പുതിയ പോർമുഖം തുറക്കണം: കെ കെ ജയചന്ദ്രൻ

കോട്ടയം
രാജ്യത്തെ തൊഴിലാളിവർഗത്തെ ഒന്നടങ്കം ചൂഷണത്തിനായി ഇട്ടുകൊടുക്കുന്ന ലേബർ കോഡുകൾക്കെതിരെ പുതിയ പോർമുഖം തുറക്കേണ്ടതുണ്ടെന്ന് സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ കെ ജയചന്ദ്രൻ പറഞ്ഞു. ലേബർ കോഡുകൾക്കെതിരെ സിഐടിയു സംഘടിപ്പിച്ച പോസ്‌റ്റ് ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ നൽകുന്ന വകുപ്പുകളിലെല്ലാം കേന്ദ്രസർക്കാർ വെള്ളം ചേർത്തു. കോർപറേറ്റ് മുതലാളിമാർക്ക് പരമാവധി സൗകര്യം ചെയ്‌തുകൊടുക്കുക മാത്രമാണ് ലക്ഷ്യം. ലേബർ കോഡുകൾ കൂലി, ബോണസ് എന്നിവ വെട്ടിക്കുറയ്‌ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ഇത് നമ്മളെ എങ്ങനെ ബാധിക്കമെന്ന് ഓരോ തൊഴിൽമേഖലയിലുള്ളവരും സൂക്ഷ്‌മതയോടെ മനസിലാക്കണം. എട്ട് മണിക്കൂർ ജോലി 12 മണിക്കൂർവരെയാകും. പല സംസ്ഥാനങ്ങളിലും 10 മണിക്കൂർ ജോലിക്ക് കരാറായി. ലേബർ കോഡുകൾ സ്‌ത്രീ തൊഴിലാളികളെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുക. സ്ഥാപനങ്ങളിൽ സുരക്ഷാ സമിതികൾ ഇല്ലാതാകും. ആരെയും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാവുന്ന സാഹചര്യമുണ്ടാകും. ഇതിതെിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു.









0 comments