ad
Deshabhimani

റീഡിങ്‌ റൂം

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിൽ നിന്ന്‌
avatar
സുനില്‍ പി ഇളയിടം

Published on Aug 12, 2025, 10:27 AM | 10 min read

ലോക കമ്യൂണിസത്തിന്റെ വർത്തമാനം


ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ചരിത്രം അടിസ്ഥാനപരമായ ഭാവബന്ധതകളിലൊന്നാണ്. അവരെ സംബന്ധിച്ചിടത്തോളം തങ്ങളെയും ലോകത്തെയും മനസ്സിലാക്കാനുള്ള വഴിയാണത്. ഒപ്പംതന്നെ തങ്ങളെയും ലോകത്തെയും പുതുക്കിപ്പണിയാനുള്ള വഴിയും. അതുകൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളുടെയും അവിടത്തെ പ്രസ്ഥാനത്തിന്റെയും ചരിത്രത്തെ കമ്യൂണിസ്റ്റുകാർ നിരന്തരം പിൻതുടരുന്നു. അതിന്റെ ഗതിവിഗതികൾക്കു പിന്നിലെ കാരണങ്ങളെയും പ്രേരണകളെയും കണ്ടെടുക്കാൻ ശ്രമിക്കുന്നു. ലോകത്തെ മാറ്റിത്തീർക്കുന്നതിന്റെ ആദ്യപടി ലോകത്തെ അറിഞ്ഞെന്ന് മനസ്സിലാക്കുന്നതിന്റെ ഫലമാണത്. ‘ചരിത്രവൽക്കരിക്കുക, എപ്പോഴും ചരിത്രവൽക്കരിക്കുക’ എന്നത് ലോകമെമ്പാടുമുള്ള മാർക്സിസ്റ്റുകളുടെ അടിസ്ഥാന പ്രമാണമായിരിക്കുന്നതും അതുകൊണ്ടാണ്.

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിൽ നിന്ന്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിൽ നിന്ന്‌

ചരിത്രവിചാരത്തിന്റെ ഈ വഴിയിലൂടെ മലയാളത്തിലെ മാർക്സിസ്റ്റ് വൈജ്ഞാനികത നടത്തുന്ന മിഴിവുറ്റ ഒരു യാത്രയാണ് സഖാവ് എം എ ബേബി രചിച്ച ‘കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രത്തിലൂടെ’ എന്ന ഗ്രന്ഥപരമ്പരയുടെ ആദ്യസഞ്ചിക. സിപിഐ എം ജനറൽ സെക്രട്ടറി കൂടിയായ ഗ്രന്ഥകാരൻ തന്റെ വിപുലമായ വിജ്ഞാനബലത്തെയും വ്യാപകമായ പ്രവർത്തനാനുഭവങ്ങളെയും കൂട്ടിയിണക്കി രചിച്ചിട്ടുള്ള ഈ ഗ്രന്ഥം സമകാലികലോകത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തിലേക്കുള്ള മികച്ച പ്രവേശികയാണ്. കമ്യൂണിസം മരണമടഞ്ഞതിനെക്കുറിച്ചുള്ള തമ്പേറുകൾ വലതുപക്ഷം ഉച്ചത്തിൽ മുഴക്കിക്കൊണ്ടിരിക്കുന്ന കാലത്ത് ലോകത്തിന്റെ പല കോണുകളിൽ, പല പ്രകാരങ്ങളിൽ പൊരുതിനിൽക്കുന്ന കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രം അതിനെതിരായ വലിയൊരു സമരമുഖം കൂടിയാണ് നമുക്കു മുന്നിൽ തുറന്നുവയ്ക്കുന്നത്. സാമ്രാജ്യവിരുദ്ധ രാഷ്‌ട്രീയം പിൻപറ്റുന്ന മുഴുവൻ ആളുകളും നടക്കേണ്ട വഴിയാണത്. അതിലേക്കുള്ള മികവുറ്റ ക്ഷണപത്രമാണ് സഖാവ് എം എ ബേബിയുടെ ഈ ഗ്രന്ഥം.

കവർ

ഒന്ന്

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലോകചരിത്രത്തിലേക്ക് വഴിതുറന്നിടുന്ന ആദ്യ മലയാളഗ്രന്ഥം എം എസ് ദേവദാസിന്റേതായിരുന്നു എന്നു തോന്നുന്നു. ‘ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം’ എന്ന കൃതി. 1980‐83 കാലയളവിൽ നാലു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചതാണ് ആ ഗ്രന്ഥം. നാലു ഭാഗങ്ങളും ചേർന്ന് ഒറ്റ വാല്യമായി 1987‐ൽ ചിന്ത പബ്ലിഷേഴ്സ് അത് പുനഃപ്രസിദ്ധീകരിച്ചു. 1980‐കൾക്കു ശേഷം കേരളത്തിലെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പഠിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ഗ്രന്ഥവും അതാണെന്ന് പറയാം. മാർക്സിന്റെ ജീവചരിത്രവും മാർക്സിസ്റ്റ് ദർശനവുമെല്ലാം മലയാളത്തിൽ ധാരാളമായി എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന രചനകൾ അതേ അളവിൽ ഇവിടെ ഉണ്ടായിട്ടില്ല. എം എസ് ദേവദാസിന്റേതുപോലുള്ള അപൂർവം രചനകളല്ലാതെ കാര്യമായി ഏറെയൊന്നും ഉണ്ടായിട്ടില്ല എന്നു പറയുന്നതാവും ശരി.

എം എ ബേബിഎം എ ബേബി ഫോട്ടോ: പി വി സുജിത്‌

നാലു ഭാഗങ്ങളായി ക്രമീകരിക്കപ്പെട്ട നിലയിലാണ് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന ഗ്രന്ഥം ഇപ്പോൾ നമുക്കു മുന്നിലുള്ളത്. അതിൽ ഒന്നാം ഭാഗം 1847‐ലെ കമ്യൂണിസ്റ്റ് ലീഗിന്റെ രൂപീകരണം മുതൽ വർക്കിങ്‌ ക്ലാസ് മെൻസ് അസോസിയേഷന്റെ പരിസമാപ്തി വരെയുള്ള കാലയളവിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. രണ്ടാംഭാഗം രണ്ടാം ഇന്റർനാഷണലിന്റെ ചരിത്രം പ്രതിപാദിക്കുന്നു. ഒന്നാം ലോകയുദ്ധവും റഷ്യൻ വിപ്ലവവുമുൾപ്പെടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ കാലയളവാണ് മൂന്നാം ഭാഗത്തെ പരിഗണനാവിഷയം. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പശ്ചാത്തലംമുതൽ അതിന്റെ മൂന്നാം കോൺഗ്രസ് (1921) വരെയുള്ള കാലയളവിലെ ഗതിവിഗതികളാണ് നാലാം ഭാഗത്തിലുള്ളത്. അങ്ങനെ മുക്കാൽ നൂറ്റാണ്ടോളം വരുന്ന കാലയളവിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെയും ആഭ്യന്തര പരിണാമങ്ങളുടെയും ചരിത്രം ആ ഗ്രന്ഥം സമഗ്രമായി അവതരിപ്പിക്കുന്നു.

എന്നാൽ ഇതേ അളവിൽ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിൽക്കാലചരിത്രം മലയാളത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വ്യത്യസ്തമായ കാരണങ്ങൾ അതിനു പിന്നിലുണ്ടാകാമെന്നു തോന്നുന്നു. സമഗ്രമായ ഒരു വീക്ഷണത്തോടെ 1930‐കൾ മുതൽക്കിങ്ങോട്ടുള്ള ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എഴുതാനുള്ള പ്രയാസവും ഒരു കാരണമായിരിക്കാം. ഒന്നാം ഇന്റർനാഷണലിന്റെ കാലം മുതൽക്കേ വ്യത്യസ്ത ആശയഗതികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ലോകത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ട്. ഇന്റർനാഷണൽ വർക്കിങ്‌ മെൻസ് അസോസിയേഷന്റെ ആസ്ഥാനം വടക്കേ അമേരിക്കയിലേക്ക് മാറ്റുന്നതിലേക്കും പിന്നാലെ അത് സ്തബ്ധമായ നിലയിൽ എത്തുന്നതിലേക്കു വഴിവച്ചതും ഇതാണ്. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായ നിലയാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ രൂപപ്പെട്ടത്. റഷ്യയുടെയും ചൈനയുടെയും നേതൃത്വത്തിൽ രണ്ട് വ്യത്യസ്ത വീക്ഷണങ്ങൾ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉയർന്നു വരികയുണ്ടായി. തീർത്തും വ്യത്യസ്തമായ ചില സ്ഥിതിവിശേഷങ്ങൾ ഇതിനു പിന്നിലുണ്ട്. റഷ്യൻ വിപ്ലവത്തിന്റെ വിജയത്തോടെ ലോകമെമ്പാടും കമ്യൂണിസ്റ്റ് പാർടികൾ പിറവിയെടുക്കുകയും പടർന്നു പന്തലിക്കുകയും ചെയ്തു എന്നതാണ് ഒരു കാരണം. ഒരു ഭാഗത്ത് പടിഞ്ഞാറൻ മാർക്സിസം, യൂറോ കമ്യൂണിസം എന്നെല്ലാം അറിയപ്പെട്ട പ്രവണതകൾ മുതൽ, സായുധസമരങ്ങളും ഗറില്ലാപോരാട്ടങ്ങളും വരെയുള്ള വഴികൾ പിൻപറ്റുന്ന അങ്ങേയറ്റം വൈവിധ്യപൂർണമായ, ചിലപ്പോഴൊക്കെ വൈരുധ്യപൂർണമായ, നിലപാടുകൾ കമ്യൂണിസ്റ്റ് പാർടികൾ സ്വീകരിക്കുന്ന നിലയുണ്ടായി. മറുഭാഗത്ത് ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും സോവിയറ്റ് യൂണിയൻ നടത്തിയ ഇടപെടലുകൾ മുതൽ കിഴക്കൻ യൂറോപ്പിലെ ഭരണകൂടങ്ങളുടെയും സോവിയറ്റ് യൂണിയന്റെയും പതനം വരെയുള്ള കാര്യങ്ങൾ ഈ സ്ഥിതിവിശേഷത്തെ കുറെക്കൂടി സങ്കീർണമാക്കി എന്നുപറയാം. സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുണ്ടായ വൈരുധ്യങ്ങളെന്നപോലെ ലോകത്തിലെ പല രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും ഇത്‌ ബാധിച്ചു. പാർടികൾക്കകത്തെ അഭിപ്രായ സംഘർഷങ്ങൾ മുതൽ പാർടികളുടെ പിളർപ്പുകൾവരെ ഇതിനെത്തുടർന്നുണ്ടായി. സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ കാര്യത്തിൽ പൊതുധാരണയുണ്ടായിരുന്നെങ്കിലും അതേ സമീപനം സാർവദേശീയവും ദേശീയവുമായ ഇതര വിഷയങ്ങളിൽ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. രണ്ടാം ലോകയുദ്ധാനന്തരമുള്ള ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം രചിക്കുന്നതിന് ഇത്തരമൊരു പശ്ചാത്തലം വിഘാതമായിട്ടുണ്ട് എന്നു കരുതാവുന്നതാണ്. ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റുകാരും മേൽപ്പറഞ്ഞ സംവാദങ്ങളിൽ താന്താങ്ങളുടേതായ പക്ഷവും നിലപാടുകളും ഉള്ളവരാണ്. അതുകൊണ്ടുതന്നെ അതിനപ്പുറത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം എന്ന ആശയം ഒരു മുൻഗണനാ വിഷയമായി ഉയർന്നുവന്നില്ല എന്നു പറയാം. അതോടൊപ്പം തന്നെ ഇത്രമേൽ സങ്കീർണവും വ്യാമിശ്രവുമായ പ്രമേയത്തെ അഭിസംബോധന ചെയ്യുന്നതിലുള്ള പ്രയാസവും ഇതിനു വഴിവച്ചിരിക്കണം. ഇത്തരത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ രൂപംകൊണ്ട പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് രാഷ്‌ട്രീയവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഏറ്റവും സംഘടിതവും പ്രബലവുമായി തുടരുന്ന ഒരു മേഖലയായിട്ടും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിൽക്കാല ചരിത്രം മലയാളത്തിൽ എഴുതപ്പെടാതെ പോയത്. വിവിധ മേഖലകളെയും രാജ്യങ്ങളെയും സംബന്ധിക്കുന്ന ഒറ്റതിരിഞ്ഞ പഠനങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സമഗ്രചരിത്രം എന്നത് നമ്മുടെ ഭാഷയിലും വിദൂരസ്ഥമായ ഒന്നായി അവശേഷിച്ചു.

എം എസ്‌ ദേവദാസ്‌എം എസ്‌ ദേവദാസ്‌

ഈയൊരു പശ്ചാത്തലത്തിലാണ് സമകാലിക ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രവും വർത്തമാനവും ആലേഖനം ചെയ്യുക എന്ന അത്യന്തവിപുലമായ ഒരു ദൗത്യത്തിന് എം എ ബേബി തുടക്കം കുറിച്ചിട്ടുള്ളത്. പ്രസാധകക്കുറിപ്പിൽ സൂചിപ്പിക്കുന്നതുപോലെ ഏതാണ്ട് അസാധ്യമെന്നു തോന്നിപ്പിക്കുന്ന ഒരു പരിശ്രമമാണത്. ഇന്ത്യയിലെ മറ്റൊരു ഭാഷയിലും അത്തരമൊരു പരിശ്രമം നടന്നതായി കാണാനാവില്ല. മുഖ്യധാരാ മാധ്യമങ്ങൾ സോവിയറ്റ് പതനത്തിന്റെയും കമ്യൂണിസത്തിന്റെ തകർച്ചയുടെയും കഥകൾ എത്രയെങ്കിലും പ്രസിദ്ധീകരിച്ചുവരുന്നുണ്ടെങ്കിലും ലോകത്തിന്റെ പല പല കോണുകളിൽ ഇപ്പോഴും അതിപ്രബലമായി നിലകൊള്ളുന്ന കമ്യൂണിസ്റ്റ്‐ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രം നമുക്ക് കാര്യമായൊന്നും ലഭ്യമാകുന്നില്ല എന്നതാണ് വാസ്തവം. ആ പരിമിതിയെ മറികടക്കാനുള്ള ബോധപൂർവവും പ്രയാസകരവുമായ പരിശ്രമത്തിന്റെ ആദ്യപടിയാണ് ‘കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രത്തിലൂടെ’ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ ഒന്നാം സഞ്ചിക. പ്രസാധകർ സൂചിപ്പിക്കുന്നതുപോലെ ‘ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രം മാത്രമല്ല ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. ‘അധികാരവും ജനാധിപത്യവും തമ്മിലുള്ള വൈരുധ്യങ്ങൾ, ദൃഢമായ സാമ്പത്തിക മാതൃകകളുടെ പരിമിതി, വ്യക്ത്യാരാധനയിലേക്കുള്ള വഴുതിവീഴൽ, ഐക്യമുന്നണികൾ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം’ തുടങ്ങിയ നിരവധി പ്രമേയങ്ങളെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മൂർത്തമായ ചരിത്രാനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കാനും ഈ ഗ്രന്ഥം വഴിതുറന്നു തരുന്നു. ചരിത്രത്തിൽ നിന്നും പഠിക്കുക എന്ന വലിയ പാഠത്തിലേക്കുള്ള വിശാലവീഥിയാണ് കമ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ മലയാളവായനക്കാരെ സംബന്ധിച്ച് ഈ പുസ്തകം. ക്യൂബ മുതൽ സിറിയ വരെയുള്ള പന്ത്രണ്ടു രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രമാണ് ഈ ഗ്രന്ഥപരമ്പരയിലെ ആദ്യസഞ്ചികയിൽ പ്രതിപാദിക്കപ്പെടുന്നത്. തുടർന്നു വരുന്ന സഞ്ചികകളിൽ ലോകത്തിലെ ഇതരരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രംകൂടി അനാവൃതമാകുമ്പോൾ അത് മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് പൊതുവിലും, മാർക്സിസ്റ്റ് വൈജ്ഞാനികതയ്ക്ക് സവിശേഷമായും, കൈവരുന്ന അതുല്യ നേട്ടങ്ങളിലൊന്നായി മാറിത്തീരും. ദീർഘകാലം സിപിഐ എമ്മിന്റെ വിദേശകാര്യ വിഭാഗം കൈകാര്യം ചെയ്തതിന്റെ അനുഭവപരിചയവും പരന്ന വായന നൽകുന്ന അറിവും കോർത്തിണക്കിക്കൊണ്ട്, ഈ സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഏറ്റവും കഴിവുള്ള ഒരാളാണ് സഖാവ് എം എ ബേബി. പാർടി ജനറൽ സെക്രട്ടറിയുടെ തീരാത്ത തിരക്കുകൾക്കിടയിലും അദ്ദേഹത്തിന് ഈ ഗ്രന്ഥപരമ്പരയുടെ രചന എത്രയും വേഗം പൂർത്തീകരിക്കാൻ കഴിയട്ടെ എന്ന ആഗ്രഹമാണ് ഈ പുസ്തകം നമ്മിൽ ആദ്യം ഉളവാക്കുന്നത്.

റഷ്യൻ വിപ്ലവകാലത്തെ കാഴ്‌ചറഷ്യൻ വിപ്ലവകാലത്തെ കാഴ്‌ച

രണ്ട്

ക്യൂബ മുതൽ സിറിയ വരെയുള്ള പന്ത്രണ്ടു രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ എം എ ബേബി അനാവരണം ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പിന് പിന്നിലെ പ്രേരണകളെക്കുറിച്ച് ഗ്രന്ഥകാരൻ കൃതിയുടെ ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്. ലോകത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എഴുതാനുള്ള ഏതു ശ്രമവും ഇന്റർനാഷണൽ വർക്കിങ്‌ മെൻസ് അസോസിയേഷന്റെയും പാരീസ് കമ്യൂണിന്റെയും റഷ്യൻ വിപ്ലവത്തിന്റെയും ചൈനീസ് വിപ്ലവത്തിന്റെയും മറ്റും ചരിത്രത്തെ മാറ്റിനിർത്തിക്കൊണ്ട് നിർവഹിക്കാനാവില്ല. ‘കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രത്തിലൂടെ’ എന്ന പരമ്പരയുടെ വരാനിരിക്കുന്ന ഭാഗങ്ങളിൽ അവ കൂടിയുണ്ടാകും എന്ന സൂചനയോടെയാണ് ക്യൂബ മുതലുള്ള കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രത്തിലേക്ക് ഈ ഗ്രന്ഥം കടക്കുന്നത്. ഈ വിശദീകരണം നിലനിൽക്കെത്തന്നെ ക്യൂബ മുതലുള്ള ചരിത്രചർച്ചയ്ക്ക് പ്രത്യേകമായൊരു പ്രാധാന്യം ഗ്രന്ഥകാരൻ കാണുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലോകവ്യാപക ചരിത്രം രചിക്കുക എന്നതിനൊപ്പം ‘യൂറോകേന്ദ്രിതം’ എന്ന പരമ്പരാഗത ധാരണയ്ക്കു കുറുകെ നീങ്ങുക എന്നതും തന്റെ ശ്രമത്തിനു പിന്നിലെ പ്രേരണയായി ഗ്രന്ഥകാരൻ എടുത്തുപറയുന്നുണ്ട്. ക്യൂബയിൽ നിന്നും തുടങ്ങി ദക്ഷിണാഫ്രിക്ക വഴി യൂറോപ്പിലെ ബൽജിയത്തിലേക്കും ഏഷ്യയിലെ വിയറ്റ്നാമിലേക്കും, അവിടെനിന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും നീങ്ങുന്ന ഇതിലെ ചരിത്രാഖ്യാനം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഔപചാരിക ധാരണകളെ കുറച്ചൊക്കെ തിരുത്താനും സഹായകമായേക്കും. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ്‐തൊഴിലാളി പാർടികളുടെ ചരിത്രത്തെ പ്രാതിനിധ്യ സ്വഭാവത്തോടെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന സമീപനത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനപരമായ സാർവദേശീയ സ്വഭാവത്തെ ഉയർത്തിക്കാണിക്കാനും, ലോകത്തിന്റെ ഏതു കോണിലും വേരാഴ്ത്തിനിൽക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുപോകാനും സഹായിക്കുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ ഈ സമാഹാരത്തിലെ അധ്യായങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നുണ്ട്.

ക്യൂബൻ കമ്യൂണിസ്റ്റ്‌ പാർടി കോൺഗ്രസിൽ  ഫിദൽ കാസ്‌ട്രോ സംസാരിക്കുന്നുക്യൂബൻ കമ്യൂണിസ്റ്റ്‌ പാർടി കോൺഗ്രസിൽ ഫിദൽ കാസ്‌ട്രോ സംസാരിക്കുന്നു

ലോകത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രജീവിതത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുണ്ടായ നിർണായകമായ ചില പരിവർത്തനങ്ങൾ ഇത്തരമൊരു തെരഞ്ഞെടുപ്പിന് പിന്നിലുള്ള കാര്യവും ഗ്രന്ഥത്തിന്റെ ആമുഖത്തിൽ എം എ ബേബി സൂചിപ്പിക്കുന്നുണ്ട്. ‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു’ എന്ന അത്യന്തം നാടകീയവും മുഴക്കമുള്ളതുമായ വാക്യത്തിലാരംഭിക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കാലം മുതൽ തന്നെ വ്യാവസായിക വികാസം കൈവരിച്ച രാജ്യങ്ങളിൽ അരങ്ങേറാനിരിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പ്രബലമായിരുന്നു. റഷ്യൻ വിപ്ലവം ആ പ്രതീക്ഷകൾക്കു കുറുകെയാണ് അരങ്ങേറിയത്. അപ്പോഴും ലോകത്തെ അതിപ്രബലമായ കമ്യൂണിസ്റ്റ്‐തൊഴിലാളി പ്രസ്ഥാനങ്ങൾ യൂറോപ്പിൽ പ്രബലമായി നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി പിന്നിടുമ്പോൾ ഇതിൽ രണ്ടു മാറ്റങ്ങൾ ഉണ്ടായി. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മാതൃകയായി ഉയർന്നുവരികയും നാസി ഭീകരതയിൽനിന്ന് ലോകത്തെയാകമാനം മോചിപ്പിക്കുകയും ചെയ്ത സോവിയറ്റ് യൂണിയൻ ശിഥിലമായി എന്നതാണ് ആദ്യത്തേത്. ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നതുപോലെ മനുഷ്യവംശത്തെ സംബന്ധിച്ച എത്രയെങ്കിലും മഹത്തായ നേട്ടങ്ങൾക്കു വഴിവച്ച സോവിയറ്റ് പാരമ്പര്യം ‘ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും യാന്ത്രികതയും വ്യക്തിപ്രഭാവവും ഭാവനാരാഹിത്യവും’ പോലുള്ള നിരവധി ദുഷ്പ്രവണതകൾക്കു വിധേയമായി തകർച്ചയിലേക്ക് നീങ്ങി. ഇതിനുപിന്നാലെ യൂറോപ്പിലെ മിക്കവാറും രാജ്യങ്ങളിൽ കമ്യൂണിസ്റ്റ്‐തൊഴിലാളി വർഗപ്രസ്ഥാനങ്ങൾ വലിയ തിരിച്ചടികളെ നേരിടുകയും ചെയ്തു. ഫലത്തിൽ വ്യാവസായികമായി വികസിതമായ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കമ്യൂണിസ്റ്റ്‐തൊഴിലാളിവർഗ രാഷ്‌ട്രീയം വലിയൊരളവോളം പിൻവാങ്ങി എന്നു മാത്രമല്ല, തീവ്രവലതുപക്ഷം മുതൽ നവ നാസിസം വരെയുള്ള അപകടകരമായ പ്രവണതകൾ അവിടങ്ങളിൽ വേരുപിടിക്കുകയും ചെയ്തു. മുതലാളിത്തവികാസം കൈവന്ന രാജ്യങ്ങൾ സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നീങ്ങിയില്ല എന്നുമാത്രമല്ല, അവ കൂടുതൽ വലതുപക്ഷ സ്വഭാവം കൈവരിക്കുകയും യൂറോപ്പിനു പുറത്തുള്ള പഴയ പിന്നണി രാജ്യങ്ങൾ കമ്യൂണിസ്റ്റ് രാഷ്‌ട്രീയ പ്രയോഗങ്ങളുടെ കേന്ദ്രമായി ഉയർന്നുവരുകയും ചെയ്തു. ഏഷ്യയും ആഫ്രിക്കയും ലാറ്റിനമേരിക്കയും പോലുള്ള മേഖലകളിലെ രാജ്യങ്ങളിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ന് ഫലപ്രദമായി നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന സ്ഥിതി സംജാതമായി.

ഇത്തരമൊരു ലോകസന്ദർഭത്തിന്റെ സവിശേഷതയെ കൂടി പരിഗണിച്ചുകൊണ്ടാണ് ക്യൂബ മുതൽ സിറിയ വരെയുള്ള പന്ത്രണ്ട് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‐തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്ന നിലയിൽ ഈ ഗ്രന്ഥപരമ്പരയുടെ ആദ്യസഞ്ചിക സംവിധാനം ചെയ്തിട്ടുള്ളത്. ഒരേസമയം സവിശേഷമായ രണ്ടു കാര്യങ്ങൾ ഇതു നിറവേറ്റുന്നുണ്ട്. യൂറോപ്പിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശൈഥില്യത്തോടെ കമ്യൂണിസ്റ്റ് ആശയവും രാഷ്‌ട്രീയവും തകർന്നടിഞ്ഞു എന്ന വലതുപക്ഷ മാധ്യമപ്രചാരണത്തെ പ്രതിരോധിക്കാൻ കഴിയുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. അതോടൊപ്പം ഇടതുപക്ഷ കമ്യൂണിസ്റ്റ് രാഷ്‌ട്രീയ പ്രവർത്തകർക്കുതന്നെ മിക്കവാറും അപരിചിതമായ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളിലേക്ക് വെളിച്ചം വീശാനും കമ്യൂണിസ്റ്റ് രാഷ്‌ട്രീയം ലോകത്തിന്റെ വിവിധ കോണുകളിൽ പ്രയോഗക്ഷമത കൈവരിക്കുന്നതിന്റെ വർത്തമാനചിത്രം അവതരിപ്പിക്കാനും കഴിയുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. അങ്ങനെ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഇരുനിലകളിൽ പ്രാധാന്യമുള്ള ഒരു സൈദ്ധാന്തിക ഇടപെടലായി ഈ ചരിത്രഗ്രന്ഥം മാറിത്തീർന്നിരിക്കുന്നു.

ചൈനീസ്‌ പ്രസിഡന്റ്‌ സീ ജിൻപിങ്ങിനെ സ്വീകരിക്കാനായി വഴിയരികിൽ  കാത്തുനിൽക്കുന്ന വിയറ്റ്നാമീസ്‌ ബാലൻമാർചൈനീസ്‌ പ്രസിഡന്റ്‌ സീ ജിൻപിങ്ങിനെ സ്വീകരിക്കാനായി വഴിയരികിൽ കാത്തുനിൽക്കുന്ന വിയറ്റ്നാമീസ്‌ ബാലൻമാർ

മൂന്ന്

സവിശേഷമായ ഒരു വിഷയാവതരണ രീതിയാണ് ഈ ഗ്രന്ഥത്തിലുടനീളം എം എ ബേബി പിൻപറ്റിയിട്ടുള്ളത്. ഓരോ രാജ്യത്തിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം അവതരിപ്പിക്കുമ്പോൾ അതിനെ ഒറ്റതിരിച്ചെടുത്ത് വിശദീകരിക്കാൻ അദ്ദേഹം തുനിയുന്നില്ല. മറിച്ച് ആ രാജ്യത്തിന്റെ പൊതുചരിത്രവുമായി ബന്ധപ്പെടുത്തി പ്രസ്ഥാനത്തിന്റെ ചരിത്രത്തെ അനാവരണം ചെയ്യുന്ന രീതിയാണ് ഗ്രന്ഥകാരൻ പിൻതുടരുന്നത്. അതുകൊണ്ടുതന്നെ അതത് രാജ്യങ്ങളുടെ ചരിത്രപരമായ സവിശേഷതകളും ജീവിതരീതികളിലെ വൈവിധ്യങ്ങളും അവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉള്ളടക്കത്തെയും പ്രവർത്തന ക്രമത്തെയും എങ്ങനെയെല്ലാം നിർണയിച്ചു എന്നതിലേക്ക് ഈ ഗ്രന്ഥത്തിലെ ഓരോ അധ്യായവും തുറന്നുകിടക്കുന്നുണ്ട്. പ്രസ്ഥാനചരിത്രവും സാമൂഹ്യചരിത്രവും തമ്മിലുള്ള വിനിമയങ്ങളെ പ്രത്യേകമായി പരിഗണിച്ചുകൊണ്ടുള്ള ഈ വിശദീകരണ രീതി ‘സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനം’ എന്ന മാർക്സിസ്റ്റ് സമീപനത്തെ സ്വാംശീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന ഒന്നാണെന്ന് പറയാം. കമ്യൂണിസ്റ്റ് വീക്ഷണത്തിന്റെയും ലെനിനിസ്റ്റ് സംഘടനാ രീതിയുടെയും സാർവദേശീയ മാനങ്ങൾക്കുള്ളിലും ഓരോ രാജ്യത്തിന്റെയും സവിശേഷമായ ചരിത്രപ്രകൃതം അവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ രൂപപ്പെടുത്തിയതെങ്ങനെ എന്നുകൂടി വ്യക്തമാക്കാൻ ഈ അവതരണരീതിക്ക് കഴിയുന്നു. കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തെക്കുറിച്ചുള്ള യാന്ത്രികമായ ധാരണകളെ തിരുത്താൻ കൂടി സഹായകമായ ഒന്നാണ് ഈ സമീപനം.

ഹോചിമിൻഹോചിമിൻ

ക്യൂബ, ദക്ഷിണാഫ്രിക്ക, ബെൽജിയം, ബ്രസീൽ, വിയറ്റ്നാം, കമ്പോഡിയ, ലാവോസ്, ചിലി, പലസ്തീൻ, ജോർദാൻ, ലബനൻ, സിറിയ എന്നിങ്ങനെ പന്ത്രണ്ട് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിലെ വിവിധ അധ്യായങ്ങളിലായി ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നത്. അങ്ങേയറ്റം വൈവിധ്യപൂർണവും ചിലപ്പോഴൊക്കെ വൈരുധ്യപൂർണവുമാണ് ഈ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിജയപതാകകൾ ഉയർത്തിക്കെട്ടിയ ക്യൂബയുടെയും വിയറ്റ്‌നാമിന്റെയും ലാവോസിന്റെയും ചരിത്രവും, രാജ്യഭരണം കയ്യാളുന്നില്ലെങ്കിലും അതത് രാജ്യങ്ങളിലെ നിർണായകമായ രാഷ്‌ട്രീയ ശക്തിയായി മാറിയ ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും ചിലിയിലെയും മറ്റും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും, ഭീമാകാരമായ അടിച്ചമർത്തലുകൾക്കും പ്രാതികൂല്യങ്ങൾക്കുമിടയിൽ പ്രവർത്തിക്കുന്ന പലസ്തീനിലെയും ലബനനിലെയും സിറിയയിലെയും ജോർദാനിലെയും പ്രസ്ഥാനങ്ങളുടെ ചരിത്രവും, കമ്യൂണിസത്തിന്റെ പേരിൽ മാരകമായ മനുഷ്യവിരുദ്ധത കെട്ടഴിച്ചുവിട്ട് ലോകത്തിനു മുന്നിൽ കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന് ഏറ്റവുമധികം അവമതിപ്പുണ്ടാക്കിയ കമ്പോഡിയയിലെ പോൾപോട്ട് വാഴ്ചയുടെ വിനാശകരമായ ചരിത്രവും ഈ ഗ്രന്ഥത്തിലെ വിവിധ അധ്യായങ്ങളിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. എത്രമേൽ മഹത്വപൂർണമായ സമർപ്പണങ്ങളിലൂടെയാണ് ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പടുത്തുയർത്തപ്പെട്ടത് എന്നതിന്റെ ആവേശദായകമായ ചിത്രങ്ങൾ ഈ അധ്യായങ്ങളിൽ നമുക്ക് കാണാനാവും. അതിന്റെ മറുപുറത്ത്, കമ്യൂണിസത്തിന്റെ മറപറ്റി വിനാശകരമായ മനുഷ്യവിരുദ്ധത മാത്രം കൈമുതലാക്കിയ പോൾപോട്ടിനെയും ഖമർറൂഷിനെയും അമേരിക്കൻ സാമ്രാജ്യത്വവും സിഐഎയും പണം നൽകി സഹായിച്ചതിന്റെ ചരിത്രവും ഗ്രന്ഥം വെളിപ്പെടുത്തുന്നുണ്ട്.

ഈ ഗ്രന്ഥത്തിൽ താൻ പരിഗണനക്കെടുക്കുന്ന കമ്യൂണിസ്റ്റ് പാർടികളെ പ്രത്യേക വിഭാഗങ്ങളായി തരംതിരിച്ച് അവതരിപ്പിക്കാൻ എം എ ബേബി മുതിർന്നിട്ടില്ല. എങ്കിലും ഈ ഗ്രന്ഥം ചർച്ചചെയ്യുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ നാല് ഭാഗങ്ങളായി വേർതിരിച്ച് മനസ്സിലാക്കാനാവും. ക്യൂബയിലെയും വിയറ്റ്നാമിലെയും ലാവോസിലെയും പാർടികളെപ്പോലെ വിപുലമായ വിപ്ലവസമരങ്ങളിലൂടെ കടന്നുപോരുകയും, ഭരണനിർവഹണത്തെ വിപ്ലവപ്രവർത്തനത്തിന്റെ തുടർച്ചയാക്കി മാറ്റുകയും ചെയ്ത പ്രസ്ഥാനങ്ങളുടെ ചരിത്രമാണ് അതിലാദ്യത്തേത്. സുദീർഘമായ സായുധസമരത്തിലൂടെ അധികാരത്തിലെത്തുകയും ആറേഴു പതിറ്റാണ്ടുകൾക്കു ശേഷവും അധികാരത്തിൽ തുടരുകയും ചെയ്യുന്ന പാർടികളാണ് ക്യൂബയിലെയും വിയറ്റ്നാമിലെയും. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേരിട്ട തിരിച്ചടികളെയും അതുളവാക്കിയ അത്യന്തം പ്രയാസകരമായ സാഹചര്യങ്ങളെയും മറികടന്ന് അടിസ്ഥാന നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാർടികളാണവ. വിപ്ലവസന്ദർഭത്തിലും അതിനുശേഷവും സാമ്രാജ്യത്വ ശക്തികളുടെ നിരന്തരമായ കടന്നാക്രമണത്തിന് വിധേയമായവയാണ് ക്യൂബൻ‐വിയറ്റ്നാമീസ് പാർടികൾ. വിപ്ലവവിജയത്തിലേക്കുള്ള അവരുടെ യാത്ര എത്രത്തോളം ആയാസകരമായിരുന്നോ, അത്രതന്നെ സങ്കീർണവും സമരനിർഭരവുമായിരുന്നു ആ പാർടികളുടെ പിൽക്കാലത്തെ ഭരണനിർവഹണവും. സാമ്രാജ്യത്വ ശക്തികളുമായുള്ള നിരന്തരമായ ഏറ്റുമുട്ടലുകളുടെ വേളയിലും സാമൂഹ്യനീതിയും സ്ഥിതിസമത്വവും അടിസ്ഥാനസൗകര്യവികസനവും പരിസ്ഥിതിപാലനവും ലിംഗനീതിയും ഉറപ്പാക്കിക്കൊണ്ടുള്ള ഭരണനിർവഹണത്തിന്റെ മാതൃക സൃഷ്ടിക്കാനാണ് ഈ രണ്ടു രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാർടികൾ ശ്രമിച്ചത്. ഇരു രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികളുടെയും വിശദവും സമഗ്രവുമായ ചിത്രം ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്. അതിൽ ക്യൂബയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം മലയാളവായനാസമൂഹത്തിന് താരതമ്യേന പരിചിതമാണെങ്കിൽ വിയറ്റ്നാം പാർടിയെ സംബന്ധിച്ച് അതേ അളവിൽ ഇക്കാര്യം പറയാനാവില്ല. അതിനുള്ള ഫലപ്രദമായ ഒരു പരിഹാരം കൂടിയായിത്തീരുന്നുണ്ട് ഈ ഗ്രന്ഥം. അമേരിക്കൻ സാമ്രാജ്യത്തിന്റെ നിഷ്ഠുരമായ കടന്നാക്രമണങ്ങളെ ഗറില്ലാ തന്ത്രങ്ങളിലൂടെ അതിസമർഥമായി മറികടന്ന് അവരെ പരാജയപ്പെടുത്തിയ വിയറ്റ്നാം പാർടിയുടെ പോരാട്ടവീര്യത്തിന്റെയും ജനകീയതയുടെയും ചരിത്രം ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകളെയും സാമ്രാജ്യത്വവിരുദ്ധപ്പോരാളികളെയും ആവേശം കൊള്ളിച്ച ഒന്നായിരുന്നു. വിസ്മയകരമായ ആ സമരത്തിന്റെ സമഗ്രവും അതേസമയംതന്നെ സംഗ്രഹരൂപത്തിലുള്ളതുമായ അവതരണം ഈ ഗ്രന്ഥത്തിൽ നമുക്ക് വായിക്കാനാവും.

കമ്യൂണിസ്റ്റ്‌ ഭരണത്തിന്റെ 30ാം വാർഷികാഘോഷ വേളയിൽ ലാവോസിൽ നടന്ന സൈനിക പരേഡ്‌ കമ്യൂണിസ്റ്റ്‌ ഭരണത്തിന്റെ 30ാം വാർഷികാഘോഷ വേളയിൽ ലാവോസിൽ നടന്ന സൈനിക പരേഡ്‌

മേൽപ്പറഞ്ഞതിൽനിന്ന് തീർത്തും വ്യത്യസ്തമായി, മലയാള വായനാസമൂഹത്തെ സംബന്ധിച്ചിടത്തോളം എത്രയും അപരിചിതമായ ഒന്നാണ് ലാവോസിലെ പീപ്പിൾസ് റവല്യൂഷണറി പാർടിയുടെ ചരിത്രം. മാർക്സിസ്റ്റ്‐ലെനിനിസ്റ്റ് സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി ‘സുനിശ്ചിതമായ പരിപാടിയിലൂടെയും ആസൂത്രിത പദ്ധതികളിലൂടെയും സോഷ്യലിസ്റ്റ് നിർമിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചൈന, ക്യൂബ, വിയറ്റ്നാം, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട രാജ്യം’ എന്ന് ഗ്രന്ഥകാരൻ ലാവോസിനെ വിശേഷിപ്പിക്കുന്നുണ്ട്. 1975‐ൽ വിപ്ലവപ്രസ്ഥാനം അധികാരത്തിലെത്തിയ രാജ്യമാണ് ലാവോസ്. ഹോച്മിന്റെയും മഹത്തായ സാമ്രാജ്യവിരുദ്ധപ്പോരാട്ടങ്ങളുടെയും പാരമ്പര്യം പേറുന്ന പ്രസ്ഥാനമാണ് ലാവോസ് പീപ്പിൾസ് റവല്യൂഷണറി പാർടി. എങ്കിലും ലാവോസ് എന്ന രാജ്യത്തിന്റെയോ അവിടത്തെ വിപ്ലവപ്രസ്ഥാനത്തിന്റെയോ ചരിത്രം ഇതര രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെപ്പോലെ നമ്മുടെ പരിഗണനയിൽ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഭരണാധികാരം കയ്യാളുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ (ക്യൂബ, വിയറ്റ്നാം, ലാവോസ്) ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ നിലയിൽ ഈ ഗ്രന്ഥത്തിൽ ഇടംപിടിച്ചിരിക്കുന്നതും ലാവോസ് പീപ്പിൾസ് റവല്യൂഷണറി പാർടിയുടെ ചരിത്രമാണ്. പാർടിയുടെ സ്ഥാപനംമുതൽ പല പടവുകൾ പിന്നിട്ട വിപ്ലവവിജയം വരെയും, അവിടെനിന്ന് സോഷ്യലിസ്റ്റ് സമൂഹനിർമാണത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റം വരെയുമുള്ള കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കാൻ ഈ അധ്യായത്തിനു കഴിയുന്നുണ്ട്.

ഈ ഗ്രന്ഥത്തിലെ രണ്ടാമതൊരു വിഭാഗമായി ദക്ഷിണാഫ്രിക്ക, ചിലി, ബ്രസീൽ എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികളെ പരിഗണിക്കാം. ഒരു നൂറ്റാണ്ടോളം പിന്നിട്ട പ്രവർത്തന ചരിത്രം അവകാശപ്പെടാവുന്ന പാർടികളാണവ. ചൈനയിലെയും ക്യൂബയിലെയും മറ്റും പാർടികളെപ്പോലെ രാഷ്‌ട്രാധികാരത്തിലെത്തിയില്ലെങ്കിലും, പാർലമെന്ററി മാർഗത്തിലൂടെയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ വഴിയായും ഭരണത്തിലെ നിർണായക ശക്തിയായി മാറാൻ ഈ രാജ്യങ്ങളിലെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്കു കഴിയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം പകുതി മുതൽക്കിങ്ങോട്ട് ലോകത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്തരം മുന്നേറ്റങ്ങൾക്ക് വലിയ പങ്കുണ്ടുതാനും. വെനിസ്വലയും ചിലിയും ബ്രസീലും നിക്കരാഗ്വയും അടക്കമുള്ള നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടയിൽ ഉയർന്നുവന്ന സാമ്രാജ്യവിരുദ്ധ മുന്നേറ്റങ്ങൾ വർത്തമാനകാലത്തെ കമ്യൂണിസ്റ്റ് രാഷ്‌ട്രീയചരിത്രത്തിലെ നിർണായക സ്ഥാനങ്ങളാണ്. മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവയ്ക്കുകയോ, വക്രീകരിച്ച് അവതരിപ്പിക്കുകയോ ചെയ്യുന്ന അത്തരം രാഷ്‌ട്രീയ മുന്നേറ്റങ്ങളെ അതതു രാജ്യങ്ങളുടെ സാമൂഹ്യചരിത്രവുമായി ബന്ധിപ്പിച്ച് വിശദീകരിക്കാൻ ഈ ഗ്രന്ഥത്തിലെ അധ്യായങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ലോക കമ്യൂണിസത്തിന്റെ വർത്തമാന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളാണിവ. അതിലേക്കുള്ള മികച്ച പ്രവേശകങ്ങളാണ് ഈ ഗ്രന്ഥം.

ഈ ഗ്രന്ഥം ചർച്ചചെയ്യുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലെ മൂന്നാമതൊരു വിഭാഗമായി പരിഗണിക്കാവുന്നത് പലസ്തീൻ, ലബനൻ, ജോർദാൻ, ഇസ്രയേൽ, സിറിയ, ബെൽജിയം എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികളെക്കുറിച്ചുള്ള അധ്യായങ്ങളാണ്. രാഷ്ട്രാധികാരം കയ്യാളുന്ന കമ്യൂണിസ്റ്റ് പാർടികളിൽ നിന്നും (ചൈന, ക്യൂബ, വിയറ്റ്നാം തുടങ്ങിയവ) രാഷ്ട്രഭരണത്തിൽ പങ്കാളിത്തമോ രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയിൽ നിർണായക സ്ഥാനമോ കയ്യാളുന്ന കമ്യൂണിസ്റ്റ് പാർടികളിൽ നിന്നും (ചിലി, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയവ) വ്യത്യസ്തമായി പ്രാഥമികമായി നിലനിൽപ്പിനായിപ്പോലും പൊരുതേണ്ടി വരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണവ. വംശീയതയും മതരാഷ്‌ട്രവാദവും മതവർഗീയതയുമെല്ലാം പിടിമുറുക്കിയ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വർത്തമാനകാല ജീവിതത്തിൽ സ്വന്തം ഇടം കണ്ടെത്താനും തൊഴിലാളിവർഗ രാഷ്‌ട്രീയത്തിന്റെ പതാക ഉയർത്തിപ്പിടിക്കാനും ഈ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികൾ നടത്തുന്ന അത്യന്തം പ്രയാസകരമായ ശ്രമങ്ങളുടെ ചരിത്രമാണ് മൂന്നാമത്തെ വിഭാഗത്തിൽ പെടുത്താവുന്ന അധ്യായങ്ങളിൽ അനാവരണം ചെയ്യപ്പെടുന്നത്. എത്രമേൽ പ്രയാസകരമായ സന്ദർഭങ്ങളിലും തളരാത്ത ഇച്ഛയുടെ കൊടിമരങ്ങളായി ഉയർന്നുനിൽക്കുന്ന അവിടത്തെ പ്രസ്ഥാനങ്ങളുടെ ചരിത്രം അസാധാരണവും അനന്യവുമാണ്.


കമ്പോഡിയയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ നാലാമത്തെ വിഭാഗമായി പരിഗണിക്കാവുന്ന അധ്യായം. ആദ്യത്തെ മൂന്ന് വിഭാഗങ്ങളിൽ പെടുന്ന രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രം ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകൾക്ക് പ്രചോദനമോ പ്രേരണയോ ഒക്കെയാണെങ്കിൽ കമ്പോഡിയയുടെ ചരിത്രം ഒരു താക്കീതാണ്. മർക്സിസത്തിന്റെ പേരിൽ വളർന്നുവന്ന അതിയാന്ത്രികത എങ്ങനെ ജനവിരുദ്ധമായ ഭീകരതയായി പരിണമിച്ചു എന്ന താക്കീത്. പോൾ പോട്ടും ഖമർ റൂഷും നടത്തിയ പ്രാകൃതമായ പരീക്ഷണങ്ങൾ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനേൽപ്പിച്ച പരിക്കുകളെക്കുറിച്ചാലോചിച്ചാൽ ഈ താക്കീത് എത്രയും പ്രധാനമാണെന്ന് നമുക്ക് വ്യക്തമാകും. വിപ്ലവകരമായ മാർക്സിസ്റ്റ് പ്രയോഗമായി അഭിനയിച്ച ഖമർ റൂഷിന് സിഐഎ നൽകിപ്പോന്ന സഹായങ്ങളുടെ വിവരങ്ങൾ വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് ബേബി ഈ അധ്യായം രചിച്ചിട്ടുള്ളത്. വിപ്ലവപ്രസ്ഥാനത്തിന്റെ മേലങ്കിയണിഞ്ഞ് നിലകൊണ്ട ആ ജനവിരുദ്ധതയുടെ സമഗ്രമായ പ്രതിപാദനം ‘അനുഭവങ്ങളിൽ നിന്നും പഠിക്കുക’ എന്ന കമ്യൂണിസ്റ്റ് സമീക്ഷയ്ക്കുള്ള മികവുറ്റ മാതൃകയാണ്.


ഈ നിലയിൽ ലോകത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വർത്തമാനത്തെ അവയുടെ ഭിന്ന പ്രതലങ്ങളെ മുൻനിർത്തി അഭിസംബോധന ചെയ്യാനാണ് ‘കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രത്തിലൂടെ’ എന്ന ഗ്രന്ഥത്തിൽ സഖാവ് എം എ ബേബി ശ്രമിക്കുന്നത്. ഇതേ ദിശയിൽ ലോകത്തിന്റെ ഇതര കോണുകളിലെയും ഭൂഖണ്ഡങ്ങളിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന തുടർന്നുള്ള സഞ്ചികകൾ കൂടി പുറത്തുകൊണ്ടുവരാനായാൽ അത് മലയാള മാർക്സിസ്റ്റ് വൈജ്ഞാനികതയ്ക്ക് കൈവരുന്ന അപൂർവമായ നേട്ടങ്ങളിലൊന്നായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്ന പദവി നൽകുന്ന തിരക്കുകൾക്കിടയിലും ഈ ദൗത്യം പൂർത്തീകരിക്കാൻ സഖാവിന് കഴിയട്ടെ എന്ന ആഗ്രഹം ഉറക്കെപ്പറയാൻ ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ സാഫല്യത്തിന്റെ തെളിവും മറ്റൊന്നല്ല .





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home