നഴ്‌സിങ് കോഴ്‌സ് തട്ടിപ്പുകാർക്കെതിരെ രക്ഷിതാക്കൾ
"ഞങ്ങൾക്ക് നീതി വേണം'

നഴ്സിങ് കോഴ്‌സ് പ്രവേശനത്തട്ടിപ്പിനിരയായ വിദ്യാർഥികളുടെ രക്ഷിതാക്കൾ തിരുനക്കര മൈതാനത്ത് ഒത്തുചേർന്നപ്പോൾ
കോട്ടയം ‘‘അമ്പത്തിയാറ് വിദ്യാർഥികളെയാണ് ഏജൻസി പറ്റിച്ചത്. ഞങ്ങൾ കൊടുത്ത കാശ് കിട്ടണം. വിദ്യാർഥികളുടെ ഒരുവർഷം നഷ്ടമായതിന് പരിഹാരമുണ്ടാകണം. ഇത്രയും പരാതികൾ ലഭിച്ചിട്ടും പൊലീസ് കാര്യമായ നടപടികളെടുക്കാത്തത് വലിയ ആശങ്കയുണ്ടാക്കുന്നു.’’– തിരുവഞ്ചൂർ ചിത്തിരത്തിൽ സി എസ് സജേഷ് പറഞ്ഞു. തെലങ്കാനയിലെ നഴ്‌സിങ് കോളേജിൽ ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ അംഗീകാരമില്ലാത്ത കോഴ്‌സുകളിൽ പ്രവേശനം നൽകി പണം വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇരയായ നിരവധി രക്ഷിതാക്കളിലൊരാളാണ് സജേഷ്. ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്‌റ്റേഷനിലും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ തണുപ്പൻ പ്രതികരണമായിരുന്നു പൊലീസിന്റേത്. നീതി കിട്ടാൻ എന്തൊക്കെ തുടർനടപടികളെടുക്കണമെന്ന് ആലോചിക്കാൻ രക്ഷിതാക്കൾ ഞായറാഴ്‌ച തിരുനക്കര മൈതാനത്ത് ഒത്തുചേർന്നു. പ്രതിഷേധമാർച്ചടക്കം പ്രത്യക്ഷ സമരപരിപാടികൾ നടത്താൻ രക്ഷിതാക്കൾ തീരുമാനിച്ചു. ലക്ഷങ്ങൾ കൈപ്പറ്റിയശേഷം അംഗീകാരമില്ലാത്ത കോഴ്‌സിന് വിദ്യാർഥികളെ ചേർത്തെന്നാണ് പരാതി. അയർക്കുന്നം, തലയോലപ്പറന്പ്, വൈക്കം, ചിങ്ങവനം, പാന്പാടി, കോട്ടയം ഇൗസ്‌റ്റ്, വെസ്‌റ്റ്, വാകത്താനം പൊലീസ് സ്‌റ്റേഷനുകളിൽ പരാതിയുണ്ട്. പരാതിയിൽ "വേ ടു സ്റ്റഡി' എഡ്യൂക്കേഷൻ ഏജൻസി ഉടമ മാനുവൽ ഡെർവിൻ ഡോസ്റ്റിനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് രക്ഷിതാക്കൾ സംഘടിക്കാൻ തീരുമാനിച്ചത്. 2025 നവംബറിൽ പ്രവേശനം നേടിയ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 120ഓളം വിദ്യാർഥികൾ തട്ടിപ്പിനിരയായിട്ടുണ്ട്. ഒന്നരലക്ഷം രൂപ മുതൽ 2.45ലക്ഷം വരെ ഏജൻസി വാങ്ങിയിരുന്നു. ‘‘1.42 ലക്ഷം രൂപ കൊടുത്തു. എന്നാൽ 85,000 രൂപയുടെ രസീത് മാത്രമാണ് തന്നത്. ചോദിച്ചപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞു. മക്കളുടെ തുടർപഠനത്തെക്കുറിച്ച് ആലോചിച്ച് ഞങ്ങളെല്ലാം വലിയ മനപ്രയാസത്തിലാണ്.’’ – പേരൂർ വേലംപറമ്പിൽ പി ജി സിന്ധു പറയുന്നു. കോളേജിന് ഉടൻ അംഗീകാരം കിട്ടുമെന്ന് ഏജൻസി വിശ്വസിപ്പിക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. സെമസ്‌റ്റർ ഒന്ന് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. വിദ്യാർഥികൾ പരീക്ഷയെഴുതാതെ തിരികെ പോരുകയായിരുന്നെന്നും ഇവർ പറഞ്ഞു.









0 comments