുപെട്ടി പാടുന്നു ‘ഒരു പുഷ്‌പം മാത്രമെൻ ...’

കോട്ടയം ടിബി റോഡരികിൽ ട്രാക്കർ ടെലിസ്കോപ്പും ഗ്രാമഫോണും പരിചയപ്പെടുത്തുന്ന സംക്രാന്തി സ്വദേശി ഹബീബ്
കോട്ടയം ‘ഒരു പുഷ്‌പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, ഒടുവിൽ നീ എത്തുന്പോൾ ചൂടിക്കുവാൻ, ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം, ഒടുവിൽ നീ എത്തുന്പോൾ ചെവിയിൽ മൂളാൻ...... മലയാളികളുടെ സ്വന്തം ബാബുക്ക പാടുകയാണ്. മുഹമ്മദ് റാഫി, ഉമ്പായ്, ഐഷാ ബീഗം, ജയചന്ദ്രന്‍ തുടങ്ങിയവരുടെ പാട്ടുകളുമുണ്ട്. അത് ഗ്രാമഫോണിൽ കേട്ടാലോ, മറക്കാൻ പറ്റില്ല ഒരിക്കലും. ഒരു കാലത്ത് വീടുകളിൽ സംഗീതമഴ പെയ്യിച്ച ഗ്രാമ ഫോണുകൾ തലമുറകൾക്കിപ്പുറവും ആവശ്യക്കാർ ഏറെ. ഗ്രാമഫോണുകളോടും പാട്ടുകളോടുമുള്ള പ്രണയമാണ് കോട്ടയം സംക്രാന്തിയിലെ ഹബീബിനെ ഗ്രാമ ഫോണ്‍ വില്‍പനക്കാരനാക്കിയത്. നാൽപത് വർഷമായി കോട്ടയം ടി ബി റോഡരികിലെ പാതയോരത്ത് ഞായറാഴ്‌ചകളിൽ ഗ്രാമഫോണുകളുമായി ഹബീബിനെ കാണാം. ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ എല്ലാ ജില്ലകളിലും ബൈക്കില്‍ കെട്ടിവച്ച് യാത്ര ചെയ്ത് വില്‍പ്പനയും നടത്തുന്നു. തേക്കിലോ ഈട്ടിയിലോ നിര്‍മിച്ച തടിപെട്ടിയില്‍ സ്വർണ നിറത്തിലുള്ള കോളാംബിയും വൈന്‍ഡിങ് മെഷീനും ബൈക്കിന്റെ പുറകില്‍ കെട്ടിവച്ച് പോകുന്ന ഹബീബിനെ അറിയാത്തവർ ചുരുക്കം. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പഴയവീടുകളില്‍ നിന്നുമാണ് ഗ്രാമഫോണുകൾ വാങ്ങുക. അവ പോളിഷ് ചെയ്ത് കേടുപാടുകള്‍ തീര്‍ത്ത് വില്‍ക്കും. ഇടദിവസങ്ങളിലാണ് ബൈക്കില്‍ മറ്റ് ജില്ലകളിലേക്ക് യാത്ര. തിരുവനന്തപുരത്താണ് കൂടുതല്‍ വില്‍പ്പന നടക്കുന്നതെന്ന് ഹബീബ് പറഞ്ഞു. തൃശൂര്‍, എറണാകുളം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലേക്കും പോകാറുണ്ട്. ഗ്രാമഫോൺ ഒന്നിന് 5000 രൂപയാണ് വില. ഒരു ഡിസ്‌ക് ഫ്രീയായി കൊടുക്കും. നൂറുവര്‍ഷം പഴക്കമുള്ള ഡിസ്‌ക്കുകളുണ്ട് ഇദ്ദേഹത്തിന്റെ പക്കൽ. മുഹമ്മദ് റാഫി, ബാബുരാജ്, ഉമ്പായ്, ഐഷാ ബീഗം, ജയചന്ദ്രന്‍ തുടങ്ങിയവരുടെ പാട്ടുകളുള്ള ഡിസ്‌ക്കുകളാണ് ഏറെയും. ഗ്രാമഫോണ്‍ മോഹവില നല്‍കി വാങ്ങാനും ആളുകളുണ്ട്. കേരളത്തില്‍ ഗ്രാമഫോണുകള്‍ കിട്ടാതെ വരുമ്പോള്‍ മുംബൈയില്‍ നിന്നുമെത്തിക്കും. സാങ്കേതികവിദ്യ മാറി പാട്ട് കേള്‍ക്കാന്‍ ടേപ്പ് റിക്കാര്‍ഡുകളും സിഡി പ്ലയറുകളും ബ്ലൂടൂത്ത് സ്പീക്കർ സെറ്റുകളും വന്നെങ്കിലും ഗ്രാമഫോണിനെ തട്ട് താണിക്കുന്നു. നിരവധി പുരാവസ്തുക്കളും ഹബീബിന്റെ ശേഖരത്തിലുണ്ട്. ടെലസ്‌കോപ്പ്, ബൈനോക്കുലർ, കോമ്പസ്, പഴയകാലത്ത് നാട്ടുരാജാക്കൻമാർ ഉപയോഗിച്ചിരുന്ന കത്തി... നീളുന്നു അവ.










0 comments