ad
Deshabhimani

ആര്‍പ്പൂക്കര ചുണ്ടന്‍ നാളെ നീരണിയും

aarppookkara chundan

നിർമാണം പൂർത്തിയാക്കിയ ആർപ്പുക്കര ചുണ്ടൻ സന്ദർശിക്കുന്ന മുഖ്യ രക്ഷാധികാരി മുൻ മന്ത്രി വി എൻ വാസവൻ. ഫാ. ഡോ. ജെയിംസ് മുല്ലശേരി, പ്രസിഡന്റ് ബിജു വെട്ടൂര്‍, നിര്‍വാഹക സമിതി അംഗം ബൈജു മാതിരമ്പുഴ തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on Aug 01, 2026, 12:21 AM | 1 min read

കോട്ടയം ജില്ലയിലെ ആദ്യ ജനകീയ ചുണ്ടന്‍വള്ളം ആര്‍പ്പൂക്കര ചുണ്ടൻ ഞായറാഴ്ച പകൽ 12ന്‌ നീരണിയും. ചടങ്ങില്‍ മൂവായിരത്തിലധികം ജലോത്സവ പ്രേമികളെ പ്രതീക്ഷിക്കുന്നതായി മുഖ്യരക്ഷാധികാരി മുന്‍ മന്ത്രി വി എന്‍ വാസവന്‍, ഫാ. ഡോ. ജെയിംസ് മുല്ലശേരി, പ്രസിഡന്റ് ബിജു വെട്ടൂര്‍, നിര്‍വാഹക സമിതി അംഗം ബൈജു മാതിരമ്പുഴ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍പ്പൂക്കരയില്‍ വള്ളം നിര്‍മിക്കുന്ന മാലിപ്പുരയ്ക്കുസമീപമാണ് നീരണിയല്‍. വള്ളം നിര്‍മാണ സമിതിയുടെ മുഖ്യ രക്ഷാധികാരികളായ വി എന്‍ വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, നാട്ടകം സുരേഷ് എംഎല്‍എ, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ് എന്നിവര്‍ ഭദ്രദീപം തെളിക്കും. മുഖ്യ ശിൽപി സാബു നാരായണന്‍ ആചാരി, സഹ ശിൽപികള്‍, മരം വെട്ടിയ രാജേഷ് നടുത്തൊട്ടിയും സംഘവും വള്ളം നിര്‍മിച്ച മാലിപ്പുരയുടെ സ്ഥലമുടമ സുഭാഷ് മംഗലശ്ശേരി, തടി നല്‍കിയ ജോണ്‍ കോയിക്കല്‍ എന്നിവരെ ആദരിക്കും. പകൽ 12ന് ശേഷം ചുണ്ടന്‍ വള്ളം നീരണിയും. വള്ളത്തിന്റെ ഓഹരി ഉടമകള്‍ വള്ളം തുഴഞ്ഞ് പെണ്ണാര്‍ തോട്ടിലൂടെ ജലഘോഷയാത്രയായി മണിയാപറമ്പിലേക്ക് നീങ്ങും. 2.30ന് മണിയാപറമ്പ് ചതുര്‍വേണി സംഗമത്തില്‍ ചുണ്ടന് വരവേൽപ് നല്‍കും. തുടര്‍ന്ന് നെഹൃു ട്രോഫിയില്‍ ആര്‍പ്പൂക്കര ചുണ്ടന്‍ തുഴയുന്ന കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബിന്റെ പ്രദര്‍ശന തുഴച്ചില്‍ നടക്കും. അഞ്ഞൂറിലേറെ കുടുംബങ്ങള്‍ക്ക് ആര്‍പ്പൂക്കര ചുണ്ടനില്‍ ഷെയറുണ്ട്. 65 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. വള്ളത്തിന് 128 അടി നീളമുണ്ട്. മത്സരത്തില്‍ 83 തുഴച്ചില്‍കാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും ഉള്‍പ്പെടെ 95 പേര്‍ ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home