ഏത്തക്കായ കയ്‌ക്കും; ഉപ്പേരിയും

ഓണം വിപണി ലക്ഷ്യമിട്ട് മേട്ടുപ്പാളയത്തുനിന്ന് കോട്ടയം മാർക്കറ്റിൽ എത്തിച്ച ഏത്തക്കുലകൾ ഇറക്കുന്നു

സ്വന്തം ലേഖകൻ
Published on Aug 15, 2026, 12:51 AM | 1 min read
കോട്ടയം
കനത്ത മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും ഏത്തവാഴകൾ നശിച്ചതോടെ വിപണിയിലേക്കുള്ള നാടൻ ഏത്തക്കായകളുടെ വരവ് കുറഞ്ഞു. ഓണമടുക്കുംമുന്പെ ഏത്തക്കായയ്‌ക്കും ഏത്തപ്പഴത്തിനും വിപണിയിൽ തീവില. വിളവെടുപ്പിന് പാകമായ ഏത്തവാഴകള്‍ മഴയിലും വെള്ളക്കെട്ടിലും നശിച്ചതാണ് ഇത്തവണ വില്ലനായത്. ചില്ലറ വിപണിയിൽ പച്ച ഏത്തക്കായ വില 80–90 രൂപ വരെയായി. 78 രൂപയാണ് വിഎഫ്‌പിസികെ വില. ഞാലിപ്പൂവൻ വില 100–120 രൂപയായി. വിപണിയിൽ ആവശ്യത്തിന് കിട്ടാനുമില്ല. ഏത്തപ്പഴം വില 70–80 രൂപയാണ്. വിപണിയിൽ വലിയ ഡിമാൻഡില്ലാതിരുന്ന റോബസ്‌റ്റ പഴത്തിനുപോലും ഇപ്പോൾ 60–70 രൂപയായി. നാടൻ കായയുടെ വരവ് തീരെ കുറഞ്ഞതിനാൽ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തുനിന്നാണ് കോട്ടയം മാർക്കറ്റിലേക്ക് കായ വരുന്നത്. ഓണമടുക്കുന്നതോടെ ഏത്തക്കായ, ഏത്തപ്പഴം വില ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണയുടെയും ഏത്തക്കായയുടെയും വില കൂടി നിൽക്കുന്നതിനാൽ ഉപ്പേരിയുടെയും ശർക്കര വരട്ടിയുടെയും വിലയും ഉയരും. വെളിച്ചെണ്ണയില്‍ വറുത്തെടുത്ത നാടന്‍ ഏത്തക്കാ ഉപ്പേരിക്ക് നിലവില്‍ കിലോയ്‌ക്ക് 450 –550 രൂപയാണ് വില. അതിതീവ്ര മഴയിൽ കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് മാത്രം ജില്ലയിൽ 125 ഏക്കർ സ്ഥലത്തെ ഏത്തവാഴകൃഷി നശിച്ചുപോയിരുന്നു. ഓണവിപണിയിൽ മികച്ച വില പ്രതീക്ഷിച്ച് കൃഷി ചെയ്‌ത ഏത്തവാഴകളാണ് നശിച്ചുപോയത്.









0 comments