യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക് ‐11

റിവായിലെ വേരുപാലം
avatar
വേണു

Published on Sep 24, 2025, 02:40 PM | 10 min read

മാർച്ച് 27. ചിറാപ്പുഞ്ചി

സ്ഥലത്തിന് ചിറാപ്പുഞ്ചി അഥവാ ചെറാപ്പുഞ്ചി എന്ന പേര് കൊടുത്തത് ബ്രിട്ടീഷ് ഭരണാധികാരികളാണ്. സോഹ്റാ എന്നാണിതിന്റെ യഥാർഥ നാമം. ഇപ്പോൾ മാർഗസൂചികകളും മറ്റും കൂടുതൽ ഇഷ്ടം കാണിക്കുന്നത് സോഹ്റാ എന്ന പേരിനോടാണ്. ഖാസി ഭാഷകൾക്കൊന്നും സ്വന്തം ലിപിയില്ല. ഇംഗ്ലീഷിൽ Sohra എന്നെഴുതുമ്പോൾ നാട്ടുകാരത് ഉച്ചരിക്കുന്നത്‌ സോറാ എന്നാണ്. സോറാ എത്തുന്നതിന് മുമ്പുള്ള അർവാ എന്ന സ്ഥലത്ത് ഒരു പരിചയക്കാരന്റെ ഹോട്ടലിലാണ് തമ്പി എനിക്ക് താമസം ഇടപാടാക്കിയിരിക്കുന്നത്. അത് പ്രധാന റോഡിൽനിന്ന് കുറച്ചകത്താണ്. കണ്ടുപിടിക്കാൻ തമ്പിയുടെ സഹായം വേണ്ടിവരും. മോമതേഡിലെ തമ്പിയുടെ വീട്ടിൽ നിന്ന് സുഷ്‌മിതയേയും കുട്ടികളേയും മോക്ഡോകിൽ തിരികെ വിട്ട്, തമ്പിയുടെ വീടും കടന്ന് അർവായിലെ ലോഡ്ജ് കണ്ടുപിടിച്ച ശേഷം, തമ്പിയെ തിരികെ മോമതേഡിലെ വീട്ടിലെത്തിച്ച് അർവായിലെ മുറിയിൽ തിരിച്ചെത്തിയപ്പോൾ രാത്രി ഒമ്പത്‌ മണിയായി. അതിന്നലെയായിരുന്നു.

റിവായിലെ വേരുപാലംറിവായിലെ വേരുപാലം

മഴയുടെ കാര്യത്തിൽ പല ലോകറെക്കോഡുകളും ചിറാപ്പുഞ്ചിക്ക് സ്വന്തമാണ്. ബംഗ്ലാദേശിലെ താഴ്‌ന്ന സമതലങ്ങളിൽനിന്ന്‌ ചൂടുപിടിച്ചുയരുന്ന നീരാവി നിറഞ്ഞ നീർമേഘങ്ങൾ ബംഗാൾ ഉൾക്കടലിൽനിന്നു വീശുന്ന കാറ്റുപിടിച്ച് ഖാസി പീഠഭൂമിയുടെ നാലായിരം അടി ഉയരമുള്ള ചെങ്കുത്തായ ചെരിവുകൾ പിടിച്ചുകയറി മുകളിലെത്തുമ്പോൾ, ഉയർന്ന അന്തരീക്ഷത്തിലെ തണുപ്പിൽത്തട്ടി ബാഷ്‌പീകരിക്കപ്പെട്ട് തൽക്ഷണം മഴയായി പെയ്യും. ചിറാപ്പുഞ്ചി ഭാഗത്ത് ഖാസി പീഠഭൂമിയെ രണ്ടായി പിളർന്നുകൊണ്ട് മൂവായിരം അടിവരെ താഴ്‌ചയുള്ള ഒരു വിള്ളൽ നീളത്തിൽ പോകുന്നുണ്ട്. ചുറ്റുമുള്ള മലകളിൽനിന്ന് മഴക്കാലത്ത് ഒഴുകിയെത്തുന്ന പെയ്‌ത്തുവെള്ളം നൂറുകണക്കിന് വെള്ളച്ചാട്ടങ്ങളായി ഈ വിടവിലേക്ക് കുത്തനെ വന്നുവീഴുന്ന കാഴ്‌ച മാസ്മരികമാണെന്ന് കണ്ടിട്ടുള്ളവർ പറയുന്നു. ഈ വെള്ളമെല്ലാം തെക്കോട്ടു തിരിച്ചൊഴുകി വടക്കൻ ബംഗ്ലാദേശിലെ താഴ്‌ന്ന നിലങ്ങളിൽ പ്രളയജലമായി നിറയും. വംഗസൂര്യൻ ഈ ജലത്തിനെ വീണ്ടും ആവിയാക്കി ചിറാപ്പുഞ്ചിയിലേക്ക് തിരിച്ചയയ്‌ക്കും. അത് വീണ്ടും പെരുമഴയായി പെയ്‌ത്‌ വീണ്ടും താഴേക്ക് കുത്തിയൊലിക്കും. ഇങ്ങെനെ ഓരോ മഴയ്‌ക്കും ഖാസിമലകളിൽനിന്നു താഴേക്ക്‌ കലങ്ങിയൊഴുകുന്ന പെയ്‌ത്തുവെള്ളത്തിനോടൊപ്പം അവിടുത്തെ വളക്കൂറും ധാതുക്കളുമടങ്ങിയ മേൽമണ്ണും താഴേക്ക് ഒഴുകിപ്പോകും. ഇന്ന് ഖാസിമലകളുടെ വലിയൊരു ഭാഗം മേൽമണ്ണില്ലാത്ത ചുണ്ണാമ്പുപാറകളാണ്. കൃഷിക്കനുയോജ്യമല്ല എന്ന് സർക്കാർ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ള പാഴ്നിലങ്ങളാണവ. ഇന്നിവിടെ കാണികളുടെ മനംകവർന്നു നിൽക്കുന്ന മൊട്ടക്കുന്നുകൾ, ഒരുകാലത്ത് വലിയ മരങ്ങൾ വളർന്നുനിന്ന കാടുകളായിരുന്നു എന്നു പറയപ്പെടുന്നു. ചെറുപുല്ലുകൾക്ക് വേരുപിടിക്കാൻ വേണ്ട അളവിലുള്ള നേരിയ മേൽമണ്ണ്‌ മാത്രമാണ് ഇന്നാ മലകളിൽ അവശേഷിക്കുന്നത്. നിയന്ത്രണമില്ലാത്ത ഝൂം കൃഷിയും തന്മൂലമുണ്ടാകുന്ന കൂടുതൽ ശക്തമായ മണ്ണൊലിപ്പും ചിറാപ്പുഞ്ചിയെ ദുർബലമാക്കിയിരിക്കുന്നു. വെള്ളം പിടിച്ചുനിർത്താനുള്ള കഴിവ്‌ മണ്ണിന് നഷ്ടമായതോടെ ഖാസി മലകളിൽ ഭൂഗർഭ ജലത്തിന്റെ അളവും പെട്ടെന്നു കുറഞ്ഞു. ലോകത്തിൽ ഏറ്റവുമധികം മഴ കിട്ടുന്ന ഈ പ്രദേശത്ത്, മഴക്കാലം കഴിഞ്ഞുള്ള മാസങ്ങളിൽ വരൾച്ചാസമാനമായ സാഹചര്യമാണ് പലപ്പോഴും അനുഭവപ്പെടുന്നത്.


മൂന്നാറിലെ ടൂറിസത്തിന്റെ വലുപ്പമില്ലെങ്കിലും അതിന്‌ സമാനമാണ് ചിറാപ്പുഞ്ചി ടൂറിസം. ഷോർട്സും തൊപ്പിയും കൂളിങ്‌ ഗ്ലാസും അടക്കമുള്ള ടൂറിസ്റ്റ് വേഷം ധരിച്ച്‌ ഇന്നോവ ടാക്‌സികളിൽ വന്നിറങ്ങുന്ന ഫാമിലി ഗ്രൂപ്പുകളും ഉച്ചത്തിലുള്ള സംഗീതഘോഷവും ഡിസ്‌കോ ലൈറ്റുകളുമായി വഴി നിറഞ്ഞു നീങ്ങുന്ന ടൂറിസ്റ്റ് ബസുകളിലെത്തി സെൽഫിയെടുത്തു മടങ്ങുന്ന വലിയ സംഘങ്ങളുമാണ് പ്രധാന സന്ദർശകർ. പ്രായമായ മാതാപിതാക്കളുമായി അവധിയാഘോഷിക്കാൻ വരുന്ന ചുരുക്കം മക്കളും മധുവിധു ആസ്വദിക്കാനെത്തുന്ന യുവമിഥുനങ്ങളും ആൾക്കൂട്ടത്തിനിടയിൽ അലഞ്ഞു നടക്കുന്ന അപൂർവം ചില സഞ്ചാരികളും ഉണ്ട്. മൂന്നാറിലെപ്പോലെ തന്നെ ഇവിടെയും സ്ഥിരം കാഴ്‌ചസ്ഥലങ്ങളുണ്ട്. മുപ്പത് അല്ലെങ്കിൽ മുപ്പത്തഞ്ച് കൊല്ലം മുമ്പ്‌ മൂന്നാറിൽ ടൂറിസം തീരെയില്ലായിരുന്നു എന്നുപറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. എന്നാൽ അക്കാലത്ത് ഞാനത് നേരിട്ട് കണ്ടിട്ടുള്ളതാണ്. അന്നത്തെ താരങ്ങൾ തേക്കടിയും ഫോർട്ട് കൊച്ചിയും കോവളവുമാണ്. മൂന്നാറിൽ അന്നാകെ ഉണ്ടായിരുന്നത് രണ്ടു മൂന്ന് ഇടത്തരം ലോഡ്ജുകൾ മാത്രമാണ്. ചിറാപ്പുഞ്ചിയിലും ഇതു തന്നെയായിരുന്നു അവസ്ഥ. ഇന്ന് സീസൺ കാലത്ത് ചിറാപ്പുഞ്ചിയിലെ ടൂറിസ്റ്റ് സ്‌പോട്ടുകളിൽ വണ്ടി നിർത്താൻ സ്ഥലമില്ലാതെ ഡ്രൈവർമാർ വിയർക്കുന്നു. ഗുവാഹട്ടിയിൽനിന്ന്‌ ഷില്ലോങ്ങിലേക്കും ഷില്ലോങ്ങിൽനിന്ന് സോറായിലേക്കുമുള്ള വഴികളിൽ എങ്ങോട്ടും പോകാനാവാതെ നൂറുകണക്കിന് വണ്ടികൾ മണിക്കൂറുകൾ കെട്ടിക്കിടക്കുന്നു.

ഖാസി മലനിരകൾ ഖാസി മലനിരകൾ

കുറച്ച്‌ നൂറ്റാണ്ടുകൾക്ക് മുമ്പൊരു ദിവസം, ഖാസി മലയിലെ പിളർപ്പിന്റെ ആഴത്തിലെവിടെയോ ഒഴുകിയിരുന്ന കാട്ടരുവിയുടെ ഉയർന്ന കരയിലെ പേരാൽ മരച്ചുവട്ടിലിരുന്ന് ഒരച്ഛനും മകനും ചൂണ്ടയിടാൻ പറ്റിയ സ്ഥലങ്ങൾ നോക്കാൻ തുടങ്ങി. ഇപ്പോൾ അരുവിയിൽ വെള്ളം കുറവാണ്. എന്നാൽ മഴക്കാലത്തിതൊരു മഹാപ്രവാഹമാകും. അപ്പോൾ വെള്ളം മുറിച്ചുകടക്കുക അസാധ്യമാണ്. ഇവിടെയുള്ളതുപോലെ തന്നെ അക്കരെയും ഒരു പേരാൽമരം നിൽക്കുന്നത് മകൻ ശ്രദ്ധിച്ചു. അതിന്റെ ശിഖരങ്ങളിൽനിന്ന് നീണ്ട വേരുകൾ ഭൂമിയെ ലക്ഷ്യമാക്കി വളർന്നിറങ്ങി വരുന്നതും അവൻ കണ്ടു. താനിരിക്കുന്ന ആൽമരത്തിന്റെ വേരുകളെ അവൻ സൂക്ഷിച്ച് നോക്കി. അവയും താഴെയുള്ള മണ്ണിലേക്കിറങ്ങി ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. പെട്ടെന്ന് മകനൊരു ബുദ്ധി തോന്നി. അക്കരെയുള്ള മരത്തിന്റെ ശിഖരവേരുകൾ ഇക്കരെയുള്ള മണ്ണിലേക്കും ഇക്കരെയുള്ള മരത്തിന്റെ വേരുകൾ അക്കരെയുള്ള മണ്ണിലേക്കും ഗതിമാറ്റി വളർത്തിയെടുത്ത് കൊണ്ടുപോയി നിലത്തുറപ്പിച്ചാൽ അതൊരു പാലം പോലെ ഉണ്ടാവില്ലേ എന്നവൻ അച്ഛനോട് ചോദിച്ചു. നമുക്ക് നോക്കാം എന്ന്‌ അച്ഛൻ പറഞ്ഞു. കാട്ടുവള്ളികൾ മുറിച്ചെടുത്ത് ഈ വശത്തെ വേരുകളെല്ലാം അവർ അക്കരെയിലേക്ക് വലിച്ചു കെട്ടി. അക്കരെയിലെ വേരുകൾ തിരിച്ചിവിടെയും കെട്ടി. ഇവിടെ അരുവിക്ക് വീതി കുറവാണ്. എങ്കിലും വേരുകൾ മറുകര വരെ വളരാൻ ഒരുപാട് കാലം കാക്കേണ്ടിവരും. എത്ര കാലം, എന്ന് മകൻ ചോദിച്ചു. കുറഞ്ഞത് ഇരുപത്തിയഞ്ച് വർഷം, എന്ന് അച്ഛൻ പറഞ്ഞു.


ശ്വസിക്കുന്ന, ജീവനുള്ള പാലങ്ങൾ ഖാസിമലകളുടേയും ജേന്റിയാ മലകളുടേയും മാത്രം പ്രത്യേകതയാണ്. ലോകത്ത് മറ്റൊരു സംസ്‌കാരങ്ങളിലും ഇത്തരം നിർമിതികൾ ഇതുവരെ കണ്ടിട്ടില്ല എന്ന് പറയപ്പെടുന്നു. ഇവിടെയും ഇത്തരം പാലങ്ങൾ എത്ര കാലമായി ഉപയോഗത്തിലുണ്ട് എന്നു തീർച്ചയില്ല. എന്തായാലും ഇവയെക്കുറിച്ച് പുറംലോകം അറിയാൻ തുടങ്ങിയത് അടുത്ത കാലത്തു മാത്രമാണ്. ഇപ്പോഴും ഉപയോഗത്തിലുള്ള ഇത്തരം പാലങ്ങളുടെ എണ്ണം മേഘാലയയിൽ മാത്രം നൂറ്റി അമ്പതിന് മേൽ വരുമെന്നും ഇതിൽ ഏറ്റവും വലുതിന് നൂറ്റി എഴുപത്തഞ്ച് അടി നീളമുണ്ടെന്നും മേഘാലയ ടൂറിസം പറയുന്നു. ഇവിടെ നദികൾ പലതും ഭൂനിരപ്പിൽനിന്ന് വളരെ താഴെക്കൂടിയാണ് ഒഴുകുന്നത്. അതുകൊണ്ടുതന്നെ പാലങ്ങൾ കാണണമെങ്കിൽ ദുർഘടമായ കുത്തിറക്കങ്ങൾ പിടിച്ചിറങ്ങേണ്ടിവരും. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഡബിൾ ഡെക്കർ എന്നറിയപ്പെടുന്ന ഇരട്ടപ്പാലം കാണണമെങ്കിൽ നാലുമണിക്കൂർ താഴേക്കിറങ്ങണം. തിരിച്ചുകയറാൻ വീണ്ടുമൊരു നാലുമണിക്കൂർ. എന്നാൽ ഞാൻ കാണാൻ തെരഞ്ഞെടുത്ത വേരുപാലത്തിലേക്ക് കഷ്ടിച്ച് അര മണിക്കൂർ ഇറക്കമേയുള്ളൂ. റിവായ് എന്ന ഒരു ഖാസി ഗ്രാമത്തിലാണ് ഈ പാലം ഉള്ളത്. ചിറാപ്പുഞ്ചിയിൽ നിന്ന് റിവായിലേക്ക് മൂന്ന്‌ മണിക്കൂർ ദൂരമുണ്ട്. റിവായിൽ നിന്നു പത്തു മിനിറ്റ് മാത്രം ദൂരെയാണ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന മോലിനോങ്.

ബ്രിഗേഡിയർ പ്രമോദിനും ഭാര്യ മഞ്ജുളയ്‌ക്കുമൊപ്പം വേണുബ്രിഗേഡിയർ പ്രമോദിനും ഭാര്യ മഞ്ജുളയ്‌ക്കുമൊപ്പം വേണു

ചിറാപ്പുഞ്ചിയിൽനിന്ന് റിവായിലേക്കുള്ള വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഝൂം നിലങ്ങൾ ധാരാളം കണ്ടു. ഇനി ഇവിടെ ഒന്നും വളരില്ല എന്ന് ബോധ്യപ്പെട്ട കർഷകർ കൈവിട്ട കുന്നിൻപുറങ്ങളാണവ. ദൂരെനിന്ന് നോക്കുമ്പോൾ പച്ചപിടിച്ചുനിൽക്കുകയാണെന്ന് തോന്നുന്ന സ്ഥലങ്ങൾ, യഥാർഥത്തിൽ ആരോഗ്യമില്ലാത്ത കുറ്റിച്ചെടികൾ മുരടിച്ചു നിൽക്കുന്ന പാഴ്നിലങ്ങളാണെന്ന് അടുത്തുചെല്ലുമ്പോൾ മാത്രമാണ് മനസ്സിലാവുക. എങ്കിലും മറ്റെന്തിനേക്കാളും അധികമായി, അക്ഷരാർഥത്തിൽ തന്നെ ഖാസി മലകളുടെ മുഖഛായ മാറ്റിയെടുക്കുന്നത് ഇപ്പോൾ ഇവിടെ നടക്കുന്ന ഭ്രാന്തമായ റോഡ് നിർമാണ പ്രവർത്തനങ്ങളാണ്. വലിയ മലകളുടെ വശങ്ങൾ കുത്തനെ അരിഞ്ഞിറക്കിയാണ് വഴി ഉണ്ടാക്കുന്നത്. റോഡിനായി അരിഞ്ഞുമാറ്റുന്ന ലക്ഷക്കണക്കിന് ടൺ പാറയുടേയും മണ്ണിന്റെയും ഭൂരിഭാഗവും എതിർവശത്തെ ചെരിവിലേക്ക് വെറുതേ തള്ളുകയാണ് ചെയ്യുന്നത്. അവിടെ രണ്ടായിരമടി താഴെക്കൂടി ഒഴുകുന്ന പുഴയിലേക്കാണതെല്ലാം പോയി വീഴുന്നത്. റോഡ്‌ താഴ്‌ത്താനാണ് ആഴത്തിൽ കുന്നുകൾ അരിയുന്നതെങ്കിൽ, പ്രതലം ഉയർത്താൻ ചെയ്യുന്നത് പുതിയ കുന്നുകളിടിച്ച മണ്ണിട്ട് നിലം പൊക്കുക എന്നതാണ്. സ്വരൂപം മുക്കാലും നഷ്ടപ്പെട്ട വലിയൊരു ചുണ്ണാമ്പ്‌ കുന്നിന്റെ അവശേഷിക്കുന്ന തുച്ഛമായ ശരീരാംശങ്ങൾക്ക് മനുഷ്യനിർമിതമായ മരണകുടീരങ്ങളുടെ രൂപമാണ്.

സീസൺ കഴിഞ്ഞെങ്കിലും റിവായിൽ സന്ദർശകർക്ക് കുറവില്ല. ബംഗാളികളും അസംകാരുമാണ് കൂടുതൽ. ഏറ്റവും അതിശയകരം പ്രായമായ പലരുടേയും മുഖത്ത് കണ്ട നിശ്ചയദാർഢ്യമായിരുന്നു. വടി കുത്തിയും കൈപിടിച്ചും ഇരുന്നും നിരങ്ങിയും ശ്വാസത്തിനായി ഇടയ്‌ക്കിടെ കാത്തുനിന്നും ഈ ദുർഘട പാതയിലൂടെ അവർ മെല്ലെ താഴേക്കിറങ്ങിക്കൊണ്ടിരുന്നു. വഴിയുടെ വീതിയുള്ള ഭാഗത്ത് ചെറിയ കടകളുണ്ട്. പടികളുടെ വശത്ത് ഇരിക്കാൻ സ്ഥലവുമുണ്ട്. ഇവിടെ കുറച്ച് ഭാഗത്ത് ഇറക്കവും കഠിനമല്ല. എന്നാൽ എല്ലായിടത്തും അതായിരുന്നില്ല സ്ഥിതി. കാലുറപ്പിക്കാൻ ശ്രമപ്പെടേണ്ടി വരുന്ന സ്ഥലങ്ങൾ ഇടയ്‌ക്കിടെ ഉണ്ടായിരുന്നു. ഇളകിയ കൽപ്പടവുകളും മഴവെള്ളച്ചാലുകളും കുത്തനെയുള്ള ചെരിവുകളും കടന്ന് താഴെയെത്തി പുഴക്കരയിലെ മണ്ണുവഴിയിലൂടെ നടന്നാൽ നേരേ ചെന്നു കയറുന്നത് ഏകദേശം അമ്പതടി നീളത്തിൽ നദിക്ക് കുറുകേ പോകുന്ന വേരുപാലത്തിലേക്കാണ്. അക്കരെയിക്കരെ നിൽക്കുന്ന രണ്ട് പേരാലുകളുടെ ശിഖരവേരുകളെ പ്രത്യേക രീതിയിൽ വളർത്തി മെരുക്കിയെടുത്ത്, ഇരുകരകളേയും ബന്ധിപ്പിക്കുന്ന വലിയൊരു പാലമാക്കി മാറ്റുകയാണ് ചെയ്‌തിരിക്കുന്നത്. പ്രകൃതിയുടെ ജീവസ്‌പന്ദനം നിലനിർത്തിക്കൊണ്ടുതന്നെ ജനങ്ങൾക്കാവശ്യമുള്ള വികസന പ്രവർത്തനങ്ങൾ ഗ്രാമതലത്തിലെങ്കിലും സാധ്യമാണ് എന്നതിന്റെ ഉദാഹരണമായി ഈ പാലങ്ങൾ ഇപ്പോൾ പരാമർശിക്കപ്പെടുന്നു. ഒരു സമൂഹത്തിന്റെ ഒന്നിച്ചുള്ള പ്രവർത്തനം മൂലമാണ് പാലങ്ങൾ നിർമിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും. അതൊന്നുകൊണ്ടുതന്നെ ഇത്തരം കൂട്ടായ പരിശ്രമങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പുകൾ കൂടുതൽ ദൃഢമാക്കുന്നു. ഈ പാലത്തിന് നൂറ്‌ വർഷമെങ്കിലും പ്രായമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത്രയും കാലത്തിനിടയിൽ ഇരുഭാഗത്തുനിന്നും പൊട്ടിമുളച്ച പുതിയ വേരുകൾ മറുകരയിലേക്ക് വളർന്നു കയറി മണ്ണിൽ ഉറയ്‌ക്കുമ്പോൾ, പാലം കൂടുതൽ ബലപ്പെടുന്നു. മനുഷ്യർ കൂടുതൽ അടുക്കുന്നു.


ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം കാണാനാണ് ടൂറിസ്റ്റുകൾ മോലിനോങ്ങിൽ എത്തുന്നത്. ഇവിടെ വൃത്തി ധാരാളമുണ്ടെങ്കിലും ഗ്രാമം കുറവാണ്. പൂക്കളും പൂമരത്തണലുകളും ടാറിട്ട വലിയ വഴികൾക്കരികിൽ ചാരുബെഞ്ചുകളുമുള്ള റിസോർട്ടിനും സിനിമാസെറ്റിനും സമാനമായ ഒരിടമാണിത്. വീടുകൾ മിക്കവാറുമെല്ലാം ഹോം സ്റ്റേകളാണ്. തടി ഭിത്തിയും ഇരുമ്പ് ഷീറ്റിന്റെ കൂരയുമുള്ള പഴയ വീടുകളേക്കാൾ എണ്ണത്തിൽ കൂടുതൽ പുതിയ വീടുകളാണ്. ചില യൂറോപ്യൻ പ്രകൃതിചിത്രങ്ങളിൽ കാണുന്നതു പോലെയുള്ള പഴയൊരു സീനറിപ്പള്ളി ഗ്രാമത്തിന്റെ ഒരു വശത്ത്‌ കണ്ടു. ഒരു മരത്തിന്റെ മുകളിൽ വലിയൊരു ഏറുമാടം പോലൊരു വീടും അങ്ങോട്ട് കയറാൻ നീണ്ടൊരു പാലവും ഉണ്ടായിരുന്നു. ഇതും സന്ദർശകരുടെ മാനസോല്ലാസം ഉദ്ദേശിച്ചു നിർമിച്ചിട്ടുള്ളതാണെന്ന് കണ്ടാലറിയാം.


വന്ന വഴി തന്നെ തിരിച്ചുപോയി വേണം സോറയിലെത്താൻ. ഇന്ന് രാത്രികൂടി അവിടെക്കിടന്നിട്ട് നാളെ ജേന്റിയാ മലകളിലുള്ള നാർടിയാങ് വഴി സീൽച്ചർ എന്ന പട്ടണത്തിലെത്തണം. അത് വീണ്ടും തെക്കൻ അസമിലാണ്. അവിടെ എനിക്ക് കാണാൻ ഒന്നുമില്ല. ത്രിപുരയിലേക്ക് പോകുന്ന വഴി രാത്രി ഉറങ്ങാനുള്ള ഒരു സ്ഥലം മാത്രമാണ് സീൽച്ചർ. സോറ എത്താറായപ്പോൾ വൈകുന്നേരമായി. അന്തരീക്ഷം ആകെ നരച്ചിരിക്കുന്നു. മലകൾ മങ്ങിനിൽക്കുന്നു. റോഡിൽ വാഹനങ്ങളും കുറവാണ്. പെട്ടെന്ന് ആർഭാടത്തിലൊരു മിലിട്ടറി എസ്‌യുവി എതിർദിശയിൽ നിന്ന്‌ വന്ന് കടന്നുപോയി. ഏതോ ഉയർന്ന ഉദ്യോഗസ്ഥനായിരിക്കണം. എന്നെ കടന്നതും ആ വണ്ടി പെട്ടെന്ന് ബ്രേക്കിട്ടപോലെ തോന്നിയെങ്കിലും അടുത്ത വളവിൽ അത്‌ കാഴ്‌ചയിൽനിന്നു മറഞ്ഞു. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ കാറിന്റെ കണ്ണാടിയിൽ അതേ വണ്ടി വീണ്ടും പ്രത്യക്ഷപ്പെട്ടു. അതിവേഗം വന്ന് ഓവർടേക്ക് ചെയ്‌ത്‌ മുന്നിൽ കയറി പെട്ടെന്ന്‌ വേഗം കുറച്ചു. അതിന്റെ മുൻസീറ്റിലിരുന്ന ഒരാൾ കൈ താഴ്‌ത്തി നിർത്താൻ ആംഗ്യം കാണിച്ചുകൊണ്ടിരുന്നു. ഞാൻ വണ്ടി നിർത്തി. മുൻസീറ്റിലിരുന്ന ഒരു പട്ടാളക്കാരൻ ചാടിയിറങ്ങി മിലിട്ടറി വണ്ടിയുടെ പിൻ വാതിൽ തുറന്നുപിടിച്ചു. അർധ യൂണിഫോം ധരിച്ച ഒരാൾ പുറത്തിറങ്ങി എന്റെ നേരെ വന്നു. പട്ടാളക്കാരൻ അയാളുടെ പിന്നാലെ വന്നു. ഞാനും കാറിൽ നിന്നിറങ്ങി. വന്ന വഴിക്ക് മുഖവുരയൊന്നും കൂടാതെ, ആർ യൂ വേണു? എന്ന്‌ അയാൾ ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. ഓക്കേ, ദെൻ മൈ വൈഫ് ഈസ് റൈറ്റ്, എന്നുപറഞ്ഞ് അയാൾ തന്റെ വണ്ടിയിലേക്ക് തിരിഞ്ഞുനോക്കി. ഭാര്യയാണെന്ന് തോന്നുന്ന ഒരു സ്‌ത്രീ വണ്ടിയിൽ നിന്നിറങ്ങി പരിചയ ഭാവത്തിൽ ചിരിച്ചുകൊണ്ട് വന്നു. എനിക്കൊന്നും മനസ്സിലായില്ല. വേണുവല്ലേ എന്ന്‌ അവരും ചോദിച്ചു. വണ്ടി കടന്നുപോയപ്പോൾ പെട്ടെന്ന്‌ നിങ്ങളാണോ എന്ന് സംശയം തോന്നിയെന്നും, അതറിയാനാണ് തിരിച്ചുവന്നതെന്നും അവർ ഇംഗ്ലീഷിൽ പറഞ്ഞു. ബുദ്ധിമുട്ടായോ എന്നും ചോദിച്ചു. ബ്രിഗേഡിയർ പ്രമോദും ഭാര്യ മഞ്ജുളയുമെന്ന് അവർ സ്വയം പരിചയപ്പെടുത്തി. രണ്ടുപേരും മലയാളികളാണെങ്കിലും ബ്രിഗേഡിയർക്ക് മലയാളമറിയില്ല. ഞാനാരാണെന്നും അറിയില്ല. ഭാര്യയുടെ കാഴ്‌ചശക്തിയെ വീണ്ടും അഭിനന്ദിച്ചിട്ട് അദ്ദേഹം എന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. യാത്രയുടെ വിവരങ്ങൾ കേട്ടപ്പോൾ ഇരുവർക്കും അതിശയമായി. നമുക്കൊരു ഫോട്ടോയെടുക്കണ്ടേ എന്ന്‌ മഞ്ജുള ചോദിച്ചു. ഷുവർ, ഷുവർ എന്ന് പറഞ്ഞ് ബ്രിഗേഡിയർ കൂടെയുള്ള പട്ടാളക്കാരനോട് വണ്ടിയിൽനിന്ന് സൺഗ്ലാസ് രണ്ടും എടുക്കാൻ പറഞ്ഞു. രണ്ടുപേരും സൺഗ്ലാസ് ധരിച്ചുനിന്ന് എന്റെ ക്യാമറയിലും അവരുടെ മൊബൈലിലും പടങ്ങളെടുത്തു. എന്നിട്ട് മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ മംഗളം നേർന്ന് അവർ തിരിച്ചു പോയി. ബ്രിഗേഡിയറുടെ ഭാര്യയുടെ കാഴ്‌ചശക്തിയെക്കുറിച്ച് മാത്രം ഓർത്തുകൊണ്ട് കുറച്ചു നേരംകൂടി ഞാനവിടെ നിന്നു.


മാർച്ച് 28.

നാർടിയാങ് - സീൽച്ചർ

വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏഴ്‌ സംസ്ഥാനങ്ങളിൽ കൂടിയുള്ള കാർ യാത്ര എന്നത്, വലിയൊരു സാഹസിക സംരംഭമായാണ് അടുത്ത കാലംവരെ പലരും കണ്ടിരുന്നത്. എന്നാൽ ഇന്നത് അത്ര കഠിനമല്ല. പഴയ ചില റോഡുകൾ മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ റോഡുകളുടെ പണി പുരോഗമിക്കുന്നു. എങ്കിലും ഭൂരിഭാഗം റോഡുകളും വളരെ മോശമായ അവസ്ഥയിലാണ് ഇപ്പോഴുമുള്ളത്. ഇത്തരമൊരു യാത്രയിൽ വഴിയുടെ അവസ്ഥ മാത്രം അടിസ്ഥാനപ്പെടുത്തി മാർഗം നിശ്ചയിക്കാൻ പറ്റില്ല. എവിടെയെല്ലാം പോകണം എന്നൊരു ഏകദേശരൂപം മനസ്സിലുണ്ടെങ്കിലും ഏഴ്‌ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന വിദൂര സ്ഥലങ്ങളാണ് പലതും. ഇതെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മാർഗരേഖ തയ്യാറാക്കുക എന്നത് വളരെ ദുഷ്‌കരമാണ്. പലതവണ കരുക്കൾ മാറ്റിവച്ചു പരീക്ഷിച്ചു നോക്കിയാണ് ഒടുവിലൊരു മാർഗം സ്വീകരിക്കുന്നത്. അങ്ങനെയുള്ള അവസരങ്ങളിൽ റോഡിന്റെ അവസ്ഥയെക്കുറിച്ച് വല്ലാതെ ആശങ്കപ്പെടുന്നത് അർഥശൂന്യമാണ്. ദുർഗമ പാതകൾ ഈ യാത്രയുടെ ഭാഗമായിരിക്കുമെന്ന ഉത്തമബോധ്യത്തോടെ തന്നെയാണ് ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. എന്നാൽ ഉച്ച കഴിഞ്ഞ് യാത്ര ചെയ്യാൻ പോകുന്ന റോഡിന്റെ അവസ്ഥ, എന്റെ എല്ലാ ആശങ്കകൾക്കും നിരാശങ്കകൾക്കും അപ്പുറമുള്ള ഒന്നായിരിക്കും എന്നു പ്രതീക്ഷിച്ചതായിരുന്നില്ല.


അർവായിലെ ഹോട്ടലിൽനിന്ന് രാവിലെ പോകുന്ന വഴിയ്ക്ക് തമ്പിയോടും സുഷ്‌മിതയോടും അവരുടെ കുടുംബാംഗങ്ങളോടും യാത്ര പറഞ്ഞു. എനിക്കിനി പോകാനുള്ളത് ഖാസി, ഗാരോ മലകൾ കഴിഞ്ഞാൽ മേഘാലയയിലെ മൂന്നാമത്തെ പ്രവിശ്യയായ ജേന്റിയാ മലകളിലെ നാർടിയാങ് എന്ന സ്ഥലത്തേക്കാണ്. സോറായിൽനിന്ന് വടക്ക് കിഴക്കാണിത്. അങ്ങോട്ടുള്ള നൂറ് കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂർകൊണ്ടെത്തും. അവിടെനിന്ന് തെക്കൻ അസമിലെ സീൽച്ചറിൽ ഒരു രാത്രി ഉറങ്ങി രാവിലെ ത്രിപുരയിലേക്ക് പോകാനാണ് ഉദ്ദേശ്യം. പതിനാറാം നൂറ്റാണ്ട് മുതൽ, ബ്രിട്ടീഷുകാർ എത്തുന്നതുവരെ ജേന്റിയ ഒരു സ്വതന്ത്ര രാജ്യമായിരുന്നു. ജേന്റിയ രാജാക്കന്മാർ ഹിന്ദുക്കളായിരുന്നു. ഇന്നത്തെ ബംഗ്ലാദേശിലുള്ള സിൽഹെട്ട് ആയിരുന്നു രാജ്യ തലസ്ഥാനം. നാർടിയാങ്ങായിരുന്നു വേനൽക്കാല തലസ്ഥാനം. അക്കാലത്ത് ഇവിടെ രാജാവിന്റെ പ്രധാന പടയാളി ഏഴര അടി പൊക്കമുള്ള ഒരു ഭീമനായിരുന്നു. യൂ മാർ ഫാലിങ്കീ എന്നായിരുന്നു അയാളുടെ പേര്‌. നാർടിയാങ്ങിലെ കെപർ മോബിന്നായിൽ ആദ്യത്തെ കല്ലുവച്ചത് യൂ മാർ ഫാലിങ്കി ആയിരുന്നു.

 വഴിയരികിലിരുന്ന്‌ നാടൻ പൈപ്പ്‌ വലിക്കുന്നയാൾ വഴിയരികിലിരുന്ന്‌ നാടൻ പൈപ്പ്‌ വലിക്കുന്നയാൾ

ഝൂം അല്ലാത്ത കൃഷിസ്ഥലങ്ങളും വഴിയിൽ കാണാൻ തുടങ്ങി. അപൂർവം ചില സ്ഥലങ്ങളിൽ തട്ട്‌ തിരിച്ചിട്ടുമുണ്ട്. ഉപേക്ഷിക്കപ്പെട്ട വലിയ വാഹനങ്ങളടക്കം റോഡുപണിയുടെ അവശിഷ്ടങ്ങൾ എല്ലായിടത്തും കൂടിക്കിടക്കുന്നു. വഴി അത്ര മോശമല്ല. വളഞ്ഞുതിരിഞ്ഞും കയറിയിറങ്ങിയും തല്ലിത്തലോടിയും അതിങ്ങനെ പോകുന്നുണ്ട്. അടഞ്ഞ വഴികളും തുറന്ന വഴികളുമുണ്ട്. നാലുചുറ്റും കാണാവുന്ന ഒരു തുറന്ന വഴിയിലൂടെയാണ് ഞാനിപ്പോൾ പോകുന്നത്. വഴിയരികിൽ അൽപ്പം ഉയരത്തിൽ ഒറ്റപ്പെട്ട ഒരു വീട്‌ നിൽക്കുന്നതുകണ്ട് ഒരു പടമെടുക്കാനായി ഇറങ്ങിയത്, ഒരു കല്ലിൽ ഇരുന്ന് നാടൻ പൈപ്പിൽ ശ്രദ്ധാപൂർവം പുകയില നിറച്ചുകൊണ്ടിരുന്ന ഒരാളുടെ മുന്നിലേക്കായിരുന്നു. ഉയരത്തിൽ കണ്ട ഒറ്റവീട് അയാളുടേതാണ്. ഭാര്യയ്‌ക്കൊപ്പം ഒരു സ്ഥലം വരെ പോകാനുണ്ട്, പിന്നിലെ കാട്ടിൽക്കൂടി നടന്നാൽ ഒരു മണിക്കൂർ മതി, ഉച്ചയ്‌ക്ക് മുമ്പ്‌ തിരിച്ചുവരാം എന്നെല്ലാം എന്നോടയാൾ ഖാസി ഭാഷയിൽ പറഞ്ഞത്, രണ്ട് ഇംഗ്ലീഷ് വാക്കുകളും ബാക്കി ആംഗ്യ ഭാഷയും ഉപയോഗിച്ചായിരുന്നു.


റോഡിനോട് ചേർന്ന്, പഴയ മരങ്ങൾ ഉയരത്തിൽ നിൽക്കുന്ന ഒരു കുന്നിൻചെരുവിൽ നൂറുകണക്കിന് കരിങ്കൽ ഫലകങ്ങളും കനത്ത കൽപ്പാളികളും എമ്പാടും വളർന്നുനിൽക്കുന്നു. അവയ്‌ക്കിടയിലും മുന്നിലും വട്ടത്തിലുള്ള വലിയ പരന്ന കല്ലുകൾ ശിലാപുഷ്‌പങ്ങളായി വിരിഞ്ഞു നിൽക്കുന്നു. നാർടിയാങ്ങിലെ കെപർ മോബിന്നാ അഥവാ ഏകശിലകളുടെ ഉദ്യാനം ആണിത്. ധീരയോദ്ധാക്കളും ഭരണാധികാരികളും മാത്രമല്ല, സമൂഹത്തിനുവേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറായ ധീരവനിതകളും ഇവിടെ ശിലാരൂപത്തിൽ ആദരിക്കപ്പെട്ടിരിക്കുന്നു. മൂഷിൻറാങ് എന്നു പേരുള്ള ഉയർന്നുനിൽക്കുന്ന ശിലകൾ പുരുഷന്മാർക്കു വേണ്ടിയാണെങ്കിൽ, മൂകിൻതായ് എന്നു പേരുള്ള പരന്ന വട്ടക്കല്ലുകൾ സ്‌ത്രീകളെ ആദരിക്കുന്നവയാണ്. ടിക്കറ്റും സെക്യൂരിറ്റിയും ഇല്ലാത്ത ഓർമനിലത്ത് അപ്പോൾ ആകെയുണ്ടായിരുന്ന ഒരേ ഒരു സന്ദർശകൻ ഞാൻ മാത്രമായിരുന്നു. എവിടെ നോക്കിയാലും ആകാശത്തേക്കുയർന്നു നിൽക്കുന്ന ശിലാഖണ്ഡങ്ങളാണ്. മുള്ളുവേലിക്കല്ലു പോലെയുള്ള ചെറുതുമുതൽ ഇരുപത്തി അഞ്ച് അടി ഉയരവും ഇരുപത് ടൺ ഭാരവുമുള്ള മഹാഭീമന്മാർ വരെ ഇവിടെയുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ മൂകിൻതായ്, അഥവാ പരന്ന വട്ടക്കല്ലിന് ഇരുപതടി വ്യാസമുണ്ട്. ഈ കെപർ മോബിന്നാ അല്ലെങ്കിൽ മോണോലിത് ഗാർഡൻ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന യൂ മാർ ഫാലിങ്കീ യഥാർഥത്തിൽ ഇവിടെ ജീവിച്ചിരുന്നതാണോ, ആണെങ്കിൽ അയാൾക്ക് ഏഴര അടി ഉയരമുണ്ടായിരുന്നോ എന്നതിനൊന്നും തെളിവില്ല. എന്നാൽ വ്യാപാരം അടക്കമുള്ള പല പ്രധാന കൃത്യങ്ങളും ഇവിടെ നടന്നിരുന്നു എന്നതിന് തെളിവുണ്ട്. മുന്നൂറ്‌‐നാനൂറ്‌ കൊല്ലം മുമ്പ്‌, ജേന്റിയ രാജാക്കന്മാരുടെ കാലത്ത്, ഭരണപരവും മതപരവുമായ കർമങ്ങൾക്ക് ഈ സ്ഥലം മുഖ്യവേദിയായിരുന്നു എന്നതിനും തെളിവുണ്ട്.

സ്ഥലം നേരിട്ട് കാണുമ്പോഴുള്ള വലുപ്പം പടത്തിൽ കാണുമ്പോഴില്ല എന്നു തോന്നി. ഒരു മനുഷ്യരൂപം പടത്തിലുണ്ടെങ്കിൽ താരതമ്യം ചെയ്‌ത്‌ വലുപ്പം മനസ്സിലാക്കാം. അങ്ങനെയൊരാൾ ഇപ്പോഴിവിടില്ല. അടുത്ത നിമിഷം താഴെനിന്ന് കയറ്റം കയറിക്കൊണ്ട് ഒരു മനുഷ്യരൂപം നടന്നുവന്നു. അയാൾക്ക് കള്ള് കുടിക്കാൻ കാശ് വേണം. ഞാനൊരു നിബന്ധന പറഞ്ഞു. പറയുന്ന സ്ഥലത്ത് ഫോട്ടോയ്‌ക്ക്‌ നിന്നുതരണം. എങ്കിൽ ചോദിച്ച കാശ് തരാം. അയാളതു സമ്മതിച്ച് അവിടെയും ഇവിടെയുമെല്ലാം മാറിമാറി നിന്നിട്ട് ഇരുപത് രൂപ വാങ്ങിപ്പോയി. കുറച്ചു നേരംകൂടി അവിടെ ചുറ്റി നടന്നിട്ട് ഞാനൊരു മരച്ചുവട്ടിലെ കല്ലിൽ ചെന്നിരുന്നു. കിഴക്കുനിന്നു വിട്ടുവീശുന്ന ഇളംകാറ്റിന് ചെറിയ തണുപ്പുണ്ട്. കാറ്റ്‌ നിലയ്‌ക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന നിശ്ശബ്ദതയിൽ കീർത്തിശിലകൾ കൂടുതൽ നിശ്ചലമാകുന്നു. ശിലകളുടെ നിശ്ശബ്ദതയിലേക്ക് ഒരു സ്‌ത്രീയും കുറച്ചു കുട്ടികളും നിശ്ശബ്ദരായിത്തന്നെ കടന്നുവന്നു. അടുത്തൊരു ഗ്രാമത്തിൽനിന്നു വിരുന്നു വന്നവരാണ്. ഒന്നു ചുറ്റി നടന്നിട്ട് അവർ കുറച്ചു മാറിയൊരു കല്ലിൽ ചെന്നിരുന്നു. വേറെയും ഒന്നുരണ്ടു പേർ നിഴൽപോലെ വന്നുപോയി. വീണ്ടും എല്ലാം ശൂന്യമായി.

 നാർടിയാങ്ങിലെ ഏകശിലകളുടെ ഉദ്യാനം നാർടിയാങ്ങിലെ ഏകശിലകളുടെ ഉദ്യാനം

ഇവിടെനിന്ന് സീൽച്ചർ വരെയുള്ള നൂറ്റി അറുപത്തഞ്ച് കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ വേണ്ടിവരുന്ന സമയം ഏഴര മണിക്കൂർ എന്നാണ് കാണിക്കുന്നത്. വളരെ നീണ്ട സമയമാണത്. വഴിയുടെ അവസ്ഥ മോശം എന്നർഥം. എത്ര മോശം എന്ന് ഉടനെ തന്നെ അറിയാം. ഇന്ന് രാത്രി സീൽച്ചറിൽ കിടന്നിട്ട് അടുത്തദിവസം ത്രിപുരയിലെ അഗർത്തലയിൽ എത്താനാണ് പ്ലാൻ. ചിറാപ്പുഞ്ചിയിലും കൊഹിമയിലും പോലെ, ഇവിടെയും സഞ്ചാരികൾ വരുന്ന ഒരു നല്ലകാലം എന്നെങ്കിലും ഉണ്ടാകുമെന്ന് ആഗ്രഹിച്ച് കാത്തുനിൽക്കുക മാത്രമാണ് ത്രിപുര ടൂറിസം വകുപ്പ് ചെയ്യുന്നതെന്ന് ഒരു ഗൈഡ്ബുക്കിൽ കണ്ടത് ഞാനോർത്തു. സീൽച്ചറിലേക്കുള്ള വഴി നിറയെ ലോറികളാണ്. സാധാരണ ചരക്കുലോറികളും വലിയ ടിപ്പറുകളും തൊട്ടുതൊട്ടാണ് പോകുന്നത്. ചാരനിറമുള്ള പൊടിക്കല്ലുകളാണ് ടിപ്പറിലെല്ലാം. ഏതോ ഫാക്ടറിയിലേക്കുള്ള അസംസ്കൃത വസ്തു പോലുണ്ട്. ഒരു കാട്ടുപ്രദേശം കഴിഞ്ഞപ്പോൾ വഴി പെട്ടെന്ന്‌ മോശമായി. രണ്ടു ലോറികൾക്ക് സുഖമായി കടന്നുപോകാനുള്ളതിലും കൂടുതൽ വീതിയുള്ള വഴി പൊട്ടിപ്പൊളിഞ്ഞ് തകർന്ന് പോയിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി നൂറുകണക്കിന് ലോറികളാണ് ഇപ്പോഴാ വഴിയിലുള്ളത്. മണിക്കൂറിൽ അഞ്ചോ പത്തോ കിലോമീറ്ററിന് മേലെ വേഗത്തിൽ പോകാൻ ആർക്കും പറ്റില്ല. ഇരുപത് ടൺ ഭാരം കയറ്റിയ ലോറിയുടെ പിൻചക്രങ്ങൾ വലിയ കുഴികളിലേക്ക് പതുക്കെ ചെരിഞ്ഞിറങ്ങുന്നത്്‌ കാണുമ്പോൾ ഭയം തോന്നും. അന്തരീക്ഷം നിറയെ വെളുത്ത പൊടിയാണ്. പൊടിയെന്നാൽ കാഴ്‌ച പരിപൂർണമായി മറയ്‌ക്കുന്ന കനത്ത പൊടിപടലങ്ങളെന്നർഥം. റോഡിൽ കയറ്റങ്ങളും ഇറക്കങ്ങളും കൂടി വന്നു. വീണ്ടും ഏതോ കാട്ടുപ്രദേശത്തേക്ക് വഴി കയറിച്ചെന്നു. കുറച്ചുകൂടി പോയി കുഴികൾ കുറവുള്ള ഒരു ഭാഗത്തെത്തിയപ്പോൾ എല്ലാവരും ഒന്നുണർന്നു. നീണ്ട ഹോണടിയും വെട്ടിച്ചു കയറ്റലും ആരംഭിച്ചു. എന്നാൽ അടുത്ത വളവിൽ എല്ലാം പഴയതുപോലെയായി. ഒന്നുരണ്ട് ഇടക്കാലാശ്വാസങ്ങൾ ഒഴിച്ചാൽ, അഗാധഗർത്തങ്ങൾ ഇറങ്ങിക്കയറിയും വരമ്പുകൾ കടന്നുചാടിയും വലിയ കല്ലുകളിൽ നിന്നൊഴിഞ്ഞുമാറി പുതിയ കുഴികളിലേക്ക് വീണും കാൽനട വേഗത്തിലായിരുന്നു പിന്നീട് സീൽച്ചർ വരെയുള്ള എഴുപത് കിലോമീറ്റർ യാത്ര. ഇന്നുവരെ നിങ്ങൾ വണ്ടിയോടിച്ചിട്ടുള്ള ഏറ്റവും മോശം ഹൈവേ ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ, അത്‌ ഇതാണെന്ന് നിസ്സംശയം പറയാം.


ഇന്നലെ വേരുപാലം കാണാൻ പോയ റിവായിലേക്കുള്ള വഴിയിൽ വാഹനങ്ങൾ തീരെ കുറവായിരുന്നു. ആവശ്യക്കാർ കുറഞ്ഞ ആ വഴി ആധുനിക രീതിയിൽ പുതുതായി നിർമിച്ചതാണ്. അതേസമയം, നൂറുകണക്കിന് ലോറികളും മറ്റു വാഹനങ്ങളും ദിവസേന കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു അന്തർ സംസ്ഥാന ഹൈവേ ഈ രീതിയിൽ പൂർണമായി ഉപേക്ഷിക്കപ്പെട്ടു കിടക്കുകയും ചെയ്യുന്നു. ചിറാപ്പുഞ്ചിയിൽനിന്ന് സീൽച്ചർ പോലെയുള്ള ഒരു പ്രധാന നഗരത്തിലേക്കുള്ള ഏക വഴിയാണ് എൻഎച്ച്‌ 6ന്റെ ഈ ഭാഗം. സീൽച്ചറിലെ ഹോട്ടലിൽ എത്തിയപ്പോൾ രാത്രിയായി. മഴ പെയ്യാനും തുടങ്ങി. നല്ല ക്ഷീണമുണ്ട്. നാളെ ഒരു ദിവസം വെറുതേ വിശ്രമിക്കാൻ തോന്നുന്നു. അത് നാളെ തീരുമാനിക്കാം. ഇന്നിനി കൂടുതൽ ആലോചിക്കാനുള്ള ആരോഗ്യമില്ല. കുളിച്ചു ഭക്ഷണമെന്തോ കഴിച്ചിട്ട് നേരത്തെ ഉറങ്ങാൻ കിടന്നു.(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home