ad
Deshabhimani

അധ്യാപകരെവിടെ

adhyaapakarevide
വെബ് ഡെസ്ക്

Published on Jul 24, 2026, 12:20 AM | 1 min read

കോട്ടയം ഓണപ്പരീക്ഷ പടിവാതിൽക്കൽ നിൽക്കെ സ്‌കൂളുകളിൽ അധ്യാപകക്ഷാമം. ഒഴിവുകൾ നികത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകാത്തതും അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചതും പ്രതിസന്ധിക്ക് കാരണമായി. ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ നൂറിലധികം അധ്യാപക തസ്‌തികകളാണ്‌ ഒഴിഞ്ഞുകിടക്കുന്നത്‌. എൽപി വിഭാഗത്തിലാണ്‌ കൂടുതൽ. സെൻസസ്‌ ഡ്യൂട്ടിയും അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ വലയ്‌ക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ നികത്താനും സെൻസസ്‌ ഡ്യൂട്ടിക്ക്‌ പോയ അധ്യാപകർക്ക്‌ പകരം താൽക്കാലിക അധ്യാപകരെ നിയോഗിക്കാൻ സർക്കാർ തയ്യാറാകാത്തതും പഠനത്തെയും വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചു. അക്കാദമിക് കലണ്ടർ പ്രകാരം ആഗസ്ത് 13നാണ് ഓണപ്പരീക്ഷ തുടങ്ങുക. ജില്ലയിലെ 90 ശതമാനം സ്‌കൂളുകളിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായി. ഓണപ്പരീക്ഷയ്ക്കുമുമ്പ് നിശ്ചിത പാഠഭാഗങ്ങൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശവുമുണ്ട്‌. പരീക്ഷയ്‌ക്ക്‌ മുമ്പായി പാഠഭാഗങ്ങൾ പകുതിപോലും പൂർത്തിയാക്കാനാകില്ലെന്നും അധ്യാപകർ പറയുന്നു. അധ്യാപകർ ഭൂരിഭാഗം പേരും സെൻസസ് ഡ്യൂട്ടിയിലായതോടെ പലയിടത്തും ക്ലാസുകൾ നിർജീവമാണ്‌. പാഠഭാഗങ്ങൾ എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലാണ്‌ അധ്യാപകർ. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഉൾപ്പെടെ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ പ്രധാനാധ്യാപകരുടെ ഒഴിവുകളിലേക്ക് യോഗ്യരായവർക്ക് സ്ഥാനക്കയറ്റം നൽകിയും അധ്യാപകരെ ബിആർസി, എസ്എസ്‌കെ, കൈറ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് പുനക്രമീകരിച്ചും പ്രതിസന്ധിക്ക് പരിഹാരം കണ്ടിരുന്നു. നിലവിലെ സർക്കാരിന്റെ അലംഭാവം മൂലം അധ്യാപകരുടെ അർഹതപ്പെട്ട സ്ഥലംമാറ്റവും പ്രധാനാധ്യാപക നിയമനങ്ങളും അനിശ്ചിതത്വത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home