ad
Deshabhimani

എൽ ക്ലാസിക്കോ ഫിനിഷറുടെ 
ക്ലാസിക്കൽ മെമ്മറി

niyas

റ‍ൗൾ ഒപ്പിട്ട ജേഴ്‌സിയുമായി നിയാസ്‌

വെബ് ഡെസ്ക്

Published on Jun 28, 2026, 01:00 AM | 1 min read

കോട്ടയം

നാടാകെ ലോകകപ്പ്‌ ആരവത്തിൽ മുങ്ങുമ്പോൾ തലയോലപ്പറമ്പ്‌ കോലേടം സ്വദേശി നൈസാമൻസിലിൽ എൻ എസ്‌ നിയാസിന്റെ മനസിൽ ഒരു സൂപ്പർതാരം നിറയുകയാണ്‌. സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറും ക്ലാസിക്കൽ ഫിനിഷറുമായ റ‍ൗൾ ഗോൺസാലസ്‌. റയൽ മാഡ്രിഡിന്റെ താരമായിരുന്നു. ഖത്തറിൽ റ‍ൗളിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റായിരുന്നു നിയാസ്‌. രണ്ടരവർഷം റ‍ൗളുമായി നല്ലൊരു ഹൃദയബന്ധവും സ്ഥാപിക്കാനായെന്ന്‌ നിയാസ്‌ പറയുന്നു. 2012 – 14 കാലത്ത്‌ റ‍ൗൾ ഖത്തറിലെ അൽ സദ്ദ്‌ ക്ലബ്ബിനു വേണ്ടി കളിച്ചിരുന്നു. ആ സമയത്താണ്‌ അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റായത്‌. ഖത്തർ സൽവ റോഡിൽ താമസത്തിന്‌ റ‍ൗളിന്റെ വില്ലയ്‌ക്കു സമീപം വില്ലയും കിട്ടി. റ‍ൗളിന്റെ യാത്രകളുടെ കാര്യങ്ങൾ ഏർപ്പാടുചെയ്യുന്നതായിരുന്നു നിയാസിന്റെ പ്രധാന ജോലി. ഒപ്പം യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ മലയാളികൾ പിന്തുടർന്നുവന്ന്‌ -ഫോട്ടോയെടുക്കാൻ ശ്രമിക്കുമായിരുന്നു. ‘ അൽപം പോലും തലക്കനമില്ലാത്ത മനുഷ്യൻ. എത്ര പേർ ഫോട്ടോയെടുക്കാൻ വന്നാലും നിന്നുകൊടുക്കും.' – നിയാസ്‌ പറയുന്നു. ഗോൾ അടിക്കുമ്പോഴെല്ലാം വിവാഹമോതിരത്തിൽ മുത്തമിട്ട്‌ ഗ്യാലറിയിലേക്ക്‌ നോക്കുന്നത്‌ ഭാര്യയോടുള്ള സ്‌നേഹംകൊണ്ടാണെന്ന്‌ റ‍ൗൾ പറഞ്ഞത്‌ നിയാസ്‌ ഓർമിക്കുന്നു. ഒരിക്കൽ ഖത്തറിൽ സ‍ൗഹൃദ മത്സരത്തിനായി പോർച്ചുഗൽ വന്നു. അന്ന്‌ ഗാലറിയിലിരുന്ന്‌ റ‍ൗളിനോട്‌ സംസാരിച്ചയാളെ അടുത്തു കണ്ടപ്പോൾ ഞെട്ടി – സാക്ഷാൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. റ‍ൗളിന്റെ പേഴ്‌സണൽ സ്‌റ്റാഫായതിനാൽ ഫോട്ടോ എടുക്കാനൊന്നും നിന്നില്ല. അത്‌ വലിയ നഷ്ടമായിപ്പോയെന്ന്‌ ഇപ്പോൾ തോന്നുന്നതായി നിയാസ്‌ പറഞ്ഞു. റ‍ൗൾ പിന്നീട്‌ മറ്റൊരു ക്ലബ്ബിൽ കളിക്കാൻ ന്യൂ യോർക്കിലേക്ക്‌ പോയി. നിയാസ്‌ 2019ൽ നാട്ടിൽ തിരിച്ചെത്തി. റ‍ൗൾ ഒപ്പിട്ട ജേഴ്‌സിയും ബൂട്ടും ഇപ്പോഴും നിയാസ്‌ സൂക്ഷിക്കുന്നു. ഇപ്പോൾ റിയൽ എസ്‌റ്റേറ്റ്‌ മേഖലയിലാണ്‌. ഡിവൈഎഫ്‌ഐ തലയോലപ്പറമ്പ്‌ ട‍ൗൺ യൂണിറ്റ്‌ സെക്രട്ടറിയാണ്‌. ഭാര്യ: ഷെഫ്‌ന. മക്കൾ: ഐറ, കെൻസ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home