ad
Deshabhimani

ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റം ജില്ലയിലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2026, 12:23 AM | 1 min read

കോട്ടയം സർക്കാർ ജീവനക്കാരുടെ ജീവനെടുക്കുംവിധം ജില്ലയിലും അനധികൃത സ്ഥലംമാറ്റങ്ങൾ തുടരുന്നു. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നിരവധി ജീവനക്കാരെയാണ്‌ സ്ഥലംമാറ്റിയത്‌. സ്ഥലംമാറ്റം ലഭിച്ച്‌ മൂന്ന്‌ വർഷമാകാത്തവരെയും ഒരു സ്ഥലംമാറ്റം ലഭിച്ച്‌ മാസങ്ങൾ മാത്രമായവരെയുമെല്ലാം രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി തലങ്ങും വിലങ്ങും മാറ്റി. കാൻസർ രോഗികളായ മാതാപിതാക്കൾ ഉള്ളവരെയും വിദൂര സ്ഥലങ്ങളിലേക്ക്‌ മാറ്റി. രാഷ്‌ട്രീയ ചായ്‌വ്‌ നോക്കിയുള്ള അനധികൃത സ്ഥലം മാറ്റങ്ങൾക്കെതിരെ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്‌. വ്യത്യസ്‌ത വകുപ്പുകൾ ഏകോപിച്ച് നടത്തേണ്ട ദുരിതാശ്വാസ പ്രവർത്തനങ്ങളെ അവതാളത്തിലാക്കും വിധമാണ്‌ സ്ഥലംമാറ്റിയത്‌. ജീവനക്കാർ പുതിയ ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്നതിന് നിയമപരമായ സമയം എടുക്കുന്നതും പുതിയ ജീവനക്കാർ മുൻപരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ ചുമതല നിർവഹിക്കേണ്ടിവരുന്നതും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. യുഡിഎഫ്‌ സർക്കാർ സത്യപ്രതിജ്ഞചെയ്യും മുന്പെ കോൺഗ്രസ്‌ അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ കത്തിന്‌ അനുസരിച്ച്‌ ജില്ലാ ട്രഷറിയിൽ ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. ആരോഗ്യം, പൊതുവിദ്യാഭ്യാസം, വ്യവസായം, തദ്ദേശം തുടങ്ങിയ വകുപ്പുകളിൽ ജീവനക്കാരെ സ്ഥലംമാറ്റി. എൻജിഒ യൂണിയൻ നേതാക്കളെ തിരഞ്ഞുപിടിച്ചാണ്‌ വിവിധ ജില്ലകളിലേക്ക്‌ മാറ്റിയത്‌. ജില്ലാ വ്യവസായ കേന്ദ്രത്തിൽ ജോലി ചെയ്‌തിരുന്ന എൻജിഒ യൂണിയൻ ജില്ലാ ജോയന്റ്‌ സെക്രട്ടറി ഷീന ബി നായരെ തിരുവനന്തപുരം നെയ്യാറ്റിൻകരയിലേക്ക്‌ മാറ്റി. കണ്ണൂരിൽനിന്ന്‌ സ്ഥലംമാറി എട്ട്‌ മാസം മുന്പ്‌ കോട്ടയത്തെത്തിയ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അജിത്‌ കുമാറിനെ ബ്രഹ്മമംഗലത്തേക്ക്‌ മാറ്റി. ആരോഗ്യവകുപ്പിൽ ക്ലറിക്കൽ തസ്‌തികയിലുള്ള നിരവധിപേരെ മാനദണ്ഡവിരുദ്ധമമായി സ്ഥലംമാറ്റി. തദ്ദേശ വകുപ്പിൽ ജോയിന്റ്‌ ഡയറക്‌ടറുടെ ഓഫീസിൽ അഞ്ച്‌ ജൂനിയർ സൂപ്രണ്ടുമാരെ മറ്റ്‌ പഞ്ചായത്തുകളിലേക്ക്‌ മാറ്റി. സഹകരണ വകുപ്പിൽ മൂന്ന്‌ ജീവനക്കാരെ കോഴിക്കോട്‌, തൃശൂർ ജില്ലകളിലേക്ക്‌ മാറ്റി. സ്ഥലം മാറ്റുന്ന ജീവനക്കാർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിനെ സമീപിച്ച്‌ അനുകൂലവിധി നേടുന്നുണ്ടെങ്കിലും വിധി നടപ്പാക്കാൻ തയ്യാറാകാത്ത അനുഭവവുമുണ്ട്‌. വിധി നടപ്പാക്കാത്തതിനെതിരെ ചിലർ കോടതിയെ സമീപിച്ചിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home