പാചകവാതക വിലവർധന
ഹോട്ടൽ ഭക്ഷണത്തിന് വിലകൂടി; നടുവൊടിഞ്ഞ് ജനം

കോട്ടയം
കേന്ദ്രസർക്കാരിന്റെ അറിവോടെ എണ്ണക്കന്പനികൾ പാചകവാതക വില കുത്തനെ കൂട്ടിയതോടെ ഹോട്ടലുകളിലെ ഭക്ഷണവില കൂടി. ഏകീകരിച്ച വില വർധന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏതാണ്ട് എല്ലാ ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. വിഭവങ്ങൾക്കനസുരിച്ച് രണ്ട് രൂപ മുതൽ 50 രൂപ വരെ കൂടിയിട്ടുണ്ട്. 10–12 രൂപയായിരുന്ന ചായയുടെ വില വിവിധ ഹോട്ടലുകളിൽ 15–20 രൂപവരെയായി. 70 രൂപയ്‌ക്ക് നൽകിയിരുന്ന ഉൗണിന്റെ വില 90 രൂപ മുതൽ 130 രൂപ വരെയായി. ബിരിയാണിക്ക് 10 മുതൽ 40 രൂപ വരെ കൂടി. നോൺ വെജ് കറികൾക്കും ഫ്രൈകൾക്കും 20 മുതൽ 50 രൂപ വരെ വർധിപ്പിച്ചു. ഷവർമ, അൽഫാം എന്നിവയ്‌ക്ക് 10 രൂപ മുതൽ 30 രൂപ വരെ കൂട്ടി. വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് വ്യാപാരികൾ പാചകവാതക വില താങ്ങാനാകാത്തവിധം കൂട്ടിയതിനാൽ വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ കരിഞ്ചന്തയിൽനിന്ന് ഇരട്ടി വിലയ്‌ക്ക് ഗ്യാസ് വാങ്ങേണ്ട ഗതികേടിലാണ് വ്യാപാരികൾ. വില കൂട്ടാതെ, തീവില നൽകി ഗ്യാസ് വാങ്ങി സാധനങ്ങൾ നൽകി പിടിച്ചുനിൽക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഹോട്ടലുകളിൽ ജോലി ചെയ്‌തിരുന്ന അതിഥിത്തൊഴിലാളികൾ തെരഞ്ഞെടുപ്പിനും മറ്റുമായി നാട്ടിലേക്ക് മടങ്ങിയതും പ്രതിസന്ധിയായി. പല ഹോട്ടലുകളും അടച്ചിടേണ്ടിയും വന്നു. കാറ്ററിങ് സ്ഥാപനങ്ങളുടെ സംഘടന എകെസിഎയും ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷനും പണിമുടക്കി സമരം നടത്തിയിരുന്നു. വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി, വ്യവസായികൾ ഏകോപിച്ചുള്ള കൂടുതൽ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ്. 7 മാസം; 1518 രൂപയുടെ വർധന കഴിഞ്ഞ ഏഴ് മാസത്തിനിടെ 1518 രൂപയാണ് ഒരു കുറ്റി വാണിജ്യ സിലിണ്ടറിനുമേൽ എണ്ണക്കന്പനികൾ കൂട്ടിയത്. 19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 251.50 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. 2025 ഡിസംബറിൽ 1582 രൂപയായിരുന്ന സിലിണ്ടർ വില 2026 മെയ് ഒന്നിന് 3100 രൂപയായി കൂടി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ പാചകവാതക വിലവർധനയ്‌ക്ക് പച്ചക്കൊടി കാട്ടിയത്. സബ്‌സിഡി നൽകാതെ വില കുത്തനെ കൂട്ടാൻ അനുവാദം നൽകിയ കേന്ദ്രസർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.










0 comments