രേഖാമൂലം
മയക്കോവ്‌സ്‌ക്കിയെ ബ്രിട്ടൻ പേടിച്ചതെന്തിന്?


ശ്രീകുമാർ ശേഖർ
Published on Jan 03, 2026, 11:05 AM | 2 min read
വ്ളാദിമിർ മയക്കോവ്‌സ്‌ക്കി പലർക്കും പലതായിരുന്നു. ചിലർക്ക് വിപ്ലവകവി; മറ്റുചിലർക്ക് ആത്മഹത്യയിൽ അഭയം തേടിയ നിരാശിതൻ. മലയാളത്തിലേക്ക് അദ്ദേഹത്തിന്റെ കവിതകൾ ഏറെയും പരിഭാഷപ്പെടുത്തിയ ഡോ. കെ അയ്യപ്പപണിക്കർക്ക്, ‘പലരേയും ചൊടിപ്പിക്കാന്‍ പോന്ന പ്രമേയപരവും രൂപശിൽപ്പപരവും വൃത്തപരവുമായ സവിശേഷതകളോടെ’ എഴുതിയ കവി. എന്നാൽ മൂവായിരം കിലോമീറ്റർ അകലെ റഷ്യയിൽ ജീവിച്ച കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആരായിരുന്നു മയക്കോവ്‌സ്‌ക്കി?
“യുകെയിൽ ഒരിടത്തും ഇറങ്ങാൻ ഈ മനുഷ്യനെ അനുവദിക്കുകയോ അദ്ദേഹത്തിനു വിസ നൽകുകയോ ചെയ്യരുത്. എല്ലാ ബ്രിട്ടീഷ് കോളനി രാജ്യങ്ങൾക്കും ഈ മുന്നറിയിപ്പ് നൽകണം.”
1923 ഫെബ്രുവരി 9-ന് പുറപ്പെടുവിച്ച ഈ സർക്കുലർ മയക്കോവ്‌സ്‌ക്കിയെപ്പറ്റിയായിരുന്നു. കമ്യൂണിസ്റ്റ് ഭീകരനായി വിലയിരുത്തിയായിരുന്നു ഇന്ത്യയിലടക്കം ബ്രിട്ടീഷ് സാമ്രാജ്യത്വം കവിക്ക് പ്രവേശനം നിഷേധിച്ചത്. ഇംഗ്ലണ്ടിലെ ഹോം ഓഫീസിലെ ഏലിയൻ ശാഖയുടെ ചീഫ് ഇൻസ്‌പെക്ടർ ഹാൽഡേൻ പോർട്ടർ അയച്ച കുറിപ്പിൽ മയക്കോവ്‌സ്‌ക്കിയുടെ ലഘുജീവചരിത്രമുണ്ട്. അതിങ്ങനെ:
1894 ജൂലൈ 7-ന് ബാഗ്‌ദാറ്റിയിൽ ജനിച്ചു. 1907-ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർടിയുടെ ബോൾഷെവിക് വിഭാഗത്തിൽ അംഗമായി (ഇപ്പോൾ കമ്യൂണിസ്റ്റ് പാർടി).
‘സഖാവ് കോൺസ്റ്റന്റൈൻ’ എന്ന പേരിൽ മോസ്‌കോയിലെ തൊഴിലാളികൾക്കിടയിൽ വിപ്ലവ പ്രചാരണത്തിൽ സജീവമായി പങ്കെടുത്തു. 1907-ൽ ബോൾഷെവിക് പാർടിയുടെ മോസ്‌കോ കമ്മിറ്റിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സാർ ഭരണകൂടത്തിന്റെ രഹസ്യപ്പൊലീസ് അറസ്റ്റ് ചെയ്‌തു. മോചിതനായെങ്കിലും വീണ്ടും പിടിക്കപ്പെടുകയും മോസ്‌കോയിലെ ബ്യൂതിർക്കി ജയിലിൽ 11 മാസം തടവിൽ കഴിയുകയും ചെയ്‌തു. തടവുകാലത്താണ് കവിത എഴുതാൻ ആരംഭിച്ചത്. പിന്നീട് റഷ്യയിലെ ആദ്യ ഫ്യൂച്ചറിസ്റ്റ് കവിയായി മയക്കോവ്‌സ്‌ക്കി മാറി. യുദ്ധകാലത്ത് മാക്‌സിം ഗോർക്കിയോടൊപ്പം ചേർന്ന് ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിൽ മയക്കോവ്‌സ്‌ക്കി പങ്കെടുത്തു. 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയതോടെ, പ്രൊലെട്കൾട്ട് പ്രസ്ഥാനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തന്റെ സേവനം സമർപ്പിച്ചു.
മയക്കോവ്‌സ്‌ക്കിയെ ബ്രിട്ടനിലോ കോളനികളിലോ കാലുകുത്താൻ അനുവദിക്കരുതെന്ന് നിർദേശിക്കുന്ന സർക്കുലർ
1919-ൽ കമ്യൂണിസ്റ്റ് പ്രചാരണ–പ്രക്ഷോഭ പ്രവർത്തനങ്ങളുടെ പ്രധാന നേതാക്കളിൽ ഒരാളായി മാറിയ മയക്കോവ്‌സ്‌ക്കി, ‘റോസ്റ്റ’ (റഷ്യൻ ടെലഗ്രാഫ് ഏജൻസി) വിഭാഗത്തിൽ പ്രവർത്തിച്ചു. 1921 മുതൽ മോസ്‌കോയിലെ ഇസ്‌വെസ്‌തിയ പത്രത്തിനായി സ്വന്തം പേരു വയ്‌ക്കാതെ പ്രചാരണ ലേഖനങ്ങൾ എഴുതാൻ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് മയക്കോവ്‌സ്‌ക്കിക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയത്. പുസ്‌തകങ്ങൾക്കെന്നപോലെ ‘കമ്യൂണിസ്റ്റ് ഭൂത’ത്തെ പേടിച്ച് ഒട്ടേറെപ്പേർക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇങ്ങനെ വിലക്കേർപ്പെടുത്തിയിരുന്നു. ലോകം ആദരിച്ചിരുന്ന ശാസ്‌ത്രജ്ഞരും എഴുത്തുകാരും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ ഈ പട്ടികയിൽ ഉൾപ്പെട്ടു. തുറമുഖങ്ങളിലോ വിമാനത്താവളങ്ങളിലോ ഇവരിലാരെങ്കിലും വന്നിറങ്ങിയാൽ അപ്പോൾതന്നെ തിരിച്ചയക്കുകയായിരുന്നു പതിവ്.
മയക്കോവ്‌സ്‌ക്കിയുടെ പേരുള്ള സർക്കുലർ അടങ്ങിയ ഫയൽ (Home–Political–NA–1922–NA–F–81) 121 പേജുള്ളതാണ്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ‘വിലക്കപ്പെട്ടവരുടെ’ വിവരങ്ങളാണ് ഇതിൽ നിറഞ്ഞിരിക്കുന്നത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽ നിന്നുമുള്ള കമ്യൂണിസ്റ്റ് ബന്ധമുള്ളവരാണ് ഏറെപ്പേരും. ഇവരുടെ സാന്നിധ്യംപോലും ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കമ്യൂണിസത്തിന് വിത്തുപാകുമെന്ന ഭയമായിരുന്നു ഭരണാധികാരികൾക്ക്.
മയക്കോവ്‌സ്‌ക്കി
ലെനിന്റെ മരണവേളയിൽ മയക്കോവ്‌സ്‌ക്കി എഴുതിയ മൂവായിരം വരികളുള്ള ലെനിനെക്കുറിച്ചുള്ള ഗീതകം ഒരുകാലത്ത് റഷ്യയിലുടനീളം മുഴങ്ങി. (ആദ്യം കെ പി ജി നമ്പൂതിരി ഭാഗികമായും, പിന്നീട് ഡോ. കെ അയ്യപ്പപണിക്കർ പൂർണമായും ഈ കവിത മലയാളത്തിലാക്കി.) പല യൂറോപ്യൻ നഗരങ്ങളിലും അമേരിക്കയിലും മെക്‌സിക്കോയിലും പര്യടനം നടത്തിയെങ്കിലും, വിലക്കുമൂലം ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഒരിടത്തും കവിക്ക് എത്താനായില്ല. ബ്രിട്ടനിലേക്കും ഇന്ത്യയിലേക്കും വിസയ്‌ക്ക് അപേക്ഷ നൽകിയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു.
ബ്രിട്ടന്റെ മുന്നറിയിപ്പ് സർക്കുലർ ഇറങ്ങി ഏഴുവർഷം മാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നത്. 1930 ഏപ്രിൽ 14-ന്, മുപ്പത്തിയാറാം വയസ്സിൽ, മയക്കോവ്‌സ്‌ക്കി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്‌തു.








0 comments