ad
Deshabhimani

മണർകാട്‌ പള്ളിയിൽ നടതുറക്കൽ ഇന്ന്‌

ettunombu

മണർകാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോന്പ്‌ പെരുന്നാളിൽ കൽക്കുരിശിൽ വിശ്വാസികൾ മെഴുകുതിരി കത്തിക്കുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 02:19 AM | 2 min read

മണർകാട്‌ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധ നടതുറക്കൽ ശുശ്രൂഷ തിങ്കൾ നടക്കും. രാവിലെ 8.30ന് മൂന്നിന്മേൽ കുർബാനയ്‌ക്ക്‌ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ പ്രധാന കാർമികനാകും. പകൽ 11.30ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ നടതുറക്കൽ ശുശ്രൂഷ. പള്ളിയിലെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ.​ പ്രധാന പെരുന്നാൾ ദിനമായ ചൊവ്വ മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് കാർമികനാകും. പകൽ രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം. മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ന് വൈകിട്ട് അ‍ഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും. ​ ​പന്തിരുനാഴി 
ഘോഷയാത്ര ഇന്ന് നടതുറക്കൽ ശുശ്രൂഷയ്ക്ക് ശേഷം നടക്കുന്ന പ്രധാന ചടങ്ങാണ് പന്തിരുനാഴി ഘോഷയാത്ര. പാച്ചോർ കമ്മിറ്റി കൺവീനറുടെ കൈയിൽ നെയ്‌ നിറച്ച വിളഞ്ഞ തേങ്ങമുറിയിലെ തിരിയിൽ പള്ളിയിലെ തൂക്കുവിളക്കിൽനിന്ന്‌ വൈദികൻ തീ പകരും. പകൽ 12ന് പള്ളിമേടയിലെ പ്രാർഥനകൾക്ക് ശേഷം പന്തിരുനാഴി കൈകളിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം പുറപ്പെടും. ഘോഷയാത്രയ്ക്കിടെ ആവേശത്തിൽ പന്തിരുനാഴി ഉയരങ്ങളിലേക്ക് എറിഞ്ഞ് പിടിക്കുന്നത് ഘോഷയാത്രയുടെ കൗതുക കാഴ്‌ചയാണ്‌. പള്ളിക്ക് ചുറ്റും മൂന്നുതവണ വലംവച്ച ശേഷം കറിനേർച്ച തയ്യാറാക്കുന്ന സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തും. 15 ടൺ അരി, 15 ടൺ ശർക്കര, 12 ടൺ തേങ്ങ, 90 ലിറ്റർ നെയ്, ഏലയ്ക്ക- ജീരകം-ചുക്ക് എന്നിവ നൂറു കിലോ എന്നിങ്ങനെയാണ് മണർകാട്‌ പള്ളിയിലെ പെരുന്നാൾ കറിനേർച്ചയായ പാച്ചോറിന്റെ ചേരുവകൾ. ​ പള്ളിയിൽ ഇന്ന് കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. 7.30ന് പ്രഭാത പ്രാർഥന. 8.30ന് മൂന്നിന്മേൽ കുർബാനയ്‌ക്ക്‌ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായുടെ കാർമികനാകും. 11.30ന് നടതുറക്കൽ ശുശ്രൂഷ. 12ന് കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. രാത്രി 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 10ന് പരിചമുട്ടുകളി, മാർഗംകളി, പുലർച്ചെ 12ന് കറിനേർച്ച വിതരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home