വേദിയാകുന്നത് 19 വർഷത്തിന് ശേഷം
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലാ ഒരുങ്ങുന്നു

ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി പാലായിൽ നടത്തിയ ചുവരെഴുത്ത്
പാലാ
പാരമ്പര്യങ്ങളുടെ നേരവകാശികളും സേവനസന്നദ്ധതയുടെ സമകാലിക മാതൃകയുമായ ഡിവൈഎഫ്ഐയുടെ ജില്ലാ സമ്മേളനത്തിന് പാലായിൽ ഒരുക്കങ്ങൾ ആരംഭിച്ചു. . ജൂലൈ 8, 9, 10, 11 തീയതികളിൽ നടക്കുന്ന സമ്മേളനത്തിന്റെ സന്ദേശം വിളംബരം ചെയ്ത് ചുവരെഴുത്തുകളും പ്രചാരണ ബോർഡുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 19 വർഷത്തിന് ശേഷമാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലാ വേദിയാകുന്നത്. ടൗണിൽ കേന്ദ്ര സ്വാഗതസംഘത്തിന്റെയും ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ മേഖല സംഘാടകസമിതികളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പതാക കൊടിമര-, കപ്പി കയർ,- ബാനർ ജാഥകൾ, പ്രതിനിധി സമ്മേളനം, സെമിനാർ, യുവജന റാലി, പൊതുസമ്മേളനം എന്നിവ ഉണ്ടാകും. എട്ടിന് വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള പതാക, കൊടിമരം, കപ്പി കയർ, ബാനർ ജാഥകൾ നഗരത്തിൽ സംഗമിക്കുന്നതോടെ സമ്മേളനത്തിന് കൊടി ഉയരും. ജൂലൈ അഞ്ചിന് ബ്ലോക്ക്, യൂണിറ്റ്, മേഖല കേന്ദ്രങ്ങളിൽ പതാകദിനം ആചരിക്കും. 9, 10 തീയതികളിലാണ് പ്രതിനിധി സമ്മേളനം. സ. പുഷ്പൻ നഗറിൽ(പാലാ മുനിസിപ്പൽ ടൗൺഹാൾ) ഒമ്പതിന് രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സെമിനാർ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 10നും തുടരും. 11ന് വൈകിട്ട് യുവജന റാലിയും പൊതുസമ്മേളനവും നടക്കും. കെഎസ്ആർടിസി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലു കൊട്ടാരമറ്റത്ത് സമാപിക്കും. തുടർന്ന് എ വി റസൽ നഗറിൽ(ബസ് സ്റ്റാൻഡ് മൈതാനം) ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. രണ്ട് പതിറ്റാണ്ടിനിടെ പാലായിൽ നടക്കുന്ന സമ്മേളനം വൻ വിജയമാക്കാൻ ബ്ലോക്കിലാകെ വിപുലമായ ഒരുക്കങ്ങൾ നടത്തിവരികയാണെന്ന് സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്, കൺവീനർ അഡ്വ. എൻ ആർ വിഷ്ണു എന്നിവർ അറിയിച്ചു.











0 comments