ലേഖനം
യാത്ര ‐ നോർത്ത് ഈസ്‌റ്റ് നോട്ട്‌ബുക്ക്


വേണു
Published on Jul 19, 2025, 02:55 PM | 6 min read
മാർച്ച് 13. അംബികാപുർ‐ പലാമു
രാവിലെ എഴുന്നേറ്റപ്പോൾ കാലിന് വലിയ പ്രശ്നം തോന്നിയില്ല. നല്ല നീരുണ്ടെങ്കിലും വേദനയില്ല. വേദനസംഹാരികൾ നിർത്താതെ പ്രവർത്തിക്കുന്നുണ്ട് എന്നർഥം. ഇന്നലെ ആശുപത്രിയിൽനിന്ന് നേരെ അംബികാപുരിലെ ഒരു ഹോട്ടലിലേക്കാണ് പോയത്. ഒരു പകലും രാത്രിയും അവിടെ അനങ്ങാതെ കിടന്നു. എന്നിട്ടും കാലിലെ നീര് അങ്ങനെ തന്നെയുണ്ട്. ഇനിയിപ്പോൾ എന്താണ് വേണ്ടത് എന്ന് വേഗം തീരുമാനിക്കണം. തിരിച്ചുപോകണമെങ്കിൽ അഞ്ചാറ് ദിവസം ഓടിക്കണം. മുന്നോട്ട് പോയാൽ എന്താകും ഗതി എന്നറിയില്ല. മുന്നോട്ടുള്ള യാത്ര ചെറിയ യാത്രയല്ല. മാത്രമല്ല, ഇത്തരം യാത്രകളിൽ നടന്ന് മാത്രം കാണാൻ കഴിയുന്ന സ്ഥലങ്ങൾ പലതുമുണ്ടാകും. കുന്നും മലയും നീണ്ട പടിക്കെട്ടുകളും എല്ലായിടത്തും ഉണ്ടാവും. അതൊക്കെ താങ്ങാനുള്ള ശേഷി കാലിനുണ്ടാകുമോ എന്ന് കൃത്യമായി അറിയാൻ ഇപ്പോൾ മാർഗമൊന്നുമില്ല. അതറിയാനുള്ള ഏക മാർഗം പോയി നോക്കുക എന്നത് മാത്രമാണ്. ഇങ്ങനെയൊരു യാത്ര വീണ്ടും സംഭവിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അതും മറക്കാൻ പാടില്ല. കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ കുറച്ച് നടന്ന് നോക്കി. പിടിച്ച് പിടിച്ച് പടികളിറങ്ങിയും കയറിയും നോക്കി. എന്നിട്ട് ബാൻഡേജ് ഒന്നുകൂടി മുറുക്കിക്കെട്ടിയിട്ട്, യാത്ര തുടരാൻ തന്നെ തീരുമാനിച്ചു.
അംബികാപുരിൽ വഴി തടഞ്ഞ് പണം പിരിക്കുന്നവർഇവിടെയിനി കൂടുതൽ വിശ്രമിക്കുന്നതിൽ അർഥമില്ലെന്നാണ് തോന്നുന്നത്. അംബികാപുരിൽ നിന്ന് ബോധ്ഗയ വരെ വീണ്ടും മുന്നൂറ്റി അൻപത് കിലോമീറ്റർ ദൂരമുണ്ട്. അതിരാവിലെ ഇറങ്ങി. ഇരുട്ട് പിൻവാങ്ങിയതോടെ വയലുകളും കുറ്റിക്കാടുകളും അങ്ങിങ്ങ് കാണുന്ന പൂമരങ്ങളും കൂടുതൽ അടുത്തേക്ക് വന്നു. കാട്ടുപ്രദേശങ്ങളാണെങ്കിലും വന്യജീവികളുടെ അനക്കമൊന്നുമില്ല. പക്ഷികളുടെ ശബ്ദവും ഇല്ല. ഇവിടെയിപ്പോൾ വസന്തമാണ്. ചുറ്റും നിൽക്കുന്ന കുള്ളൻ മരങ്ങൾക്കിടയിൽ പൂത്ത് ചുവന്ന് ഞെളിഞ്ഞ് നിൽക്കുന്ന പേരറിയാത്ത പൂമരങ്ങളും രാവിലത്തെ പിൻവെളിച്ചത്തിൽ കടലാസ് വിളക്കുകൾ പോലെ ജ്വലിച്ചു നിൽക്കുന്ന കാട്ടുകുമ്പിളിന്റെ പൂന്തളിരുകളും ഒഴിച്ചാൽ കാഴ്‌ചയിൽ കാട് വിരസമാണ്. കുറച്ച് പോയപ്പോൾ വീണ്ടും മനുഷ്യവാസത്തിന്റെ ലക്ഷണങ്ങൾ കണ്ടു. മുന്നിൽ വഴിയുടെ വശത്ത് ചില മനുഷ്യരെയും കണ്ടു. അവരെ ശ്രദ്ധിക്കുന്നതിനിടയിൽ വഴിയിൽ കിടന്നിരുന്ന എന്തോ ഒന്ന് പെട്ടെന്ന് ചാടിയെഴുന്നേറ്റ് റോഡിന് കുറുകെ വലിഞ്ഞ് നിൽക്കുന്ന ഒരു കയറായി മാറി. കയറിൽ മാവിലകൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്. വഴി തടഞ്ഞ് പണം പിരിക്കാൻ ദൈവങ്ങൾ നൽകിയ അനുവാദത്തിന്റെ അടയാളമാണ് മാവിലകൾ. വണ്ടി നിർത്തി പരിക്ക് പറ്റിയ കാലാണെന്ന് മറക്കാതെ, ഞാൻ സാവധാനം ഇറങ്ങി. അവിടെ നിന്ന ചിലർ അടുത്ത് വന്നു. ശിവരാത്രിയാണ്, ഞങ്ങളുടെ ഗോത്രക്ഷേത്രത്തിലെ പൂജയ്‌ക്ക് എന്തെങ്കിലും സംഭാവന തരണം എന്നു പറഞ്ഞു. അത് ചെയ്യാമെന്നേറ്റ് അവിടെക്കണ്ട ഒരു കല്ലിൽ ഇരുന്നു. രണ്ടുപേർ ഒപ്പം വന്നിരുന്നു. ഒരാൾ എന്റെ കാലിലെ വെച്ചുകെട്ടുകൾ ശ്രദ്ധിച്ച് നോക്കി. ഇത്തരം അവസരങ്ങളിൽ സൗഹൃദം ആരംഭിക്കാൻ സഹായിക്കുന്ന ഒരു വസ്‌തുവാണ് ക്യാമറ. അപൂർവം സമയങ്ങളിൽ ഫലം മറിച്ചുമാകാം. എന്തായാലും ഇത്തവണ അത് ഫലിച്ചു. എനിക്ക് പോകാൻ ധൃതിയില്ലെന്ന് പറഞ്ഞ് വെറുതെ പടങ്ങളെടുത്തുകൊണ്ട് കുറച്ചുനേരം അവിടെയിരുന്നു. അതിനിടയിൽ ഒരു കാറും ഒരു ബൈക്കും ഒരു ജെസിബിയും പിരിവ് കൊടുത്ത് പോയി. പിരിവുകാരെല്ലാം നന്നായി മദ്യപിച്ചിട്ടുണ്ട്. എങ്കിലും ശാന്തരാണ്. അവർ കേരളത്തിലെ വിശേഷങ്ങൾ ചോദിച്ചു. അവരുടെ വിശേഷങ്ങളിൽ ചിലത് പറയുകയും ചെയ്‌തു. മാവോയിസ്റ്റുകളെക്കുറിച്ച് ചോദിച്ചപ്പോൾ അവരൊക്കെ അങ്ങ് ദൂരെ കാട്ടിനുള്ളിലാണെന്നും, ഇവിടെ അങ്ങനെ യാതൊരു പ്രശ്നവുമില്ലെന്നും തിടുക്കത്തിൽ പറഞ്ഞ് ഒരാൾ എഴുന്നേറ്റു. സംഭാവനയായി ഞാൻ അമ്പത് രൂപ കൊടുത്തു. അതോടെ മുറുകിനിന്ന മാവിലക്കയർ റോഡിന്റെ മേലേക്ക് വീണ്ടും അഴിഞ്ഞുവീണു. ഞാൻ വീണ്ടും സ്വതന്ത്രനായി.
യാത്രാമധ്യേപെട്ടെന്ന് തന്നെ വഴിയുടെ അവസ്ഥ വളരെ മോശമായിത്തുടങ്ങി. പലയിടത്തും വഴിയും പാടവും പറമ്പും എല്ലാം ഒന്നായിത്തോന്നുന്നു. എല്ലാം തുറന്ന പ്രദേശങ്ങളാണ്. മണ്ണ് വെട്ടി വളരെ താൽക്കാലികമായി തയ്യാറാക്കിയ ഒരു കുത്തിറക്കത്തിന്റെ മുകളിൽ സംശയിച്ച് വണ്ടി നിർത്തി നോക്കി. താഴെ ഉണങ്ങിക്കിടക്കുന്ന ഒരു നദിയിലേക്കാണ് വഴി ഇറങ്ങുന്നത്. ഇതൊരു വഴിയാണെന്ന് വിശ്വസിക്കാനാവാതെ നാവിഗേഷൻ റീസെറ്റ് ചെയ്‌ത് നോക്കി. ഇതു തന്നെയാണ് വഴി. ഫൽഗു എന്നാണ് ഈ നദിയുടെ പേര്. ഓഫ്റോഡ് യാത്രകൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് വണ്ടിയെങ്കിലും ഡ്രൈവർ എന്ന നിലയിൽ ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടാനുള്ള പരിചയം എനിക്കില്ല. ഫോർവീൽ ഡ്രൈവിൽ കാറോടിച്ച് ശീലമില്ല. ഓഫ്റോഡിങ്ങും വശമില്ല. വെളിയിലിറങ്ങി മണ്ണ് വഴി സൂക്ഷിച്ച് നോക്കി. കുഴികളും ചാലുകളും സാരമില്ല. താഴേക്കുള്ള ഇറക്കത്തിന്റെ ചെരിവാണെന്നെ ഭയപ്പെടുത്തുന്നത്. ഏതോ ഒരു വാഹനത്തിന്റെ ടയറിന്റെ പാട് കാണുന്നുണ്ട്. അത് അടയാളമായിക്കണ്ട് എന്തും വരട്ടെ എന്ന് വിചാരിച്ച് പതുക്കെ വണ്ടി മുന്നോട്ടെടുത്തു. അത് സാവധാനം പിടിച്ച് പിടിച്ച് താഴെ വരണ്ട നദിയുടെ മണലിലേക്ക് ഇറങ്ങിച്ചെന്നു. ദൂരെ നദിയുടെ നടുവിൽ പണി മിക്കവാറും പൂർത്തിയായ ഒരു പാലം എങ്ങും തൊടാതെ നിൽക്കുന്നുണ്ട്. അങ്ങോട്ട് എത്താനുള്ള വഴിയായിരിക്കണം ഇത്. പ്രധാന റോഡുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവർക്ക് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സഞ്ചരിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ പുതിയ സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ ഞാൻ സാധാരണ തെരഞ്ഞെടുക്കുന്നത് ഉൾപ്രദേശങ്ങളും അവിടുത്തെ ചെറിയ വഴികളുമാണ്. സ്വന്തം വണ്ടി കൂടെയുള്ളതുകൊണ്ട് മാത്രമാണ് ഇത് സാധ്യമാകുന്നത്. അങ്ങനെയുള്ള പ്രദേശത്തെ വഴികളിൽ ഇതുപോലെ വിഷമം പിടിച്ച ഭാഗങ്ങൾ എപ്പോഴും പ്രതീക്ഷിക്കണം.
മണൽവഴി പാലത്തിനടുത്തെത്തിയപ്പോൾ മനസ്സിലായി, പാലം മാത്രമേ പണിതിട്ടുള്ളൂ, അങ്ങോട്ട് കയറാനുള്ള വഴിയില്ല എന്ന്. പാലത്തിന്റെ അറ്റത്ത് നീളത്തിൽ ഏണി ചാരി വച്ചതുപോലെ ഇരുമ്പ് കാലുകളിൽ നിർമിച്ചിരിക്കുന്ന ഒരുതരം താൽക്കാലിക സംവിധാനത്തിലൂടെ വേണം വണ്ടി പാലത്തിലേക്ക് കയറ്റാൻ. ഏതുനിമിഷവും കുത്തിറക്കത്തിൽ മൂക്ക് കുത്തി മറിയും എന്ന പ്രതീതിയുണ്ടാക്കിക്കൊണ്ട് മുകളിൽ നിന്നൊരു ബൈക്ക് താഴേക്കിറങ്ങിവന്ന് എന്നെ കടന്നുപോയി. ശ്വാസം പിടിച്ചിരുന്ന്, ലോഡ് ഗിയറിൽ വണ്ടിയുടെ കരുത്ത് പരമാവധി ഉയർത്തിയിട്ട്, വണ്ടി പാലത്തിന്റെ മേലേക്ക് പതുക്കെ വലിച്ച് കയറ്റി. മുകളിലെത്തിയപ്പോൾ മുന്നിൽ നൂറ് മീറ്റർ നീളത്തിൽ നിരപ്പായ കോൺക്രീറ്റ് പ്രതലമാണ്. ആ നിരപ്പിന്റെ വക്ക് കഴിഞ്ഞാൽ, ഇവിടെനിന്ന് നോക്കുമ്പോൾ കാണാൻ കഴിയുന്നത് ദൂരെ നദിയുടെ മറുകര മാത്രമാണ്. അതിനിടയിൽ മറ്റൊന്നും ദൃശ്യമല്ല. ഇറങ്ങി നോക്കിയപ്പോൾ കയറ്റം പോലെ തന്നെ ഭയാനകമായ ഒരു ഇറക്കമാണ് മുന്നിൽ. അത് കഴിഞ്ഞാൽ വീണ്ടും മണൽവഴി നേരേ പോയി മറ്റൊരു കുത്തുകയറ്റം കയറി മറുകരയിലുള്ള പൊട്ടിപ്പൊളിഞ്ഞ മറ്റൊരു റോഡിൽ ചെന്നുചേരും. ഇത്തരം സ്ഥലങ്ങളിൽ റോഡുകളും പാലങ്ങളും പണിയുന്നത് നാട്ടുകാർക്ക് വേണ്ടി മാത്രമല്ല, സൈന്യത്തിന് ഉപയോഗിക്കാൻ വേണ്ടി കൂടിയാണ്. മാവോയിസ്റ്റ് മേഖലകളിൽ സൈനികനീക്കം സുഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം നിർമിക്കപ്പെട്ടവയാണ് ഇവയിൽ പലതും. മാവോയിസ്റ്റുകൾക്ക് ഇത് നന്നായറിയാം. അതുകൊണ്ട് തന്നെ ഇത്തരം സൗകര്യങ്ങൾ സേനയ്‌ക്ക് നിഷേധിക്കാൻ അവർ പരമാവധി ശ്രമിക്കും. മാവോയിസ്റ്റുകളെ ഭയന്ന് റോഡിന്റെയും പാലത്തിന്റെയും പണി പാതിയിലുപേക്ഷിച്ച് പോയ നിർമാണക്കരാറുകാർ പലരുമുണ്ട്. അതു തന്നെയായിരിക്കണം ഫൽഗു നദി അനുവദിക്കുമ്പോൾ മാത്രം ഗതാഗതം സാധ്യമാകുന്ന ഈ വഴിയുടെയും അതിന്റെ നടുവിൽ അപമാനിതയായി നിൽക്കുന്ന നൂറ് മീറ്റർ പാലത്തിന്റെയും കഥ.
അംബികാപുരിൽ നിന്ന് ബോധ്‌ഗയയിലേക്കുള്ള വഴിയരികിൽ പൂത്തുനിൽക്കുന്ന മരങ്ങൾവഴിയില്ലാ വഴികളിലൂടെ തപ്പിത്തടഞ്ഞ് ഏതോ ഒരു സ്ഥലത്ത് എത്തിയപ്പോൾ ഇരുപത്തഞ്ചോളം മോട്ടർബൈക്കുകളിൽ AK 47 തോക്കുകളുമായി സിആർപിഎഫ് ജവാന്മാർ ഒറ്റ വരിയായി പൊടിപറത്തി വരുന്നത് കണ്ടു. ഒാരോ ബൈക്കിലും രണ്ടുപേർ വീതമുണ്ട്. ഈ നീണ്ട ജാഥ കടന്നുപോകുന്നതുവരെ വണ്ടി ഒരു വശത്ത് ഒതുക്കി നിർത്തേണ്ടിവന്നു. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. കടന്നുപോയ ബൈക്കുകളുടെ പിന്നിലിരിക്കുന്ന യന്ത്രത്തോക്കുധാരികളിൽ ചിലർ തിരിഞ്ഞുനോക്കുന്നുമുണ്ട്. റോഡിന്റെ അവസ്ഥ കൂടുതൽ മോശമായി വരുന്നു. അതിന്റെയർഥം മുന്നോട്ടുള്ള വഴിയിൽ കുടുതൽ സൈന്യവും കൂടുതൽ പരിശോധനകളും പ്രതീക്ഷിക്കണം എന്നാണ്. ചാക്ക് എന്ന സ്ഥലത്ത് വലിയൊരു സംഘം സൈനികർ വഴി തടഞ്ഞു. എല്ലാം തുറന്നുനോക്കി. കാറിന്റെ പിന്നിലെ കാളയിരിക്കുന്ന കാർഡ് ബോർഡ് പെട്ടി, ഏതൊരു പരിശോധകനെയും കൊതിപ്പിക്കുന്ന മുഖ്യസംശയവസ്തുവായി ഇവിടെയും തുടരുന്നു. ഇത് പലാമു ജില്ലയാണെന്ന് ഒരു ജവാൻ പറഞ്ഞു. അപ്പോൾ ഡിക്കിയിലിരുന്ന ബാഗിൽ നിന്ന് മറ്റൊരു ജവാൻ ഒരു പ്ലാസ്റ്റിക് കൂട് പുറത്തെടുത്ത് ഉയർത്തിപ്പിടിച്ച് നോക്കി. സ്ഥിരം കഴിക്കാനുള്ള ചില മരുന്നുകൾക്ക് പുറമേ പലവിധ ഫസ്റ്റ് എയ്ഡുകളും ആന്റിബയോട്ടിക്കുകളും കരുതൽ മരുന്നുകളും അതിൽ ഉണ്ടായിരുന്നു. കണ്ടാൽ ചെറിയൊരു ഫാർമസി പോലെയുണ്ട്. യാത്ര രണ്ട് മാസത്തേക്കാണെങ്കിലും മൂന്ന് മാസത്തേക്കുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്. ഇത്തരം അളവിൽ മരുന്നുകൾ കൈവശം വയ്‌ക്കുന്നത് ഈ ഭാഗത്ത് അപകടകരമാണ്. മാവോയിസ്റ്റുകൾക്ക് കാട്ടിൽ എത്തിച്ച് കൊടുക്കാനാണ് മരുന്നുകളെന്ന് ആരോപിച്ച് വണ്ടി പിടിച്ചെടുക്കാനും അവരുടെ ക്യാമ്പിൽ കൊണ്ടുപോയി ചോദ്യം ചെയ്യാനും ഇവിടുത്തെ നിയമപ്രകാരം അവർക്ക് കഴിയും. എന്നാൽ അതിനൊന്നും സമയം കളയാതെ അവിടെ വച്ചുതന്നെ ചെറുതായി ചോദ്യം ചെയ്‌തശേഷം പോകാനനുവദിച്ചു.
വഴി പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞ് പേരറിയാത്ത ഏതോ നദിയുടെ കുറുകെയുള്ള പഴയൊരു പാലം കയറി, പുതിയൊരു ഹൈവേയിൽ ചെന്നുചേർന്നു. ഹൈവേയുടെ വലത് വശത്ത്, വലിയ വീടുകളുള്ള പഴയ കർഷകഗ്രാമം കണ്ടു. എല്ലായിടത്തും വൈക്കോൽക്കൂനകളാണ്. ഒരു പടമെടുക്കാനായി പുറത്തിറങ്ങി നിന്നപ്പോൾ പ്രായമായ ഒരാൾ വഴിയുടെ വശം ചേർന്ന് മെല്ലെ വടി കുത്തി നടന്നുവരുന്നതു കണ്ടു. അടുത്തുവന്ന് ഞാനെന്താണ് ചെയ്യുന്നതെന്ന് അലസമായി നോക്കിയിട്ട്, എല്ലാ ദിവസവും വഴിയിൽ കാണുന്ന അന്തർമുഖനായ അപരിചിതനെ ഇന്ന് വീണ്ടും കാണുമ്പോൾ തോന്നുന്ന അതേ അകൽച്ചയോടെ അദ്ദേഹം അവിടെ നിന്നു. നമസ്‌കാരം പറഞ്ഞപ്പോൾ, ഗ്രാമത്തിലേക്ക് വിരൽചൂണ്ടിക്കാണിച്ച് അതു നമ്മുടെ ബസ്‌തിയാണ് എന്ന് പറഞ്ഞു. കാലിന്റെ ബലക്കുറവ് പരിഹരിക്കാൻ പോന്നതായിരുന്നു ശബ്ദത്തിന്റെ ഉറപ്പ്. മകന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെക്കടന്ന് നടന്നുപോയി. ഹൈവേ അധികദൂരം നീണ്ടില്ല. വഴി വീണ്ടും ചെറുതാകുകയും വഴിയരികിലെ മരങ്ങളുടെ ഉയരം കൂടി വരുകയും ചെയ്‌തു. കോയൽ എന്ന വലിയ നദി കടന്ന് ഡാൾട്ടൺ ഗഞ്ചിലെത്തി. പൊടിപിടിച്ച് അഴുക്ക് നിറഞ്ഞ ഒരു ചെറുപട്ടണമാണിത്. ഈ ഭാഗത്ത് ഹണ്ടർ ഗഞ്ച്, ലെസ്ലി ഗഞ്ച്, വിൽസൺ ഗഞ്ച് എന്നിങ്ങനെ ഏതൊക്കെയോ ഇംഗ്ലീഷുകാരുടെ പേര് വഹിച്ച ചെറുപട്ടണങ്ങളുണ്ട്. ഡാൾട്ടൺ ഗഞ്ചിന്റെ പുതിയ പേര് മേദിനി നഗർ എന്നാണ്. ബ്രിട്ടീഷ് രാജഭരണത്തിന്റെ മണമുള്ള പഴയ പേര് മാറ്റി പകരം കൊടുത്തിരിക്കുന്നത് ഭാരതീയ രാജഭരണത്തിന്റെ മഹത്വം ആഘോഷിക്കുന്ന പേരാണ്. വഴിയരികിൽ ഉയരത്തിൽ കണ്ട ഒരു പഞ്ഞിമരത്തിന്റെ മിക്കവാറും എല്ലാ ശാഖകളിലും പുകച്ച റബർ ഷീറ്റുകൾ തൂക്കിയിട്ടതുപോലെ അനേകം അർധവൃത്തങ്ങൾ തൂങ്ങിനിൽക്കുന്നത് കണ്ടു. അടുത്തു ചെന്നപ്പോൾ കാട്ടുതേനീച്ചകളുടെ വലിയൊരു കോളനിയാണ്. വലുതും ചെറുതുമായി പത്തിരുപത് അടകളെങ്കിലും കാണും.
കാട്ടുതേനീച്ചകളുടെ കോളനിവൈകിട്ട് അഞ്ചു മണിക്ക് ബോധ്ഗയയിലെ ഗൗതം ഹോട്ടലിലെത്തി. മുറിയിൽ കയറിയ വഴിക്ക് തന്നെ ബാൻഡേജഴിച്ച് കാല് പരിശോധിച്ചു. നീര് വല്ലാതെ കൂടിയിട്ടുണ്ട്. കാൽപ്പത്തി അനക്കാനും പ്രയാസമുണ്ട്. പകൽ മുഴുവൻ കാല് തൂക്കിയിട്ട് വണ്ടി ഓടിച്ചതായിരിക്കണം നീര് കൂടാൻ കാരണം. പരിക്ക് പറ്റിയ കാലാണെന്ന് മറക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതാണ്. വേദന സംഹാരികളുടെ നിരന്തര പ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണ് കാലിന് കാര്യമായി വേദന തോന്നാത്തത്. അതു മറക്കാൻ പാടില്ല. ഈ യാത്ര തുടങ്ങിയിട്ട് പത്ത് ദിവസം പോലുമായിട്ടില്ല. യാത്ര തുടങ്ങുന്നതേ ഉള്ളൂ. അടുത്ത അമ്പത് ദിവസമെങ്കിലും നിർത്താതെ സഞ്ചരിച്ചാൽ മാത്രമേ ഉദ്ദേശിച്ച സ്ഥലങ്ങൾ കണ്ട് തിരിച്ച് വീട്ടിലെത്താൻ കഴിയൂ. കാലിന്റെ അവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ പലതും അസാധ്യമാകും. കൂടുതൽ ആലോചിക്കാതെ അടുത്ത ഡോസ് വേദനസംഹാരി വിഴുങ്ങി, കാലിൽ സമൃദ്ധമായി ജെൽ പുരട്ടി, ഒരു തലയിണയിൽ കാലുയർത്തിവച്ച് കണ്ണടച്ചു . (തുടരും)









0 comments