ad
Deshabhimani

അഭിമുഖം

വാർധക്യജീവിതത്തിന്റെ കേരളീയ പാഠങ്ങൾ

 ഡോ. ടി എം തോമസ്‌ ഐസക് ഫോട്ടോ: ജി പ്രമോദ്‌



സംസ്ഥാന ബജറ്റ്‌ അവതരണത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഭാഗമാണ്‌ വയോജന ബജറ്റ്‌. സവിശേഷമായ കേരള മാതൃകയുടെ ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നായ സാർവത്രിക പൊതുജനാരോഗ്യ സംവിധാനത്തിന്റെ മഹത്തായ വിജയത്തിൽ നിന്നാണ്‌ ഇങ്ങനെയൊരു ആശയം രൂപം കൊണ്ടത്‌.രാജ്യത്തെ മറ്റ്‌ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച്‌ വടക്കേഇന്ത്യൻ സംസ്ഥാനങ്ങളെ അതിശയിപ്പിക്കുംവിധം ലോകോത്തര ആരോഗ്യരക്ഷാ സംവിധാനങ്ങളിലേക്ക്‌ കേരളം മാറിയിട്ടുണ്ട്‌. കേന്ദ്രസർക്കാരിന്‌ തന്നെ കേരളത്തി‍ന്റെ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കാൻ കഴിയുന്നില്ല. വികസിത മുതലാളിത്ത രാജ്യങ്ങളെ പിറകിലാക്കി ശിശുമരണ നിരക്ക്‌ കുറയ്‌ക്കാൻ കേരളത്തിനായി. ആയുർദൈർഘ്യം വർധിപ്പിക്കാനും ജനസംഖ്യാനിയന്ത്രണത്തിലും മികച്ച നേട്ടമുണ്ടാക്കാനും കേരളത്തിനായി.

ഇ‍ൗ‍ സാഹചര്യത്തിൽ കേരളത്തിന്‌ പ്രായമാകുന്നു എന്ന പുതിയ വെല്ലുവിളി ഉയരുന്നു. വയോധികരുടെ എണ്ണം കൂടുന്പോൾ യുവാക്കളുടെ എണ്ണം കുറയുന്നു. കേരളത്തിന്റെ ഭാവി‍യെ ഇതെങ്ങനെ ബാധിക്കും? ഇ‍ൗ വിഷയത്തെയാണ്‌ വയോജന ബജറ്റിലൂടെ അഭിസംബോധന ചെയ്യുന്നത്‌. സംസ്ഥാന പദ്ധതിയുടെ 3.8 ശതമാനം വയോജന ബജറ്റാണ്. മൊത്തം പദ്ധതിയേതര ചെലവിന്റെ 21.72 ശതമാനം വയോജനങ്ങൾക്കായി മാത്രമായി നീക്കിവച്ചിരിക്കുന്നു. മൊത്തം വയോജന ബജറ്റ് 46,236.52 കോടി രൂപയാണ്, ഇത് മൊത്തം സംസ്ഥാന ബജറ്റിന്റെ 19.07 ശതമാനമാണ്. ഇത് കേരളത്തിന്റെ വൃദ്ധജനസംഖ്യയ്‌ക്ക് ഏകദേശം ആനുപാതികമാണ്‌. സംസ്ഥാനത്തെ വയോജനങ്ങൾക്കായുള്ള പ്രധാന പരിപാടികളും സംരംഭങ്ങളും നാല് പ്രധാന വിഭാഗങ്ങളായി വയോജന ബജറ്റിൽ നൽകിയിരിക്കുന്നു: 1. ആരോഗ്യവും പരിചരണവും, 2. സാമൂഹിക സുരക്ഷ, 3. മുതിർന്നവരുടെ വിദ്യാഭ്യാസവും ഉപജീവനമാർഗവും, 4. തടസ്സരഹിതമായ അടിസ്ഥാന സൗകര്യങ്ങൾ.

വയോധികരുടെ എണ്ണം വർധിക്കുന്ന പുതിയ സാഹചര്യം ഒരു വെല്ലുവിളിയും ഒരു സാധ്യതയുമാണെന്ന്‌ പറയുന്നു സാന്പത്തിക വിദഗ്‌ധനും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ്‌ ഐസക്. ജനസംഖ്യാ നിയന്ത്രണത്തിലെ വിജയവും ജനനനിരക്ക്‌ കുറയ്‌ക്കാനായതും ആയുർദൈർഘ്യം വർധിച്ചതുമൊക്കെ കേരളത്തിന്‌ എങ്ങനെ സാധ്യതയാക്കി മാറ്റാമെന്നും വയോധികർ കേരളത്തിന്റെ സ്വത്താണെന്നും ഡോ. ഐസക് പറയുന്നു.

 ഡോ. ടി എം തോമസ്‌ ഐസക് ഫോട്ടോ: ജി പ്രമോദ്‌ ഡോ. ടി എം തോമസ്‌ ഐസക് ഫോട്ടോ: ജി പ്രമോദ്‌

? യൂറോപ്പിന്‌ സമാനമായ ഒരു ജനസംഖ്യാ മാറ്റത്തിന്‌ കേരളം സാക്ഷിയാകുമെന്നാണ്‌ 2021 മുതൽ 2051 വരെയുള്ള ജനസംഖ്യയെക്കുറിച്ചുള്ള പോപ്പുലേഷൻ ഫ‍ൗണ്ടേഷൻ ഓഫ്‌ ഇന്ത്യ നടത്തിയ പഠനം കാണിക്കുന്നത്‌. 2041ന്‌ ശേഷം നെഗറ്റീവ്‌ വളർച്ചയാണ്‌ കാണിക്കുന്നത്‌. ഇത്‌ കേരളം ഇന്നുവരെ നേടിയ സാമൂഹിക പുരോഗതിയുടെ നേട്ടമായാണോ ബാധ്യതയായാണോ പരിഗണിക്കേണ്ടത്‌.

= കേരളത്തി‍ന്റെ വികസനാനുഭവത്തിന്റെ വളരെ പ്രധാനപ്പെട്ട മേഖലയാണ്‌ ജനസംഖ്യാ പരിണാമം. നമ്മുടെ രാജ്യം ജനസംഖ്യാ നിയന്ത്രണത്തിന്‌ ഒരു ഘട്ടത്തിൽ വലിയ പ്രാധാന്യം നൽകിയിരുന്നു. കാരണം ജനപ്പെരുപ്പമുണ്ടാകുന്പോൾ അവരുടെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ സാമൂഹ്യക്ഷേമ സ‍ൗകര്യങ്ങളിലെല്ലാം വലിയതോതിൽ പണം മുടക്കേണ്ടിവരും. അതുപോലെ തന്നെ തൊഴിലവസരങ്ങളും സൃഷ്‌ടിക്കേണ്ടി വരും. അതുകൊണ്ട്‌ തന്നെ സ്വതന്ത്ര ഇന്ത്യയിൽ തൊണ്ണൂറുകൾ വരെ ജനപ്പെരുപ്പം നിയന്ത്രണത്തിന്‌ വലിയ പ്രാധാന്യം നൽകിവന്നു. ചൈനയും അങ്ങനെ തന്നെയായിരുന്നു. ലോകമാസകലമുള്ള പ്രവണതയായിരുന്നു അത്‌.

കേരളം പുറത്തെല്ലാം അറിയപ്പെട്ടത്‌ കഠിന നിയന്ത്രണങ്ങളും സമ്മർദവും ഇല്ലാതെ ജനസംഖ്യാ പരിണാമത്തിന്റെ ഉയർന്ന ഘട്ടത്തിലേക്ക്‌ പ്രവേശിച്ച പ്രദേശം എന്ന നിലയ്‌ക്കാണ്‌. ജനസംഖ്യാ പരിണാമം എന്നു പറയുന്പോൾ ആധുനിക കാലം തുടങ്ങുന്നതിന്‌ മുന്പ്‌ എല്ലാ രാജ്യങ്ങളിലും വളരെ ഉയർന്ന ജനനനിരക്കും വളരെ ഉയർന്ന മരണ നിരക്കും ഉണ്ടാകും. അതുകൊണ്ട്‌ ജനസംഖ്യയുടെ വളർച്ച വളരെ പതുക്കെയായിരുന്നു. ഒരു വർഷം ഒരു ശതമാനമൊക്കെ മാത്രം. നൂറ്റാണ്ടുകൾ കൊണ്ടാണ്‌ ജനസംഖ്യയിൽ മാറ്റം വരുന്നത്‌. എന്നാൽ ആധുനിക വൈദ്യശാസ്‌ത്രവും ആരോഗ്യ പരിപാലനവുമൊക്കെ വരുന്നതോടെ മരണ നിരക്ക്‌ കുറയാൻ തുടങ്ങി. ജനന നിരക്ക്‌ കുടുംബത്തക്കുറിച്ചുള്ള സങ്കൽപ്പങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. പണ്ടുകാലത്ത്‌ ഏഴെട്ട്‌ കുട്ടികളുണ്ടെങ്കിലേ അവർ പ്രായപൂർത്തിയാകുന്പോൾ ഒന്നു രണ്ടു പേരെങ്കിലും ഉണ്ടാകൂ. അതുകൊണ്ട്‌ അന്ന്‌ വലിയ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇന്ന്‌ മരണ നിരക്ക്‌ ഗണ്യമായി കുറയുന്നു. പക്ഷേ കുടുംബത്തെക്കുറിച്ചുള്ള മൂല്യബോധത്തിൽ മാറ്റം വരണമെങ്കിൽ കാലമെടുക്കും. അതുകൊണ്ട്‌ ജനസംഖ്യാ പരിണാമത്തിന്റെ രണ്ടാംഘട്ടമെന്നതിൽ ജനന നിരക്ക്‌ താഴില്ല. മരണ നിരക്ക്‌ ഉയരും.


കേരളം 1950‐കളിൽ തന്നെ ഇങ്ങനെയൊരു ഘട്ടത്തിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. പക്ഷേ കുറച്ചു കഴിയുന്പോൾ, അതായത്‌ സ്‌ത്രീ വിദ്യാഭ്യാസം വ്യാപകമാകുകയും ശിശുമരണ നിരക്ക്‌ കുത്തനെ കുറയാൻ തുടങ്ങുകയും ചെയ്യുന്പോൾ കുടുംബത്തെക്കുറിച്ചുള്ള സങ്കൽപ്പത്തിൽ മാറ്റം വരും. ഒന്നോ രണ്ടോ കുട്ടികളുണ്ടെങ്കിലും അവർ പ്രായപൂർത്തിയാകുംവരെ ജീവിക്കും എന്നൊരു ധാരണ വരും. അപ്പോൾ ചെറിയ കുടുംബം എന്നതായിത്തീരും കുടുംബത്തെക്കുറിച്ചുള്ള സങ്കൽപ്പം. അതോടുകൂടി നിയന്ത്രണം, പ്രത്യേകിച്ച്‌ മതപരമായ നിയന്ത്രണങ്ങൾ പലർക്കുമുണ്ടെങ്കിലും സ്വാഭാവികമായും ജനന നിയന്ത്രണ രീതികൾ അവലംബിക്കും. ജനന നിരക്ക്‌ കുറയും. അതോടെ ജനസംഖ്യാ പരിണാമം ഒരു പുതിയ ഘട്ടത്തിലേക്ക്‌ പ്രവേശിക്കും. വളരെ താഴ്‌ന്ന മരണ നിരക്ക്‌, വളരെ താഴ്‌ന്ന ജനന നിരക്ക്‌ എന്നിങ്ങനെയുണ്ടാകും. ജനങ്ങളുടെ എണ്ണം കൂടുന്ന നിരക്ക്‌ കുറയും. ഒരു ഘട്ടമെത്തുന്പോൾ ജനസംഖ്യ വർധിക്കാതാവും. കുട്ടികളുടെ എണ്ണം കുറയുകയും പ്രായമുള്ളവരുടെ എണ്ണം വർധിക്കുന്നതും ഇ‍ൗ ഘട്ടത്തിന്റെ പ്രത്യേകതയാണ്‌.

പണ്ട്‌ ഏഴെട്ട്‌ കുട്ടികളുള്ള വീട്ടിൽ പ്രായം ചെന്നവർ അപൂർവമായിരിക്കും. ഇപ്പോൾ അതുമാറി. വീട്ടിൽ ഒരു കുട്ടിയും പ്രായം ചെന്നവർ രണ്ടു പേരുമുണ്ടാകുന്ന സ്ഥിതി. അതിലേക്ക്‌ കുടുംബം മാറുകയാണ്‌. കേരളത്തിലുള്ള ഇ‍ൗ ജനസംഖ്യാ പരിണാമം നമ്മുടെ വികസനത്തിന്റെ നേട്ടമായാണ്‌ കാണേണ്ടത്‌, ഒരു സംശയവും വേണ്ട. ഒരു ദോഷമായല്ല അതിനെ സമീപിക്കേണ്ടത്‌.

‘ട്രാൻസെൻഡൻസ്‌’ ‐ ഫോട്ടോ: ബിജു ഇബ്രാഹിം‘ട്രാൻസെൻഡൻസ്‌’ ‐ ഫോട്ടോ: ബിജു ഇബ്രാഹിം

പക്ഷേ ഇ‍ൗ മാറ്റത്തിലും ആശങ്കയുണ്ട്‌. കാരണം ജോലി ചെയ്യാനുള്ള പ്രായത്തിലുള്ളവരുടെ എണ്ണം കുറയും. പ്രായമുള്ളവരുടെ എണ്ണം കൂടും. അപ്പോൾ ആശ്രിതരുടെ എണ്ണം കൂടും. മുൻകാലത്ത്‌ കുട്ടികളായിരുന്നു ആശ്രിതരെങ്കിൽ ഇപ്പോൾ പ്രായം ചെന്നവരാണ്‌ ആശ്രിതർ. പക്ഷേ ജോലി ചെയ്യുന്നവരുടെ എണ്ണം ആനുപാതികമായി കുറഞ്ഞുവരും. ജനസംഖ്യയിൽ ജോലി ചെയ്യാൻ പ്രാപ്‌തിയുള്ള ആളുകളുടെ ശതമാനം കൂടിക്കൊണ്ടിരിക്കാം, ഭൂരിപക്ഷമായിരിക്കാം എന്ന ഘട്ടത്തെയാണ്‌ പോപ്പുലേഷൻ ഡിവിഡന്റ്‌ എന്നു പറയുന്നത്‌. ഇത്‌ കുറഞ്ഞാൽ ആശ്രിതരുെടെ എണ്ണം കൂടുതലാകും. അപ്പോൾ അവർക്കുവേണ്ടി കൂടുതൽ പണം സമൂഹം മാറ്റിവയ്‌ക്കേണ്ടി വരും.

നമ്മുടെ സാമൂഹ്യ പുരോഗതിയുടെ നേട്ടമായി വേണം ഇതിനെ കാണാൻ. ആരും ബലം പ്രയോഗിച്ചല്ല കേരളത്തിൽ കുട്ടികളുടെ എണ്ണം കുറഞ്ഞത്‌. നേട്ടത്തിന്റെ ഫലമായാണ്‌ ആയുർദൈർഘ്യം കൂടിയത്‌. ഇന്ത്യയിൽ ഒരു ജന്മത്തിൽ ഏഴെട്ടു വർഷം കൂടുതൽ ജീവിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുക എന്നത്‌ മോശം കാര്യമാണോ? അതുകൊണ്ട്‌ ഇത്‌ വലിയ നേട്ടമായി തന്നെ കാണണം.


? 14 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 19.3 ശതമാനത്തിൽനിന്ന്‌ 12.8 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തമെന്ന്‌ പഠനം പറയുന്നു. ശരാശരി ആയുർദൈർഘ്യം 83‐ലേക്ക്‌ എത്തുമെന്നും. ഇത്‌ സൃഷ്‌ടിക്കുന്ന ആശ്രിതത്വ അനുപാത വർധന കേരളത്തിൽ എന്തെല്ലാം സങ്കീർണതകളാണ്‌ സൃഷ്‌ടിക്കാൻ പോകുന്നത്‌.

= ആശ്രിതത്വ അനുപാതം വർധിച്ചാൽ വലിയ സങ്കീർണതകളുണ്ടാകും. ഒന്ന്‌‐ പ്രായം ചെന്നവരെ സംരക്ഷിക്കുക എന്നതുതന്നെ. കുട്ടികളുടെ എണ്ണം പെരുകിയ കാലത്ത്‌ നമ്മൾ കുട്ടികളെ നന്നായി നോക്കിയില്ലേ. കേരളത്തിന്റെ പെരുമ ഇ‍ൗ കുട്ടികളെ നന്നായി നോക്കിയതിലാണ്‌. അവർക്ക്‌ നല്ല ആശുപത്രികൾ, നല്ല സ്‌കൂളുകൾ, നഴ്‌സറികൾ, ബാലാവകാശം എല്ലാം നമ്മൾ അംഗീകരിച്ചു. സമൂഹം ഇങ്ങനെ ഇടപെട്ടില്ലെങ്കിലും അച്ഛനും അമ്മയും കുട്ടികളെ നോക്കും. അത്‌ സഹജവാസനയാണ്‌. പക്ഷേ പ്രായമുള്ളവരെ മക്കൾ നോക്കണമെന്നില്ല. അങ്ങനെയൊരു സഹജ വാസന ജന്തു, പറവ ലോകത്തുപോലുമില്ല. അപ്പോൾ ഇങ്ങനെയൊരു കാലഘട്ടത്തിൽ എങ്ങനെ ഇടപെടും എന്നത്‌ പ്രശ്‌നമാണ്‌. പാശ്‌ചാത്യ ലോകത്ത്‌ പ്രായമുള്ളവർക്ക്‌ താമസിക്കാനും മരിക്കാനുമൊക്കെ ഓൾഡ്‌ ഏജ്‌ ഹോം ഒക്കെയുണ്ട്‌. ജോലി ചെയ്യുന്ന കാലത്തുതന്നെ അവർ അങ്ങനെ ഒരിടം വാങ്ങിക്കും. നമ്മളിൽ എല്ലാവർക്കും അത്രയൊന്നും വരുമാനമില്ല. സാന്പത്തികമായി ചോയ്‌സ്‌ ഇല്ല. നമ്മുടെ സംസ്‌കാരം അതിനെ നന്നായല്ല വീക്ഷിക്കുന്നത്‌. സാംസ്‌കാരികമായി അത്‌ സ്വീകാര്യമല്ല. ജനിച്ചു വളർന്ന സ്ഥലത്തുതന്നെ താമസിക്കുക എന്നതാണ്‌ നമ്മുടെ സങ്കൽപ്പം. ഓൾഡ്‌ ഏജ്‌ ഹോം നമ്മുടെ പരിഗണനയിലില്ല. കെ ജി ജോർജിന്റെ മരണത്തെ തുടർന്നുള്ള വിവാദം ഓർമയില്ലേ. അദ്ദേഹം തന്നെ തെരഞ്ഞെടുത്തതാണ്‌ ഓൾഡ്‌ ഏജ്‌ ഹോം. നാട്ടുകാർക്ക്‌ സമ്മതമായില്ല.

‘ട്രാൻസെൻഡൻസ്‌’ ‐ ഫോട്ടോ: ബിജു ഇബ്രാഹിം‘ട്രാൻസെൻഡൻസ്‌’ ‐ ഫോട്ടോ: ബിജു ഇബ്രാഹിം

ഇതൊരു വലിയ വെല്ലുവിളിയാണ്‌. സാന്പത്തികനിലയെക്കാൾ വളരെ ഉയർന്ന സാമൂഹ്യപദവി കൈവരിക്കാൻ നമുക്ക്‌ സാധിച്ചു. അതുകൊണ്ട്‌ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങൾ നമുക്കൊരു പോംവഴിയല്ല. പ്രായമുള്ളവർക്ക്‌ എങ്ങനെ സ‍ൗഹൃദപൂർണമായ അന്തരീക്ഷമൊരുക്കുമെന്നതാണ്‌ ആദ്യത്തെ സങ്കീർണത. അവർ അവരുടെ വീടുകളിൽ താമസിക്കുന്പോഴും പ്രത്യേകിച്ച്‌ കിടപ്പുരോഗിയാകുന്പോഴും അവിടെ തന്നെ സംരക്ഷിക്കണം. പക്ഷേ അത്‌ വീട്ടുകാരുടെ മാത്രം ഉത്തരവാദിത്വമല്ല. സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്‌. കുട്ടികളെ നോക്കുന്നത്‌ അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ്‌ കേരളത്തിന്റെ പ്രത്യേകത. അതുകൊണ്ടാണ്‌ നവകേരള സങ്കൽപ്പത്തിൽ പ്രധാനസ്ഥാനം പ്രായമുള്ളവർക്ക്‌ നൽകുന്നത്‌. കിടപ്പുരോഗികൾക്ക്‌ അവരുടെ വീടുകളിൽ തന്നെ സാമൂഹിക പിന്തുണയോടെ സുഖകരമായി ജീവിക്കാനുള്ള സംവിധാനം കേരള സർക്കാർ ചെയ്യുന്നത്‌, അല്ലെങ്കിൽ പഠന കോൺഗ്രസുകൾ ചൂണ്ടിക്കാണിക്കുന്നത്‌ വിപ്ലവകരമായ ഇ‍ൗ മാറ്റമാണ്‌. അവരുടെ വീടുകളിൽ സ‍ൗജന്യമായ പരിചരണത്തിനുള്ള, പാലിയേറ്റീവ്‌ പരിചരണത്തിനുള്ള സംവിധാനമാണത്‌.

ഇന്ത്യയിലെ പാലിയേറ്റീവ്‌ സംവിധാനങ്ങളിൽ 80 ശതമാനവും കേരളത്തിലാണ്‌. സന്നദ്ധാടിസ്ഥാനത്തിൽ ആളുകൾ ചെന്ന്‌ പരിചരണം നൽകുന്നു. സർക്കാർ വയോമിത്രവും മറ്റും വഴി മരുന്ന്‌ വീടുകളിൽ എത്തിച്ചുനൽകുന്നു. വിടവുണ്ടെങ്കിൽ അത്‌ തദ്ദേശസ്ഥാപനങ്ങൾ പരിഹരിക്കും. മാരാരിക്കുളത്ത്‌ കിടപ്പുരോഗികൾക്ക്‌ സഹായം നൽകുന്നു. 700 പേർക്കാണ്‌ ആലുപ്പുഴയ്‌ക്കും ചേർത്തലയ്‌ക്കുമിടയ്‌ക്ക്‌ സ‍ൗജന്യഭക്ഷണം നൽകുന്നത്‌. ടെലി മെഡിസിൻ വഴി ചികിത്സ ഉറപ്പാക്കുന്നു. നഴ്‌സ്‌ പോകുന്പോൾ ടെലിഫോൺ വഴിയോ വീഡിയോ കോൺഫറൻസ്‌ വഴിയോ മരുന്ന്‌ നൽകുന്നു. സ‍ൗജ്യന്യ ആംബുലൻസും ആശുപത്രികളിൽ സ‍ൗജന്യ സേവനവും ഉറപ്പാക്കുന്നു. സന്പൂർണ പരിരക്ഷയാണിത്‌.


പണമുള്ളവർ ആളെ നിർത്താൻ തയ്യാറാണ്‌. അവർക്കുവേണ്ടിയാണ്‌ സാന്ത്വനമിത്രം പദ്ധതി കുടുംബശ്രീ ആരംഭിക്കുന്നത്‌. അവിടെ നിങ്ങൾക്കുവേണമെങ്കിൽ കാലത്തുവന്ന്‌ മൂന്നുമണിക്കൂർ പരിചരണ ജോലി ചെയ്‌ത്‌ പോകാം. പകൽ മുഴുവൻ ആളെ നിർത്താനും കഴിയും. ഭിന്നശേഷിക്കാർക്കും ഇങ്ങനെ പരിചരണം നൽകാം. താങ്ങാവുന്ന ചെലവിൽ ഇത്‌ സാധ്യമാക്കാം.

ഇപ്പോൾ ഡിജിറ്റൽ ഗ്രിഡ്‌ വന്നുകഴിഞ്ഞു. എല്ലാ കിടപ്പുരോഗികൾക്കും രജിസ്റ്റർ ചെയ്യാം. ടെലിമെഡിസിൻ ഓട്ടോമാറ്റിക്‌ സംവിധാനമാണ്‌. മെഡിക്കൽ റിപ്പോർട്ട്‌ അയക്കേണ്ട. വരുന്ന നഴ്‌സ്‌ ശേഖരിക്കുന്ന പനിയുടെയും താപനിലയുടെയും വിവരങ്ങളും മറ്റു ലക്ഷണങ്ങളുമൊക്കെ ഓട്ടോമാറ്റിക്‌ ആയി എഐ സംവിധാനത്തിലൂടെ ഒരു മെഡിക്കൽ റിപ്പോർട്ടായി ഡോക്ടറുടെ മുന്നിലെത്തും. കിടപ്പുരോഗിയെ നിരീക്ഷിക്കുന്നത്‌ ക്യാമറ കൊണ്ടാണ്‌. അതും സ്വകാര്യത നഷ്‌ടപ്പെടാതെ. അത്തരത്തിലുള്ള സന്പൂർണ സുരക്ഷയാണ്‌ നമ്മൾ മുന്നോട്ടുവയ്‌ക്കുന്നത്‌. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ എൽഡിഎഫ്‌ ഇക്കാര്യം പറഞ്ഞിരുന്നു.


ഇത്‌ കിടപ്പിലായവരുടെ കാര്യം. എന്നാൽ കിടപ്പിലാവാത്തരുണ്ട്‌. 56ാം വയസ്സിൽ റിട്ടയർ ചെയ്യുന്നവർ. 80 വയസ്സിന്‌ ശേഷമൊക്കെയാകും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുക. ഇ‍തിനിടയിൽ എന്ത്‌ ചെയ്യും? അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും വ്യായാമം കൊടുക്കുകയും വേണം. അതാണ്‌ ഹെൽത്തി എയ്‌ജിങ്‌. കിടപ്പിലാവുന്ന കാലം പരമാവധി കുറയ്‌ക്കുക എന്നതാവണം. ജീവിതസായാഹ്നത്തിന്റെ ഗുണനിലവാരം ഉയർത്താൻ പിന്തുണ നൽകാം. അവിടെ ശാരീരിക വ്യായാമവും മരുന്നുമുണ്ട്‌. പക്ഷേ അതിലും പ്രധാനം മാനസിക വ്യായാമമാണ്‌. സ്‌മൃതിഭ്രംശം തടയണമെങ്കിൽ മാനസികാരോഗ്യം പ്രധാനമാണ്‌. പ്രായമുള്ളവർ ഒരു ബാധ്യതയല്ലെന്ന്‌ സമൂഹം മനസ്സിലാക്കണം. കിടപ്പായവർ ഒരു ഭാരമാണ്‌. പക്ഷേ 56 മുതൽ 75 വരെ പ്രായമുള്ളവർ ഭാരമൊന്നുമല്ല. കേരളത്തിൽ പ്രായമുള്ളവരിൽ 80 ശതമാനവും ഒരു ഭാരമല്ല. അവരെ ഉപയോഗപ്പെടുത്തണം. ഇവരെ എങ്ങനെ ഫ-ലപ്രദമായി ഉപയോഗിക്കാമെന്നതാണ്‌ കേരളം ലോകത്തിന്‌ കാണിച്ചുകൊടുക്കാൻ പോകുന്ന മാതൃക.

ഡോ. ടി എം തോമസ്‌ ഐസക്‌         ഫോട്ടോ: ജി പ്രമോദ്‌ ഡോ. ടി എം തോമസ്‌ ഐസക്‌ ഫോട്ടോ: ജി പ്രമോദ്‌

കുട്ടികൾ ഓരോരുത്തരും അവരുടെ ക്ലാസിൽ പഠിക്കേണ്ട പാഠങ്ങൾ ആർജിക്കേണ്ടതിനുള്ള ശേഷി ഉറപ്പുവരുത്തുന്നതിന്‌ സഹായിക്കാൻ എത്രയോ പേരുണ്ട്‌ നമ്മുടെ അയൽപക്കത്ത്‌. അതിനുള്ള സംവിധാനം ഉണ്ടാക്കാം. അല്ലെങ്കിൽ നമ്മുടെ അങ്കണവാടികളിലെ കുട്ടികൾക്ക്‌ പാട്ടുപാടിക്കൊടുക്കാൻ, കഥ പറഞ്ഞുകൊടുക്കാൻ മുതിർന്നവരെ അണിനിരത്താൻ പറ്റും. എത്രയോ കഴിവുള്ളവരാണവർ. നമ്മുടെ പ്രൊജക്ടുകൾ നടപ്പാക്കുന്നതിനുള്ള പ്രവർത്തനത്തിൽ അവരെ പങ്കാളികളാക്കാം. യഥാർഥത്തിൽ ജനകീയാസൂത്രണം മുന്നോട്ടുവച്ച ഏറ്റവും പ്രധാനപ്പെട്ട സങ്കൽപ്പം ഇതാണ്‌. വളന്റിയർ ടെക്‌നിക്കൽ കോർ (സന്നദ്ധ സാങ്കേതിക സേന) അതിനാണ്‌. എന്നാൽ പലതരത്തിൽ അനാവശ്യ വിവാദങ്ങൾ കൊണ്ടുവന്നതോടെ അത്‌ ദുർബലപ്പെട്ടു.


കേരളത്തിന്‌ ഇനിയും ഇന്ത്യക്ക്‌ കാണിച്ചുകൊടുക്കാൻ ഒരുപാടുണ്ട്‌. ജനസംഖ്യാ പരിണാമത്തിന്റെ അവസാനഘട്ടം എങ്ങനെയാണ്‌ പ്രായം ചെന്നവർക്ക്‌ സന്തോഷകരമായ ജീവിത സായാഹ്നം ഒരുക്കിക്കൊടുക്കുക, സാമൂഹ്യവികസനത്തിൽ അവർക്ക്‌ എന്ത്‌ സംഭാവന ചെയ്യാനാകും എന്ന പോസിറ്റീവ്‌ ചിന്തയാണ്‌ നമുക്കുള്ളത്‌. അവർ ഭാരമാകുന്നത്‌ കിടപ്പിലാകുന്പോൾ മാത്രമാണ്‌. കിടപ്പിലാകുന്നത്‌ എത്ര ചുരുക്കാൻ പറ്റുമോ എന്നും ഓർമ പരമാവധി നിലനിർത്താൻ കഴിയുമോ എന്നും ശ്രദ്ധിക്കണം. സങ്കീർണതയുണ്ട്‌. അതിനെ സാമൂഹികമായി പരിഹരിക്കാൻ കഴിയണം. അതാണ്‌ സാമൂഹിക വികസനത്തിന്റെ അടുത്ത ഘട്ടം.


? മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റം ക്രമേണ കുറയുന്ന സ്ഥിതി വന്നാൽ നമ്മുടെ തൊഴിൽ സേനയുടെ എണ്ണം കുറയുന്ന അവസ്ഥ രൂപപ്പെടുമോ.

= നമ്മുടെ തൊഴിൽ സേനയുടെ എണ്ണം കുറയുന്നതിൽ വേവലാതിപ്പെടേണ്ട കാര്യമില്ല. സാങ്കേതികവിദ്യയിൽ അത്രയും മാറ്റം വരുന്നു. എഐ വന്നാൽ തൊഴിൽ നഷ്‌ടപ്പെടും എന്നാണല്ലോ നമ്മുടെ വിഷയം. അപ്പോൾ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞാൽ എന്താണ്‌ കുഴപ്പം? അങ്ങനെ വേവലാതിയുടെ കാര്യമില്ല. യഥാർഥത്തിൽ വിജ്ഞാന സന്പദ്‌ഘടനയായി കേരളം മാറുക എന്നുപറഞ്ഞാൽ ഇന്ന്‌ കായികാധ്വാനത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ നാട്ടിൽ ചെയ്യുന്ന പണികളിൽ നല്ലൊരു പങ്ക്‌ ഇത്തരത്തിൽ ഉയർന്ന സാങ്കേതികവിദ്യകൊണ്ട്‌ ചെയ്യാൻ സാധിക്കണം. അപ്പോൾ സ്വാഭാവികമായും കുടിയേറ്റം കുറയും. ഇപ്പോഴത്തെപ്പോലെ ആളുകൾ വന്ന്‌ സ്ഥിരമായി ജോലി ചെയ്യേണ്ട സ്ഥിതിയുണ്ടാവില്ല. അതിനു പറ്റിയ സാങ്കേതിക അടിത്തറയിലേക്ക്‌ നമ്മുടെ സേവന, നിർമാണ മേഖലകൾ മാറണം. ആളുകളുടെ എണ്ണം കുറയും, ജോലി ചെയ്യാൻ കഴിവുള്ളവരുടെ എണ്ണം കുറയും എന്നൊക്കെയുള്ള ആശങ്കകൾക്ക്‌ അടിസ്ഥാനമില്ല. പക്ഷേ ജനസംഖ്യ മൈനസ്‌ വളർച്ചയിലേക്ക്‌ മാറുന്ന സ്ഥിതി ചില പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെങ്കിലും അത്രയും ആശങ്കയ്‌ക്ക്‌ അവിടെ സ്ഥാനമില്ല. വേവലാതിപ്പെട്ടിട്ട്‌ കാര്യവുമില്ല. ജനസംഖ്യാ പരിണാമത്തെ നമ്മൾ നിയന്ത്രിച്ചു കൊണ്ടുവരണം. കേരളം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌.


കേരളത്തിൽ ചില മതങ്ങൾ വളരെ കർശനമായി കുടുംബാസൂത്രണ രീതികളെ എതിർക്കുന്നവരാണ്‌. ആ മതങ്ങൾക്ക്‌ പ്രാമുഖ്യമുള്ള ജില്ലകളാണ്‌ ജനസംഖ്യാവർധനവിൽ നിരക്കിൽ കുറവ്‌ കാണിക്കുന്നത്‌. ഇതിന്റെ മറുപുറമാണ്‌ സംഘപരിവാറുകാർ. ചില മതക്കാർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സന്താനോൽപ്പാദനം നടത്തുന്നു എന്നാക്ഷേപിക്കുന്നു. മുസ്ലിങ്ങളെയാണ്‌ അവർ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇതൊക്കെ പരമാബദ്ധമാണ്‌. ഇത്തരത്തിലുള്ള സങ്കൽപ്പങ്ങളെ തിരുത്തുന്നതാണ്‌ കേരളത്തിന്റെ വികസനാനുഭവം.


? യ‍ൗവനാവസ്ഥയയിൽനിന്ന്‌ വാർധക്യാധിഷ്‌ഠിത ജനസംഖ്യാ ഘടനയിലേക്കാണ്‌ ഇന്ത്യയുടെ മാറ്റം. ജനസംഖ്യാ വർധനാ നിരക്ക്‌ 0.5‐ലേക്ക്‌ കൂപ്പുകുത്തും. ഇ‍ൗ ഘട്ടത്തിൽ അനിവാര്യമായ സാന്പത്തിക‐സാമൂഹിക നയരൂപീകരണത്തിലെ സമഗ്രമായ പൊളിച്ചെഴുത്തിനെക്കുറിച്ച്‌...

= പൊളിച്ചെഴുതേണ്ടത്‌ ഇന്നത്തെ നയമാണ്‌. വരാൻപോകുന്ന കാര്യത്തെക്കുറിച്ച്‌ ആലോചിക്കേണ്ട കാര്യമില്ല. ഇന്നിപ്പോൾ വർധിച്ച ജനസംഖ്യ ഉള്ളതുകൊണ്ട്‌ എന്തു കാര്യമാണുള്ളത്‌? ഇതൊരു സാങ്കൽപ്പികമായ തർക്കമാണ്‌. ഇന്ത്യയിലിപ്പോൾ വർധിച്ച ജനസംഖ്യയുണ്ട്‌. അവരിൽ എത്ര ശതമാനം പേർക്കാണ്‌ പണിയെടുക്കാനാകുന്നത്‌? ജോലി ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ള 55 ശതമാനം പേർക്കല്ലേ ജോലി നൽകാനാകുന്നുള്ളൂ. കേരളത്തിൽ പോലും 25 വയസ്സ്‌ കഴിഞ്ഞ പുരുഷന്മാരിൽ 95 ശതാനം ജോലി ചെയ്യുന്നു. പക്ഷേ സ്‌ത്രീകളിൽ 25 ശതമാനം പേർ മാത്രമേ പുറത്തുപോയി ജോലി ചെയ്യുന്നുള്ളൂ.

‘ട്രാൻസെൻഡൻസ്‌’ ‐ ഫോട്ടോ: ബിജു ഇബ്രാഹിം‘ട്രാൻസെൻഡൻസ്‌’ ‐ ഫോട്ടോ: ബിജു ഇബ്രാഹിം

ചൈനയിൽ ഏതാണ്ട്‌ 70 ശതമാനം ജനങ്ങളും ജോലി ചെയ്യുന്നു. 16 വയസ്സ്‌ കഴിഞ്ഞാൽ മിക്കവാറും കുട്ടികൾ ജോലി ചെയ്യുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ പരിമിതി ഇതാണ്‌. രാജ്യത്തുള്ള ജനങ്ങൾക്ക്‌ ജോലി നൽകാൻ ഗവൺമെന്റിന്‌ ഒരു പരിപാടിയുമില്ല. 50 ശതമാനം പേർ ജോലി അന്വേഷിക്കുന്നില്ല. വീട്ടിലിരിപ്പാണ്‌. അന്വേഷിക്കുന്ന 50 ശതമാനത്തിൽ 10 ശതമാനത്തിന്‌ ജോലിയില്ല. ഇതാണ്‌ ഇന്ത്യ. ഭാവിയിൽ ജനസംഖ്യ കുറഞ്ഞാൽ എന്തു സംഭവിക്കുമെന്നൊക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്‌. ഉള്ളവർ തന്നെ ഭാരമാണ്‌. അവർക്ക്‌ ജോലി കൊടുക്കാൻ രാജ്യത്തിന്‌ കഴിയുന്നില്ല.

ജോലി ഉള്ളവരുടെ സ്ഥിതി എന്താണെന്ന്‌ നോക്കാം. പല ദരിദ്ര രാജ്യങ്ങളെക്കാൾ പിറകിലല്ലേ ഇന്ത്യൻ ഗ്രാമങ്ങളിൽ ജീവിക്കുന്നവരുടെ വേതനം, പ്രത്യേകിച്ച്‌ കാർഷിക മേഖലയിലുള്ളവരുടേത്‌. പണിയേ ഇല്ല പലയിടത്തും. പണിയുള്ളവർക്കാകട്ടെ തുച്ഛവേതനവും. പ്രതിശീർഷ വരുമാനമെടുത്താൽ ഇന്ത്യ നൂറിൽ താഴെയാണ്‌. എന്നാൽ അതിധനാ-ഢ്യരായ പത്തുശതമാനത്തിന്റെ വരുമാനക്കണക്ക്‌ ഇതിൽ നിന്ന്‌ എടുത്തുമാറ്റിയാൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം സോമാലിയക്കും അഫ്‌ഗാനിസ്ഥാനും തുല്യമാകും.

ഇ‍വർക്ക്‌ വിദ്യാഭ്യാസമില്ല. അതുകൊണ്ടുതന്നെ പുതിയ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ ജോലി ചെയ്യാനാകുമോ. എന്തുകൊണ്ടാണ്‌ ചൈന അതിശയിപ്പിക്കുന്ന വേഗത്തിൽ വളർന്നത്‌. ഇന്ത്യയുടെയും ചൈനയുടെയും സന്പദ്‌ഘടനയുടെ സ്ഥിതി 1980‐കൾ വരെ ഏതാണ്ട്‌ തുല്യമായിരുന്നു. ഇന്ന്‌ ചൈനയുടെ സന്പദ്‌ഘടനയ്‌ക്ക്‌ ഇന്ത്യൻ സന്പദ്‌ഘടനയെക്കാൾ പത്തുമടങ്ങ്‌ വലിപ്പമുണ്ട്‌. എന്തുകൊണ്ടാണ്‌ ചൈനയുടെ ഇ‍ൗ വളർച്ച എന്നു പരിശോധിക്കണം.

1980‐കളുടെ തുടക്കത്തിൽ സോഷ്യൽ സയന്റിസ്റ്റ്‌ മാസികയുടെ എഡിറ്റോറിയൽ ബോർഡ്‌ അംഗങ്ങളെ ക്ഷണിച്ചതു പ്രകാരം പ്രൊഫ. പ്രഭാത്‌ പട്‌നായിക്കും പ്രൊഫ. ഇർഫാൻ ഹബീബും ഞാനും ചൈനയിൽ പോയിരുന്നു. ഞങ്ങൾക്ക്‌ ചൈനയിലെ പരിഷ്‌കാരങ്ങളോട്‌ വലിയ മമതയില്ലായിരുന്നു. സംശയദൃഷ്‌ടിയോടെയാണ്‌ ഞങ്ങൾ അവരെ സമീപിച്ചത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ അവരുമായി സംവാദത്തിലേർപ്പെട്ടത്‌. അവർ പറഞ്ഞു, നമുക്ക്‌ നാളെ ചർച്ച ചെയ്യാം. അങ്ങനെ ഞങ്ങൾ ഷാങ്‌ഹായ്‌ നദിയുടെ അപ്പുറം പോയി. അവിടെ നൂറേക്കറെങ്കിലും പരന്നുകിടക്കുന്ന ചന്ത. അവിടെയില്ലാത്ത സാധനങ്ങളൊന്നുമില്ല. തത്ത, പാന്പ്‌ തുടങ്ങിയവയെല്ലാം ആൾക്കാർ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. ഞങ്ങൾ ചോദിച്ചു, ഇ‍ൗ മാർക്കറ്റിൽ ഡിമാൻഡും സപ്ലൈയും സന്തുലിതമാക്കാൻ എത്ര വലിയ ഡേറ്റാബേസ്‌ വേണം... സാമൂഹ്യവൽക്കരണം ഒരു ഘട്ടം കഴിയുന്പോഴേ മാർക്കറ്റിന്‌ പകരം കേന്ദ്രീകൃത ആസൂത്രണത്തിന്‌ ഏറ്റെടുക്കാൻ കഴിയൂ എന്നും കുടിൽവ്യവസായങ്ങളെ സാങ്കേതികമായി കേന്ദ്രീകൃത ആസൂത്രണത്തിൽ കൊണ്ടുവരാൻ കഴിയില്ലെന്നും അവർ പറഞ്ഞു. 2020ൽ വീണ്ടും ഞാൻ ചൈനയിൽ പോയി.


പണ്ടു കണ്ട മാർക്കറ്റിൽ പോകണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. അതു കേട്ട്‌ ചൈനീസ്‌ സഖാക്കൾ ചിരിച്ചു. അവരെന്നെ കൊണ്ടുപോയി. അതിശയിപ്പിക്കുന്ന രീതിയിൽ അവിടം മാറി. ഇപ്പോൾ ഷാങ്‌ഹായിയുടെ ഡ‍ൗൺട‍ൗൺ ആയി അതു മാറി. ഫാക്ടറികളും വലിയ കെട്ടിടങ്ങളും ഫിനാൻഷ്യൽ സെന്ററുകളും നിറയെ. ഞാൻ ആദ്യം പോകുന്പോൾ അവിടെ ചീപ്പ്‌ ലേബറാണ്‌ കയറ്റുമതിയുടെ അടിസ്ഥാനം. അതു കണ്ടിട്ടാണ്‌ ജനകീയാസൂത്രണ കാലത്ത്‌ മഞ്ചേരിയിൽ ട‍ൗൺ‍ ആൻഡ്‌ ക‍ൺട്രി എന്റർപ്രൈസസ്‌ തുടങ്ങാൻ ഒരു കുടിൽവ്യവസായ സംരംഭം ഉണ്ടാക്കാൻ ശ്രമിച്ചത്‌. ചൈന അതിൽ നിന്നൊക്കെ മാറി ഏറ്റവും നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കയറ്റുമതി സാധ്യമാക്കുന്നു. പഴയപോലെ ചീപ്പ്‌ ലേബർ ഒന്നുമല്ല. എല്ലാവർക്കും നല്ല കൂലിയാണ്‌. എങ്ങനെ ഇ‍ൗ പരിവർത്തനം സാധ്യമായെന്ന്‌ പരിശോധിച്ചാൽ അതിനടിസ്ഥാനം എല്ലാവർക്കും നല്ല വിദ്യാഭ്യാസം നൽകാനായി എന്നതാണ്‌. നല്ല വിദ്യാഭ്യാസമുള്ളവർക്ക്‌ നവീന സാങ്കേതികവിദ്യ പഠിപ്പിക്കാം. ഇന്ത്യയിൽ ആ സ്ഥിതിയില്ല.


? ഇങ്ങനെയൊരു സാഹചര്യത്തിൽ വാർധക്യ പെൻഷൻ, ആരോഗ്യ സംരക്ഷണം, ക്ഷേമ പദ്ധതികൾ എന്നിവയ്‌ക്കുള്ള ചെലവ്‌ വർധിക്കുന്നത്‌ സംസ്ഥാനങ്ങൾക്ക്‌ അധികഭാരം സൃഷ്‌ടിക്കുന്ന സ്ഥിതി ഉണ്ടാകില്ലേ.

\

= വരാൻ പോകുന്ന ലോകത്തെക്കുറിച്ച്‌ ആലോചിച്ച്‌ ആശങ്കപ്പെടാതെ ഇപ്പോഴുള്ളവർക്ക്‌ ജോലി കൊടുക്കാൻ നോക്കണം. പ്രായം കൂടിയവരുടെ എണ്ണം കൂടിയാൽ എന്തു സംഭവിക്കുമെന്നോർത്ത്‌ ടെൻഷനടിക്കേണ്ട. എനിക്ക്‌ അക്കാര്യത്തിൽ ബേജാറില്ല. അക്കാലത്ത്‌ നമുക്ക്‌ യന്ത്രമനുഷ്യരും സാങ്കേതിക വിദ്യയുമൊക്കെയുണ്ടാകും. പക്ഷേ പ്രായം ചെന്നവരുടെ എണ്ണം കൂടുന്പോൾ വയോജന പെൻഷൻ കൂടും. അക്കാര്യത്തിൽ കേരളം ഇന്ത്യക്ക്‌ മാതൃകയല്ലേ. പ്രായമുള്ള എല്ലാവർക്കും ഏതെങ്കിലുമൊരു പെൻഷൻ നമ്മൾ ഏർപ്പെടുത്തിയിട്ടുണ്ടല്ലോ. എല്ലാ പ‍ൗരന്മാർക്കും പെൻഷൻ നൽകണമെന്ന ആവശ്യവുമായി ഇന്ത്യയിൽ പ്രസ്ഥാനങ്ങളുണ്ട്‌. അവർ കേരളത്തെക്കുറിച്ച്‌ വേണ്ടത്ര അറിഞ്ഞിട്ടുണ്ടോ എന്ന്‌ സംശയം. ക്ഷേമപെൻഷൻ രണ്ടായിരം പോര. ഇനിയും കൂട്ടണം. അതിനുള്ള സന്പത്ത്‌ നമുക്ക്‌ നാട്ടിൽതന്നെയുണ്ടാക്കാൻ സാധിക്കണം. സാമൂഹ്യ സുരക്ഷാ ചെലവുകളും ആരോഗ്യ സംരക്ഷണ ചെലവും കൂടും. വെറും ഭാരമായി പ്രായമുള്ളവരെ കാണരുത്‌. അവരുടെ പരിചയ സന്പത്ത്‌ സമൂഹത്തിന്റെ വലിയൊരു ആസ്‌തിയാണ്‌. അവരെ പ്രാദേശിക വികസനത്തിൽ പങ്കാളികളാക്കുന്നതിന്‌ സാമൂഹികവും സാംസ്‌കാരികവും സാന്പത്തികവുമായ പദ്ധതികൾ ആവിഷ്‌കരിക്കണം. അതിനുള്ള ചെലവിനെക്കുറിച്ചല്ല നമ്മൾ ആശങ്കപ്പെടേണ്ടത്‌. പ്രായമായവരുടെ പരിചയസന്പത്ത്‌ എങ്ങനെ ഉപയോഗിക്കുമെന്നതിൽ പോസിറ്റീവായ ചിന്തകളാണ്‌ വേണ്ടത്‌.


? കുട്ടികളുടെ എണ്ണം കുറയുന്നത്‌ വിദ്യാലയങ്ങളിലെ എൻറോൾമെന്റ്‌ നിരക്ക്‌ കുറയുന്നതിലേക്ക്‌ അടക്കം നയിക്കുന്നുണ്ടെങ്കിൽ ഇ‍ൗ മേഖലയിൽ നാം പാലിക്കേണ്ട കരുതലുകൾ എന്തെല്ലാമാണ്‌. ആയുർദൈർഘ്യം വർധിക്കുന്നത് കേരള മാതൃകയുടെ തുടർച്ചയല്ലേ. ഇതുണ്ടാക്കുന്ന ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ്‌.

=അതും ഭയപ്പെടേണ്ട കാര്യമല്ല. കുട്ടികൾ കുറച്ചുമതി. അധ്യാപക‐വിദ്യാർഥി അനുപാതം കുറയ്‌ക്കാനാവുമല്ലോ. ഫിൻലൻഡിൽ അധ്യാപകർക്ക്‌ പഠിപ്പിക്കേണ്ട, കുട്ടികളുടെ എണ്ണം തുലോം കുറവാണ്‌. വിദ്യാഭ്യാസ നിലവാരമുയർത്താൻ ഇ‍ൗ സാഹചര്യത്തെ പ്രയോജനപ്പെടുത്താം. അതിനനുസൃതമായി വിദ്യാഭ്യാസത്തെ നമുക്ക്‌ പുനഃസംഘടിപ്പിക്കാൻ കഴിയണം. കുട്ടികളുടെ എണ്ണം കുറഞ്ഞു എന്നു പറഞ്ഞ്‌ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇന്നുള്ള ആളുകളുടെ എണ്ണം തന്നെ ഇന്ത്യൻ സന്പദ്‌ഘടനയ്‌ക്ക്‌ ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതലാണ്‌. പാതി പേർക്കേ ജോലി നൽകാൻ കഴിയുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യക്ക്‌ പോപ്പുലേഷൻ ഡിവിഡന്റ്‌ കിട്ടുന്നില്ല. പൂർണമായും തൊഴിൽ നൽകാൻ കഴിയുന്നതുകൊണ്ട്‌ ചൈനയ്‌ക്ക്‌ ഇ‍ൗ പോപ്പുലേഷൻ ഡിവിഡന്റ ലഭിക്കുന്നുണ്ട്‌.


? കേരളത്തിന്റെ വയോധിക സമൂഹത്തെ ഏതെല്ലാം വിധത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

= കേരളത്തിലെ വയോധിക സമൂഹത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്‌ത ഒട്ടനവധി പ്രൊഫഷണലുകൾ നാട്ടിലേക്ക്‌ തിരിച്ചുവരുന്നുണ്ട്‌. വന്നില്ലെങ്കിൽ അവരെ കൊണ്ടുവരണം. നമ്മുടെ കുട്ടികളുടെ നൈപുണി വർധിപ്പിക്കുന്നതിൽ ഏറ്റവും വലിയ സംഭാവന നൽകാൻ കഴിയുന്നവരാണവർ. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഗണ്യമായി ഉയർത്തണമെന്ന്‌ നമ്മൾ പറയുന്നുണ്ട്‌. ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ മേഖലയിലും ലോകത്തെന്പാടും ജോലി ചെയ്യുന്ന മലയാളികളാണ്‌ അതിനുള്ള അസറ്റ്‌. അവരൊക്ക നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ കുട്ടികളെ സഹായിക്കുന്നതിന്‌ മുന്നോട്ടുവരണം. എല്ലാവരെയും പഠിപ്പിക്കണമെന്നല്ല. ഏതാനും കുട്ടികളുടെ മെന്റർ ആവാൻ അവർക്ക്‌ സാധിക്കും. കുട്ടികൾക്ക്‌ അവരോട്‌ സംവദിക്കാം. ഓരോ കോളേജിലെയും അലുമ്‌നിക്ക്‌ ആ സ്ഥാപനം ദത്തെടുക്കാം. നിലവിൽ തൊഴിലെടുക്കുന്നതും വിരമിച്ചതുമായ പ്രൊഫഷണലുകൾക്ക്‌ ഇതാണ്‌ സമയം. വിജ്ഞാന കേരളത്തിലേക്കുള്ള നമ്മുടെ യാത്രയിൽ വയോജനങ്ങൾക്ക്‌ വലിയ പങ്കുവഹിക്കാനാകും. വയോജനങ്ങളുടെ എണ്ണം കൂടുന്നതിനെ വലിയ ഭാരമായല്ല, അത്‌ നമ്മുടെ നേട്ടമായും മുന്നോട്ടുള്ള കുതിപ്പിനുള്ള ഉ‍ൗർജവുമായാണ്‌ ഞാൻ കാണുന്നത്‌.

‘ട്രാൻസെൻഡൻസ്‌’ ‐ ഫോട്ടോ: ബിജു ഇബ്രാഹിം

? കേരളത്തെ വികസിപ്പിക്കുമെന്ന്‌ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിരുന്നു. പതിറ്റാണ്ടുകളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന സൂചികകളുമായി താരതമ്യം ചെയ്യുന്പോൾ കേരളം എത്രയോ മുന്നിലല്ലേ. ഇ‍ൗ സാഹചര്യത്തിൽ മഹത്തായ കേരള മോഡലിനെക്കുറിച്ച്‌ ആവർത്തിച്ചു പറയേണ്ട സാഹചര്യമല്ലേ.

= വികസിത കേരളത്തിനുള്ള രൂപരേഖ പ്രഖ്യാപിക്കുമെന്നാണ്‌ പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശനത്തിൽ പ്രഖ്യാപിച്ചത്‌. അതീവ കൗതുകത്തോടെയാണ് ഈയൊരു രൂപരേഖയ്‌ക്ക്‌ കാത്തിരിക്കുന്നത്. എങ്ങനെയാണാവോ കേരളത്തെ ബിജെപി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ബിജെപി അടക്കിഭരിക്കുന്ന ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെയാണോ?

പടവലങ്ങ പോലെയാണ് ഈ സംസ്ഥാനങ്ങളുടെ വളർച്ച. കഴിഞ്ഞ 40 വർഷക്കാലത്തിനിടയിൽ സംഭവിച്ചത് നോക്കൂ. ഈ സംസ്ഥാനങ്ങളെല്ലാം പിന്നോക്ക സംസ്ഥാനങ്ങളാണ്‌. പക്ഷേ, പ്രശ്നം അതല്ല. അവ കൂടുതൽ കൂടുതൽ പിന്നോക്കം പോയ്‌ക്കൊണ്ടിരിക്കുകയാണ്. 1981-ൽ ബിഹാറിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 29 ശതമാനം കുറവായിരുന്നു. 2021-ൽ അത് 56 ശതമാനം പിറകിലായി. യുപി ഇതേ കാലയളവിൽ 42 ശതമാനത്തിൽ നിന്ന് 78 ശതമാനം താഴെയായി. മധ്യപ്രദേശ് 71 ശതമാനത്തിൽ നിന്ന് 83 ശതമാനത്തിലേക്ക്. ഒഡിഷ 71 ശതമാനത്തിൽ നിന്ന് 81 ശതമാനത്തിലേക്ക്. രാജസ്ഥാൻ കുറച്ച് മെച്ചപ്പെട്ടു. പക്ഷേ, ഇപ്പോഴും ദേശീയ ശരാശരിയേക്കാൾ 79 ശതമാനം പിറകിലാണ്.


എന്നാൽ കേരളമോ? 1981-ൽ ദേശീയ പ്രതിശീർഷ വരുമാനത്തിന്റെ 93 ശതമാനം ആയിരുന്നത് 2021-ൽ 133 ശതമാനമായി ഉയർന്നു. ഇതുതന്നെയാണ് ബിജെപി സ്വാധീനമില്ലാത്ത എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടന്നത്.

കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്നായിരിക്കും മോദി പറയുക. ഗുജറാത്ത് മോദി അധികാരത്തിൽ വരുന്നതിന് എത്രയോ ദശാബ്ദങ്ങൾക്ക്‌ മുമ്പുതന്നെ ദേശീയ ശരാശരിയെക്കാൾ മുന്നിലായിരുന്നു. 1981-ൽ ഗുജറാത്തിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയുടെ 119 ശതമാനം ആയിരുന്നത് 2021-ൽ 142 ശതമാനമായി ഉയർന്നു. കേരളത്തിന്റെ വളർച്ച അത്രയും വരില്ല. പക്ഷേ സാമ്പത്തിക വളർച്ചയുടെ ഗുണഫലത്തിൽ ജനങ്ങൾക്ക് എന്തുകിട്ടി എന്നതല്ലേ കാതലായ കാര്യം.


വികസന സൂചികകളിൽ ഗുജറാത്ത് എവിടെ? കേരളം എവിടെ? ഗുജറാത്തിന്റെ റാങ്ക് നോക്കൂ. സ്‌കൂളിൽ പോയിട്ടുള്ള സ്‌ത്രീകൾ: 19-ാം റാങ്ക്, 18 വയസിനു മുമ്പ് വിവാഹം ചെയ്യുന്ന സ്‌ത്രീകൾ: 20ാം റാങ്ക്, ശിശുമരണ നിരക്ക്: 19ാം റാങ്ക്, വളർച്ച മുരടിച്ച്, അതായത് പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികൾ: 26-ാം റാങ്ക്, ഉയരത്തിന് അനുസരിച്ചുള്ള തൂക്കമില്ലാത്ത കുട്ടികൾ: 29-ാം റാങ്ക്, പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്ത കുട്ടികൾ: 29-ാം റാങ്ക്, ശുചിത്വ സൗകര്യമുള്ള വീടുകൾ: 18-ാം റാങ്ക്, സ്‌കൂളിൽ ചേരുന്ന കുട്ടികൾ: 21-ാം റാങ്ക്, സ്‌കൂളിലെ കൊഴിഞ്ഞുപോക്ക്: 24-ാം റാങ്ക്, ഹയർ സെക്കൻഡറി പ്രവേശനം: 24-ാം റാങ്ക്. ഇതിലെല്ലാം കേരളത്തിന് ഒന്നാം റാങ്കാണ്. മൊത്തം മാനവ വികസന സൂചിക എടുത്താൽ ഗുജറാത്തിന് 16-ാം റാങ്ക് ആണ്‌. കേരളം ഒന്നാമതും.


രണ്ട് സംസ്ഥാനങ്ങളെയും സാങ്കൽപ്പികമായി ആഗോള റാങ്കിങ്ങിൽ രേഖപ്പെടുത്തിയാൽ ഏതാണ്ട് ഒട്ടുമിക്ക വികസന സൂചികകളിലും ഗുജറാത്ത് സോമാലിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം 120-‐130 റാങ്കുകൾക്കിടയിൽ ആയിരിക്കും. കേരളമാകട്ടെ 30-‐40 റാങ്കുകൾക്കിടയിലുമായിരിക്കും.

ഏത് സംസ്ഥാനമാണ് കൂടുതൽ വികസിതമെന്ന്‌ മോദി പറയണം. അപ്പോഴാണ് എൻഡിഎയിലെ പുതിയ ഘടകകക്ഷി 20-‐20-യുടെ സാബു ജേക്കബിന്റെ പ്രഖ്യാപനം പ്രസക്തമാകുന്നത്‐ “പഴയ കേരളത്തെ വീണ്ടെടുക്കുവാൻ പോവുകയാണ്.” അതിനു കേരളം നിന്നുതരാൻ പോകുന്നില്ല.

കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തകർക്കുകയാണ് മോദിയും ബിജെപിയും. ഉപരോധ സമാനമായ വിവേചനമാണ് കേരളത്തോട് കേന്ദ്രം അനുവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ ചെറുത്തു തോൽപ്പിക്കുകയെന്നതാണ് മലയാളികളുടെ കടമ. അതിനുള്ള തിരിച്ചടി ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ നൽകിയേ തീരൂ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home