ad
Deshabhimani

24 ദിവസത്തിനിടെ 
ചത്തത്‌ ഏഴ്‌ പശുക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 28, 2026, 03:16 AM | 1 min read

കോട്ടയം കടുത്ത ചൂടിൽ വെന്തുരുകി കന്നുകാലികൾ. അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ വിവിധ പ്രദേശങ്ങളിലായി 24 ദിവസത്തിനിടെ ഏഴ്‌ പശുക്കൾ സൂര്യാഘാതമേറ്റ്‌ ചത്തതായി മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്ക്‌. മരണകാരണം കടുത്ത ചൂടുമൂലമുണ്ടാകുന്ന സൂര്യാഘാതം(ഹീറ്റ്‌ സ്ട്രോക്ക്‌) ആണെന്ന്‌ കണ്ടെത്തി. ഏപ്രിലിൽ ചൂട്‌ വർധിച്ചതാണ്‌ മൃഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചത്‌. ഏപ്രിൽ നാലിന്‌ ഏറ്റുമാനൂരിലാണ്‌ ചൂട് സമ്മർദം കാരണമുള്ള ഈ വർഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് നെടുംകുന്നം ഒന്ന്‌(മൂരി), ടി വി പുരം ഒന്ന്‌(കിടാവ്‌), കുറിച്ചി ഒന്ന്‌, വെച്ചൂർ ഒന്ന്‌, തെക്കേത്തുകവല ഒന്ന്‌, പനച്ചിക്കാട്‌ ഒന്ന്‌ എന്നിങ്ങനെ സൂര്യാഘാതമേറ്റ്‌ കന്നുകാലികൾ ചത്തു. ചൂട് ക്രമാതീതമായി വർധിക്കുന്നത് ക്ഷീരകർഷകരെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന സാധാരണ ബോധവൽക്കരണ ക്ലാസുകൾക്ക് ഉപരിയായി വേനൽക്കാല സംരക്ഷണത്തിനായി എല്ലാ പഞ്ചായത്തിലും ക്ഷീര സംഘങ്ങളിൽ കർഷകർക്കായി പ്രത്യേകം ബോധവൽക്കരണ ക്ലാസുകൾ നടത്തി. ജില്ലയിലെ 11 ബ്ലോക്കുകളിലും അടിയന്തര സേവനത്തിനായി രാത്രികാല സേവനമൊരുക്കാനും അതുവഴി കർഷകർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുന്നുണ്ടെന്നും മൃഗസംരക്ഷണ ഓഫീസർ ഡോ. പി കെ മനോജ്‌കുമാർ പറഞ്ഞു. ​കൺട്രോൾ റൂമിൽ ബന്ധപ്പെടാം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ മൃഗാശുപത്രിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വിവരങ്ങൾക്കും ഉടൻ ചികിത്സയ്ക്കുമായി രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ 04812564623 എന്ന നമ്പറിൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home