അയ്മനം വില്ലേജ് സഹ. ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് തുറന്നു
സഹകരണ ബാങ്ക് സാധാരണക്കാരുടെ ആശ്രയം: മന്ത്രി വി എൻ വാസവൻ

അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ചും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
സാധാരണക്കാരുടെ ആശ്രയമാണ് സഹകരണ ബാങ്കെന്ന് മന്ത്രി വി എൻ വാസവൻ. അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ 100–ാം വാർഷികത്തോടനുബന്ധിച്ച് ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ചും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാടുകാരുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് പണം സ്വീകരിക്കുന്ന ഹോസ്റ്റ് ടു ഹോസ്റ്റ് സംവിധാനവും ലഘു സമ്പാദ്യ പദ്ധതിയും മന്ത്രി ഉദ്ഘാടനംചെയ്തു. നാടിന്റെ എല്ലാ വിഷമഘട്ടങ്ങളും തരണം ചെയ്യാൻ സഹകരണ ബാങ്ക് നൽകുന്ന പിന്തുണ ചെറുതല്ല. ബാങ്കിന്റെ ലാഭത്തിലൊരു പങ്ക് അതാത് പ്രദേശത്തെ പൊതു ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. റിസ്ക് ഫണ്ട് പോലുളള ഒരു പാട് ആശ്വാസ സഹായങ്ങൾ സഹകരണ മേഖല ഉറപ്പു വരുത്തുന്നു. 2.10കോടി രൂപയുടെ ഓഹരി മൂലധനവും 90 കോടി രൂപയുടെ നിക്ഷേപവും 63 കോടി രൂപയുടെ വായ്പയും നൽകിയിട്ടുള്ള ക്ലാസ് വൺ വിഭാഗത്തിൽപ്പെട്ട ബാങ്കാണ് അയ്മനം ബാങ്കെന്നും മന്ത്രി പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കോൺട്രാക്ടർ ഗ്രീൻ ഇന്റീരിയേഴ്സ് ഉടമ ഷൈനിയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ഒ ആർ പ്രതീപ് അധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ, ജില്ല സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ എൻ വേണുഗോപാൽ, ജില്ല പഞ്ചായത്തംഗം കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജനപ്രതിനിധികളായ മനോജ് കരീമഠം, പ്രമോദ് തങ്കച്ചൻ, മുൻ പ്രസിഡന്റ് കെ കെ ഭാനു എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മിനി മനോജ് സ്വാഗതവും സെക്രട്ടറി ടി എസ് രഞ്ജിത നന്ദിയും പറഞ്ഞു.










0 comments