ad
Deshabhimani

തിരിഞ്ഞുനോക്കാതെ സർക്കാർ

ഇ‍ൗരാറ്റുപേട്ട എങ്ങനെ അതിജീവിക്കും

വെള്ളവും ചെളിയും  കയറി നശിച്ച മലഞ്ചരക്ക് സാധനങ്ങളുമായി മുഹമ്മദ്‌ ഇസ്മയിൽ : ഫോട്ടോ കെ എസ് ആനന്ദ്

വെള്ളവും ചെളിയും കയറി നശിച്ച മലഞ്ചരക്ക് സാധനങ്ങളുമായി മുഹമ്മദ്‌ ഇസ്മയിൽ : ഫോട്ടോ കെ എസ് ആനന്ദ്

avatar
സ്വന്തം ലേഖകൻ

Published on Aug 06, 2026, 01:09 AM | 2 min read


ഇ‍ൗരാറ്റുപേട്ട

നിമിഷനേരംകൊണ്ട്‌ കുത്തിയുയർന്ന വെള്ളം തിരിച്ചിറങ്ങിയത്‌ വ്യാപാരികളുടെ സ്വപ്‌നങ്ങൾ തച്ചുടച്ചതിനുശേഷമാണ്‌. പാലായിലും ഇ‍ൗരാറ്റുപേട്ടയിലുമായി വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടം കോടികൾ വരും. അതിൽ ചെറുകിടക്കാരെന്നോ വൻകിടക്കാരെന്നോ വ്യത്യാസമില്ല. എന്നിട്ടും സർക്കാർ ഇതുവരെ വ്യാപാരികളെ തിരിഞ്ഞുനോക്കിയില്ല. മന്ത്രിമാർ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചിട്ടില്ല. നഷ്ടമുണ്ടായവർക്ക്‌ സഹായ പാക്കേജ്‌ പ്രഖ്യാപിച്ചില്ല. 2018ൽ പോലും ഉണ്ടാകാത്ത രൂക്ഷതയോടെ ചെളിവെള്ളം ആഞ്ഞടിച്ച്‌ ഇ‍ൗരാറ്റുപേട്ട നഗരത്തിലെ ഒട്ടുമിക്ക കടകളെയും നശിപ്പിച്ചിരുന്നു. പലിയിടത്തും വൃത്തിയാക്കൽ അവസാനിച്ചിട്ടില്ല. വൃത്തിയാക്കാൻ അതിഥിത്തൊഴിലാളികൾക്ക്‌ നല്ല കൂലി കൊടുക്കണം. ഓണവിപണി പ്രതീക്ഷിച്ച്‌ എടുത്ത സ്‌റ്റോക്കുകൾ തകർന്നതിന്റെ മനോവിഷമത്തിലാണ്‌ വ്യാപാരികൾ. ഇനി തുറക്കാനാകാത്ത നിലയിൽ തകർന്ന കടകളുമുണ്ട്‌. സമീപജില്ലയായ പത്തനംതിട്ടയിൽ പോയിട്ടും മുഖ്യമന്ത്രി കോട്ടയം ജില്ലയിൽ വന്നില്ല. മന്ത്രിയോ സ്‌പീക്കറോ വന്നില്ല. ഇതിന്റെ അമർഷം വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമുണ്ട്‌.

ശേഷിക്കുന്നത്‌ കഷ്ടപ്പാടുകൾ

വെള്ളം ഇറങ്ങിയെങ്കിലും ഇ‍ൗരാറ്റുപേട്ട നഗരത്തിൽ ഇപ്പോഴും പലയിടത്തും ചെളി അടിഞ്ഞിരിക്കുകയാണ്‌. വ്യാപാര സ്ഥാപനങ്ങളിൽനിന്ന്‌ ഒലിച്ചുപോയ വസ്‌തുക്കൾ അവിടിവിടെയായി അടിഞ്ഞുകൂടി കിടക്കുന്നു. അവയിൽ ഫ-ർണിച്ചറും വസ്‌ത്രങ്ങളും ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളും പഴങ്ങളും പച്ചക്കറികളുമുണ്ട്‌. വെള്ളം കയറി ഉപയോഗശൂന്യമായ വിൽപ്പനച്ചരക്കുകൾ കടകളുടെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്നു. എല്ലാം പഴയപടിയാക്കാനുള്ള അധ്വാനത്തിലാണ്‌ വ്യാപാരികളും ജീവനക്കാരും. ചില കടകൾ തുച്ഛമായ വിലയ്‌ക്ക്‌ സാധനങ്ങൾ വിറ്റുകളയുന്നു. ചായക്കടകളും പഴക്കടകളും പുതിയ സ്‌റ്റോക്കുമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ നഗരത്തിൽ മറ്റ്‌ സ്ഥാപനങ്ങൾ കാര്യമായി പ്രവർത്തിക്കുന്നില്ല. വൻകിട സ്ഥാപനങ്ങൾ അവരുടെ മുകൾനിലയിലെ സ്‌റ്റോക്കുകൾ താഴത്തെ നിലയിലേക്ക്‌ എത്തിക്കാനുള്ള തിരക്കിലാണ്‌. രണ്ട്‌ കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി നഗരത്തിലെ ബിസ്‌മി ഹോം അപ്ലയൻസസ്‌ മാനേജർ ജിഷ്‌ണു ഗോപാലകൃഷ്‌ണൻ പറഞ്ഞു. എസി, ടിവി, വാഷിങ്‌ മെഷീൻ, ലാപ്‌ടോപ്പ്‌ എന്നിവയെല്ലാം പോയി. ക്ലീനിങ്ങിന്‌ മാത്രം 40,000 രൂപ പണിക്കൂലിയായി. സമീപത്തുള്ള ഓക്‌സിജൻ ഷോറൂമിനും രണ്ട്‌ കോടിയുടെ നഷ്ടമുണ്ടായതായി ഡെപ്യൂട്ടി മാനേജർ കെ എസ്‌ അബിൻസ്‌ പറഞ്ഞു. 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി ഇ‍ൗരാറ്റുപേട്ട സ്‌മാർട്ട്‌ പോയിന്റ്‌ അസിസ്‌റ്റന്റ്‌ മാനേജർ പി എസ്‌ ആസിഫ്‌ പറഞ്ഞു. കഴിഞ്ഞദിവസം വന്ന 260 കിലോ സ്‌പെഷ്യൽ അരി വെള്ളം കയറി നശിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഒലിച്ചുപോയത്‌ 20 ലക്ഷം രൂപയുടെ ഫർണിച്ചർ

​ഇ‍ൗരാറ്റുപേട്ട വുഡ്‌ലാൻഡ്‌ ഫർണിച്ചർ ഷോപ്പിലെ 20 ലക്ഷത്തിന്റെ സാധനങ്ങളാണ്‌ ഒലിച്ചുപോയതെന്ന്‌ കടയുടമ ഫരീദ്‌ വയലങ്ങാട്‌ പറഞ്ഞു. " ഉരുൾപൊട്ടിയതിന്റെ പിറ്റേന്ന്‌ ട‍ൗൺ മുഴുവൻ ഞങ്ങുടെ സാധനങ്ങളാണ്‌ ഒഴുകിനടന്നത്‌. 40-–45 ലക്ഷത്തിന്റെ നഷ്ടമുണ്ടായിട്ടുണ്ട്‌ ' – ഫരീദ്‌ പറഞ്ഞു. ഉൽപ്പന്നങ്ങൾ കുറഞ്ഞവിലയ്‌ക്ക്‌ വിറ്റ്‌ ഒഴിവാക്കുകയായിരുന്നു. ഇത്‌ വാങ്ങാനുള്ളവരുടെ തിരക്കായിരുന്നു കടയിൽ.


ഇ‍ൗരാറ്റുപേട്ടക്കാരെ 
സർക്കാർ മറന്നു ‘

സർക്കാർ ഇ‍ൗരാറ്റുപേട്ടക്കാരെ മറന്നു. അത്‌ പാടില്ലായിരുന്നു. കാരണം, വയനാട്ടിൽ ദുരന്തമുണ്ടായപ്പോഴും ഇ‍ൗരാറ്റുപേട്ടക്കാർ അവിടെ സന്നദ്ധപ്രവർത്തനത്തിന്‌ എത്തിയിരുന്നു. ജില്ലയിൽ എവിടെ അപകടമുണ്ടായാലും രക്ഷാപ്രവർത്തനത്തിന്‌ എത്തുന്നവരാണ്‌ പേട്ടക്കാർ ’ – നഗരത്തിലെ വസ്‌ത്രവ്യാപാര സ്ഥാപനമായ "ബാക്ക്‌ബെഞ്ച്‌ മെൻസ്‌ റിപ്പബ്ലിക്‌' ഉടമ ഇളങ്ങുളം മാഹിൻ മുഹമ്മദ്‌ പറഞ്ഞു. ഒരുലക്ഷത്തിന്റെ നഷ്ടമുണ്ടായതായി മാഹിൻ പറഞ്ഞു. ‘ മറ്റിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന്‌ എംഎൽഎമാർ പോലും ആശ്രയിക്കുന്നത്‌ ഇ‍ൗരാറ്റുപേട്ടക്കാരെയാണ്‌. ആ നാട്ടിൽ വലിയ ദുരിതമുണ്ടായിട്ട്‌ മുഖ്യമന്ത്രിയോ ജില്ലയുടെ ചുമതലയുള്ള മന്ത്രിയോ തിരിഞ്ഞുനോക്കിയില്ല. ഭരിക്കുന്ന പാർടിയുടെ എംഎൽഎ ഉള്ള സ്ഥലമല്ലേ? മന്ത്രിയും എംഎൽഎയുമെല്ലാം രണ്ടാഴ്‌ചമുമ്പ്‌ ഇ‍ൗരാറ്റുപേട്ടയിൽ കല്യാണവിരുന്നിന്‌ വന്നിരുന്നു. പക്ഷേ അപകടസമയത്ത്‌ കാണാനില്ല. ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ച നാടാണിതെന്ന്‌ അവർ മറന്നു' – മാഹിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home