യാത്ര
നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക് ‐20


വേണു
Published on Nov 24, 2025, 10:53 AM | 11 min read
ഏപ്രിൽ 12. കൊഹിമ
ടിബറ്റിൽ നിന്നും തെക്കൻ ചൈനയിൽ നിന്നും ആയിരം വർഷം മുമ്പ് തെക്കു പടിഞ്ഞാറൻ മലകളിലേക്ക് കുടിയേറിയവരാണ് ഇന്നത്തെ നാഗാ ഗോത്രവർഗക്കാർ. വടക്കുകിഴക്കൻ ഇന്ത്യയിലെ മറ്റേതു ഗോത്രവിഭാഗങ്ങളെക്കാളും വർണസമ്പന്നമാണ് നാഗാ സംസ്‌കാരം. അവരുടെ നൃത്തവും മേളവും ആഘോഷങ്ങളും ആഭരണങ്ങളും ആയുധങ്ങൾ പോലും അതാണ് പറയുന്നത്. നാഗാകൾക്ക് ഉപഗോത്രങ്ങൾ പലതുണ്ട്. വസ്‌ത്രങ്ങളും ആഭരണങ്ങളും മുതൽ വീടിന്റെ രൂപകൽപ്പന വരെയുള്ള എല്ലാത്തിലും ഓരോ ഗോത്ര ശാഖകൾക്കും സ്വന്തം രീതികളുണ്ട്. വടക്കുകിഴക്കൻ ഗോത്രങ്ങളിൽവച്ചേറ്റവുമധികം യുദ്ധവാസനയുള്ളവർ നാഗാ ഗോത്രക്കാരാണെന്ന് പറയപ്പെടുന്നു. ആയുധങ്ങളോട് കടുത്ത അഭിനിവേശമാണവർക്ക്. ശത്രുവിന്റെ തല വെട്ടിയെടുത്ത് ഉണക്കി വീട്ടിലെ ഭിത്തിയിൽ അലങ്കാരമായി വയ്‌ക്കുക എന്നത് അടുത്ത കാലംവരെ ചില നാഗാ ഗോത്രങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ആചാരമായിരുന്നു. എല്ലാം വിചാരിച്ചതുപോലെ നടന്നാൽ, വരുന്ന മൂന്നു നാല് ദിവസങ്ങൾക്കു ശേഷം ഞാൻ രാത്രിയുറങ്ങാൻ പോകുന്നത്, കൊഹിമയിൽ നിന്ന് പന്ത്രണ്ടു മണിക്കൂർ കിഴക്ക് മിയാൻമാർ അതിർത്തിയിലുള്ള പഴയൊരു തലവേട്ടക്കാരന്റെ വീട്ടിലായിരിക്കും.
കൊഹിമയിൽ തവളകളെ വിൽക്കുന്ന സ്‌ത്രീ
ഓംലെറ്റും ടോസ്റ്റും സോസെജും ഒരു സാലഡുമായിരുന്നു റാസു പ്രൂവിലെ രാവിലത്തെ ഭക്ഷണം. അതു കഴിഞ്ഞയുടൻ കൊഹിമ കാണാനിറങ്ങി. നാഗാലാൻഡിന്റെ തലസ്ഥാനമാണ് കൊഹിമ. ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും നാഗായുടെ ഉപഗോത്രമായ അംഗാമി നാഗായാണ്. ഹോം സ്റ്റേയിൽനിന്ന് നേരേ താഴേക്കുപോകുന്ന കുത്തിറക്കത്തിന്റെ മുകളിൽനിന്നു നോക്കുമ്പോൾ ദൂരെ കാണുന്ന കുന്നുകളുടെ ഇടയിലാണ് നഗരമധ്യം. വീതി കുറഞ്ഞ വഴികളിൽ രാവിലെ തന്നെ തിരക്കാണ്. കയറ്റവും ഇറക്കവുമാണ് എല്ലായിടത്തും. പല തട്ടുകളിലാണ് വഴികൾ പോകുന്നത്. ഒരു വഴിയിൽനിന്ന് അടുത്തതിലേക്ക് ഇറങ്ങാൻ കുത്തനെയുള്ള ഇടുങ്ങിയ പടിക്കെട്ടുകളുണ്ട്. തീരെ വീതി കുറഞ്ഞ വഴികളിലും കാൽനടക്കാർക്ക് കുറച്ചെങ്കിലും ഇടമുണ്ട്.
കൊഹിമയിലെ പ്രാദേശിക ഭക്ഷ്യവസ്‌തുക്കളുടെ പ്രധാന വാണിജ്യ കേന്ദ്രമാണ് സൂപ്പർ മാർക്കറ്റ്. നടപ്പാതകളിലെ താൽക്കാലിക തട്ടുകളിൽ ഒരുക്കിയിരിക്കുന്ന കടകളിൽ മുളങ്കൂമ്പിനും കാട്ടു കിഴങ്ങിനുമൊപ്പം ഓസ്ട്രേലിയൻ ഓറഞ്ചും അൽഫോൻസാ മാങ്ങയും കണ്ടു. ഇവിടെ കൃഷി ചെയ്യുന്ന നാഗാമോറിച്ച് എന്ന ചുവന്ന മുളക് ലോകപ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന ഗിന്നസ് റെക്കോഡ് നാഗാമോറിച്ചിന് നഷ്ടപ്പെട്ടത് ഈയിടെ മാത്രമാണ്. പ്രധാന വഴിയുടെ ഉപവഴികളിലെ കടകളിൽ പട്ടുനൂൽപ്പുഴു മുതൽ പട്ടിയിറച്ചി വരെ വാങ്ങാൻ കിട്ടും. വിൽപ്പനക്കാരെല്ലാം സ്‌ത്രീകളാണ്. ഉണങ്ങിയ വിട്ടിലും വറുത്ത ചിതലും വിരൽ വണ്ണമുള്ള വെളുത്ത പുഴുക്കളും കറുത്തുണങ്ങി മരം പോലെയായ മാംസത്തുണ്ടുകളും ജീവനുള്ള തവളകളും ആമയും വവ്വാലും തുടങ്ങി പരദേശികൾക്ക് വിചിത്രമായി തോന്നാവുന്ന പലതും ഇവിടെ വിശിഷ്ട വിഭവങ്ങളാണ്. ഇവരുടെ പൂർവികർ പണ്ടു ചൈനയിൽ നിന്നു വന്നവരാണെന്ന ചരിത്രം ഓർമ വന്നു. തണ്ടുസഹിതമുള്ള ഉള്ളിയും മരപ്പയറും പഴുത്ത പപ്പായയും വിൽക്കാനിരിക്കുന്ന മുതിർന്ന സ്‌ത്രീയോട് അതിലും മുതിർന്ന മറ്റൊരു സ്‌ത്രീ, പരാതിയുടേയും അപേക്ഷയുടേയും ആംഗ്യങ്ങളോടെ എന്തൊക്കെയോ നിർത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നു. വിൽപ്പനക്കാരി എല്ലാം കേട്ടുകൊണ്ട് ഒന്നും പറയാതെ എവിടെയോ നോക്കിയിരിക്കുന്നു.
ഒച്ചയും ബഹളവുമായി നാലഞ്ച് പട്ടാളവാഹനങ്ങൾ നഗരമധ്യത്തിലെ പ്രധാന ട്രാഫിക് ഐലൻഡ് ചുറ്റി അതിവേഗം കടന്നുപോയി. ട്രാഫിക് നിയന്ത്രിക്കുന്നത് വനിതാ പൊലീസാണ്. ഇവിടെ റോഡുകൾക്ക് കുറുകെ മൂന്നു ദിശകളിൽ പോകുന്ന കടും നിറങ്ങൾ പൂശിയ വലിയ നടപ്പാലത്തിന് ത്രിതാര രൂപമാണ്. പട്ടണത്തിലെ പ്രധാന ഇടങ്ങളിലെല്ലാം അംഗാമി നാഗാ ചിഹ്നങ്ങൾ വരച്ചും കൊത്തിയും വച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ കണ്ട ബിംബങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, വെട്ടിയെടുത്ത മനുഷ്യശിരസ്സ് മുടിയിൽ തൂക്കിപ്പിടിച്ചു നിൽക്കുന്ന നാഗാ യോദ്ധാവിന്റെ തടിയിൽ കൊത്തിയ രൂപങ്ങളാണ്. ഏറ്റവും പുതിയ ഫാഷൻ സ്റ്റൈലുകൾക്കൊപ്പം പഴയ രീതിയിലുള്ള വേഷങ്ങളും ഇടയ്‌ക്കിടെ കാണാം. നാലഞ്ച് പെൺകുട്ടികൾ സൂപ്പർ മാർക്കറ്റിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ട വസ്‌ത്രങ്ങളിൽ ചിലതെടുത്ത് ശരീരത്തിനെതിരെ പിടിച്ച് അളവ് പരീക്ഷിച്ച് തൃപ്തി വരാതെ, അടുത്തതെടുത്ത് വീണ്ടും പാകം നോക്കുന്നു. കറുപ്പും കടുംചുവപ്പും ചേർന്ന പരമ്പരാഗത നാഗാ അംഗവസ്‌ത്രം ധരിച്ച വയോധികനൊപ്പം ഓറഞ്ച് നിറമുള്ള മുടിയുള്ള വയലറ്റ് ലിപ്സ്റ്റിക്കിട്ട ഒരു പെൺകുട്ടി നടന്നുവരുന്നു. ഉറച്ച നോട്ടവും അത്രയ്‌ക്ക് ഉറപ്പില്ലാത്ത ചുവടുകളായി, പരസഹായത്തോടെയും അല്ലാതെയും വഴിനടക്കുന്ന വയസ്സായവരെ വേറെയും കണ്ടു. ഇത് ശരിയായ നിരീക്ഷണമാണോ അതോ തോന്നൽ മാത്രമാണോ എന്നറിയില്ല, പക്ഷേ വഴിയിലിറങ്ങി നടക്കാൻ മടിയില്ലാത്ത പ്രായമായവർ കൊഹിമയിൽ ധാരാളമുണ്ട് എന്നാണ് കാഴ്‌ചയിൽ മനസ്സിലാകുന്നത്.
കിഗ്വേമാ ഗ്രാമത്തിലെ നീലയും വെള്ളയും ചായമടിച്ച കൽമതിലിനടുത്ത് ഗൈഡ് ആനോ
പട്ടണ നടുവിലെ വലിയ നിർമിതിയായ ബാപ്റ്റിസ്റ്റ് പള്ളിയുടെ മുന്നിലെ ഒഴിഞ്ഞ കടത്തിണ്ണയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ ബീഹാറിൽനിന്നു പണി തേടി വന്നവരാണ്. വളരെ ഇടുങ്ങിയ ഒരു പെട്ടിക്കടയിലിരുന്നു ചെരുപ്പ് നന്നാക്കുന്നയാൾ യുപി സ്വദേശിയാണ്. സിറ്റി ബസുകൾ ഉണ്ടെങ്കിലും അപൂർവമാണ്. മാരുതി ടാക്‌സികളും മോട്ടോർ സൈക്കിൾ ടാക്‌സികളും എല്ലായിടത്തും ഉണ്ട്. നിറങ്ങളാണ് എമ്പാടും. കടുംനിറങ്ങളോട്, പ്രത്യേകിച്ച് ചുവപ്പിനോട്, നാഗാകൾക്കുള്ള അഭിനിവേശം അവരുടെ സംസ്‌കാരത്തിലുടനീളം കാണാം. എന്നാൽ നിറമേതുമില്ലാതെ, കറുപ്പും വെളുപ്പുംകൊണ്ട് മാത്രം വരച്ച ചിഹ്നങ്ങളും ധാരാളമുണ്ട്. കറുത്തു മിന്നുന്ന ബൂട്ടും തൊപ്പിയുമടക്കം, രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ സേനയുടെ അതേ യൂണിഫോം ധരിച്ച ഒരാൾ വളരെ ഗൗരവത്തിൽ എന്തോ തിരഞ്ഞു നടക്കുന്നു. വല കൊണ്ട് മൂടിയ ഒരു കുട്ടയിൽനിന്ന് ആറു കാടകളെ പെറുക്കിയെടുത്ത് ഒരു പ്ലാസ്റ്റിക് കൂട്ടിലിട്ട് ആവശ്യക്കാരന് കൊടുത്ത് ഇരുനൂറ് രൂപ പകരം വാങ്ങിയശേഷം, ഇടയ്‌ക്ക് മുടങ്ങിപ്പോയ തന്റെ ഭക്ഷണത്തിലേക്ക് കച്ചവടക്കാരി ധൃതിയിൽ മടങ്ങുന്നു. പരസ്‌പരം ബന്ധിക്കപ്പെട്ട കൂപമണ്ഡൂകങ്ങൾ, ഭയാനകമായ പാരതന്ത്ര്യത്തിൽ നിന്ന് മൃതിയിലേക്കുള്ള മോചനം കാത്ത് പ്ലാസ്റ്റിക് പാത്രങ്ങളിൽ കൂടിക്കിടക്കുന്നു.
ശരീരക്ഷതത്തിന് തവള സൂപ്പ് പോലെ ഫലപ്രദമായ മരുന്നില്ലെന്ന് ഹോം സ്റ്റേയിലെ സുഷ്‌മ പറഞ്ഞു. സുഷ്‌മ നാഗായല്ല, നേപ്പാളിയാണ്. കഴിഞ്ഞ ഹോൺബിൽ ഫെസ്റ്റിവൽ സമയത്ത് ഒരു ബ്രിട്ടീഷ് വനിത കാലുളുക്കി രണ്ടാഴ്‌ച ഇവിടെ കിടപ്പായിരുന്നു എന്നും, ദിവസം രണ്ടുനേരം വെളുത്തുള്ളിയിട്ട തവള സൂപ്പ് കൊടുത്താണ് വേഗം ഭേദമായതെന്നും അവർ അവകാശപ്പെട്ടു. കാട സൂപ്പ് എന്നു കള്ളം പറഞ്ഞാണ് കഴിപ്പിച്ചത്. എന്റെ കാലുളുക്കിയത് ഇവിടെവച്ച് ആകാഞ്ഞത് എന്തുകൊണ്ടും നന്നായി. കൊഹിമയിൽനിന്ന് ഒരു മണിക്കൂർ ദൂരെയുള്ള രണ്ടു അംഗാമി ഗ്രാമങ്ങൾ കാണുന്നതിനായി സുഷ്‌മയുമായി സംസാരിച്ച് ഏകദേശമൊരു രൂപമുണ്ടാക്കി. ഇവിടെ നിന്ന് രാവിലെ പോയി വൈകിട്ട് മടങ്ങിവരാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും അതിനടുത്തുതന്നെ താമസിക്കാനുള്ള സ്ഥലമുണ്ടെന്നും സുഷ്‌മ പറഞ്ഞു. അപ്പോൾത്തന്നെ ഫോൺ ചെയ്‌ത് അത് ഇടപാടാക്കുകയും ചെയ്‌തു. നാഗാ ഗ്രാമങ്ങൾ കാണണമെങ്കിൽ ഉറപ്പായും പരസഹായം വേണ്ടിവരും. ഏതെങ്കിലുമൊരു നാട്ടുകാരൻ കൂടെയില്ലെങ്കിൽ ഒരിടത്തും പ്രവേശനമുണ്ടാവില്ല.
ഏപ്രിൽ 13. കിഗ്വേമാ
സുഷ്‌മ ഏർപ്പാടാക്കിയ ഹോം സ്റ്റേയുടെ പേര് വേയ്ൽ ഹോം സ്റ്റേ എന്നായിരുന്നു. കൊഹിമയിൽനിന്ന് മുക്കാൽ മണിക്കൂർ മാത്രം ദൂരെയാണത്. രാവിലെ സ്‌കൂളിൽ പോകാൻ രണ്ടു ചെറിയ കുട്ടികളെ തയ്യാറാക്കുന്ന തിരക്കിലായിരുന്ന ഒരു സ്‌ത്രീ എന്നെക്കണ്ട് അകത്തേക്കു നോക്കി എന്തോ പറഞ്ഞു. അതിനു മറുപടിയായി അടുപ്പിച്ചടുപ്പിച്ച് നാലഞ്ച് തുമ്മൽ അകത്തുനിന്ന് ഉച്ചത്തിൽ കേട്ടു. തുമ്മലിനു പിന്നാലെ മൂക്കും വായും ഒരു തൂവാലകൊണ്ട് മറച്ചുപിടിച്ച ഒരു സ്‌ത്രീ ഇറങ്ങിവന്ന്, തനിക്ക് അതിരൂക്ഷമായ ജലദോഷമാണെന്ന് ക്ഷമാപണ സ്വരത്തിൽ പറഞ്ഞിട്ട് എന്റെ മറുപടി കേൾക്കാൻ കാക്കാതെ അപ്പോൾത്തന്നെ അകത്തേക്ക് മടങ്ങി. മുറി ബുക്ക് ചെയ്‌ത സുഷ്‌മ സംസാരിച്ചത് ഇവരോടാണെങ്കിൽ, ഇവരുടെ പേര് വിഖാനോ എന്നാണ്. അവരുടെ ഭർത്താവ് ജോണാണ് പിന്നീടെല്ലാം ചെയ്‌തു തന്നത്. സാംക്രമിക രോഗങ്ങൾ മറ്റുള്ളവർക്കു പകരാതെ നോക്കേണ്ട ആദ്യത്തെ ചുമതല രോഗിക്കു തന്നെയാണ്.
സ്ഥലം കാണിക്കാൻ കൂടെ വരാമെന്നേറ്റയാൾ, തനിക്ക് ചെറിയ അസൗകര്യമുണ്ടെന്നും, പകരം മറ്റൊരാളെ വിടാമെന്നും ഖേദപൂർവം ഫോണിൽ പറഞ്ഞു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചത് ഒരു സ്‌ത്രീയായിരുന്നു. അവർ അയച്ചുതന്ന ലൊക്കേഷനിൽ എന്നെ കാത്തുനിന്നിരുന്ന പെൺകുട്ടി ആനോ എന്നാണ് പേരു പറഞ്ഞത്. അംഗാമി നാഗാ സംസ്‌കാരം പുതുതലമുറയ്‌ക്ക് വീണ്ടും പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഏതാനും അംഗാമി യുവാക്കൾ ചേർന്ന് ഈയിടെ രൂപീകരിച്ച സാംസ്‌കാരിക സംഘടനയിൽ വളന്റിയറായി പ്രവർത്തിക്കുകയാണ് ആനോ. അവർക്ക് അത്യാവശ്യം നന്നായി ഇംഗ്ലീഷറിയാം. ടൂറിസവും ഗൈഡിങ്ങും ചെറിയ വരുമാനമാർഗങ്ങളാണ്. കിഗ്വേമാ എന്നു പേരുള്ള സാമാന്യം വലിയൊരു ഗ്രാമത്തിലേക്കാണ് ഞങ്ങളാദ്യം പോയത്. ഗ്രാമവഴിയുടെ വശങ്ങളിലെ കൽമതിലുകളിലെല്ലാം ഇളംനീലയും വെളുപ്പും കൊണ്ട് വീതിയുള്ള വരകൾ ഇടവിട്ടിടവിട്ട് ലംബമായി വരച്ചുവച്ചിട്ടുണ്ട്. ആദ്യമായി കാണുന്നവർക്ക്, ഈ ഗ്രാമത്തിലെ എല്ലാവരും അർജന്റീന ഫുട്ബോൾ ഫാൻസ് ആണോ എന്ന സംശയം തോന്നിയാൽ അതിശയിക്കാനില്ല. ആനോയും അർജന്റീന ഫാൻ ആണെന്നാണ് തോന്നുന്നത്. അവരുടെ ഉടുപ്പിന്റെ നിറവും ഇളംനീലയാണ്.
അടുക്കിക്കെട്ടി ചെളി മെഴുകിയ മുളഞ്ചിന്തു ചുവരുകളുടെ മേൽ ഇരുമ്പുഷീറ്റുകൾ മേഞ്ഞ പഴയ വീടുകളോടൊപ്പം, പലക ഭിത്തികളിൽ വലിയ ഗോത്ര ചിഹ്നങ്ങൾ കൊത്തിവച്ച കൂടുതൽ പഴയ വീടുകളും കണ്ടു. ചില വീടുകൾ നിർമിച്ചിരിക്കുന്നത് പൂർണമായും ഇരുമ്പുഷീറ്റു കൊണ്ടാണ്. പല വീടുകളുടെയും പ്രവേശന ഭാഗത്ത് കന്നുകാലികളുടെ തലയോടുകൾ ഉയരത്തിൽ നിരത്തി പ്രദർശിപ്പിച്ചിട്ടുണ്ട്. വഴിയരികിലും വീടുകളുടെ മുന്നിലും, ചിലപ്പോൾ ചുറ്റുവട്ടത്ത് നീണ്ട മതിൽ പോലെയും വൃത്തിയായി അടുക്കിവച്ചിരിക്കുന്ന വിറകിന്റെ വലിയ നിരകൾ എല്ലായിടത്തുമുണ്ട്. പശ്ചാത്തലത്തിലെ തുരുമ്പു പിടിച്ച ഇരുമ്പുഷീറ്റുകൾക്കെതിരെ പ്ലാസ്റ്റിക് പാത്രങ്ങളിൽ തട്ടുതട്ടായി വളർത്തിയ ചെടികൾ പല വീടുകളുടേയും മുന്നിൽ കടുംനിറങ്ങളിൽ പൂത്തുനിൽക്കുന്നു. എല്ലാം വളരെ ശ്രദ്ധാപൂർവം വളർത്തിയെടുത്തതാണെന്ന് കണ്ടാലറിയാം. ഇവിടെ വീടുകൾക്കൊന്നും സ്വന്തം മുറ്റമില്ല. വാതിൽ തുറക്കുന്നത് നേരെ വഴിയിലേക്കാണ്. ചെറിയ വഴികളെല്ലാം ചെന്നുചേരുന്നത് ഗ്രാമമധ്യത്തിലുള്ള തുറന്ന ഭാഗത്തേക്കാണ്. അവിടെനിന്നു നോക്കുമ്പോൾ, രണ്ടു കുന്നുകളിലായിട്ടാണ് കിഗ്വേമാ ഗ്രാമം സ്ഥിതിചെയ്യുന്നതെന്ന് കാണാനാകും. ആളുകൾക്ക് കൂടിയിരുന്നു സംസാരിക്കാൻ പറ്റുന്ന ധാരാളം സ്ഥലങ്ങൾ പലയിടത്തായി ഒരുക്കിയിട്ടുണ്ട്. കല്ലുകൾ അടുക്കിയും ബെഞ്ചുകൾ പോലെ വലിയ മരത്തടികൾ മുഖാമുഖം ഉറപ്പിച്ചുവച്ചും, നടുവിൽ തീ കൂട്ടാനുള്ള സ്ഥലമടക്കമാണ് ഇരിപ്പിടങ്ങൾ നിർമിച്ചിരിക്കുന്നത്. വീട്ടുമുറ്റങ്ങളുടെ അഭാവം പരിഹരിക്കുന്നത് ഇത്തരം പൊതു മുറ്റങ്ങളാണ്. മറ്റൊരു മൂലയിൽ സ്ഥലകാലങ്ങൾ തെറ്റിനിൽക്കുന്ന ഒരു സിമന്റ് ടെന്നീസ് കോർട്ടിന്റെ വശത്ത് വിറകു കീറിക്കൊണ്ടിരുന്ന ഒരാൾ ചെറിയൊരു തണലിലേക്ക് മാറിയിരുന്ന് വിയർപ്പ് തുടച്ചിട്ട് ഒരു ബീഡി കത്തിച്ചു. താഴത്തെ വഴിയിൽ തുണിയലക്കാൻ വേണ്ടി നിർമിച്ചിരിക്കുന്ന സ്ഥലത്ത് രണ്ടു സ്ത്രീകൾ എന്തോ സംസാരിച്ചു നിൽക്കുന്നുണ്ട്. വളരെപ്പഴയൊരു വീടിന്റെ പിന്നിൽ കണ്ട പലനിലകളുള്ള കോൺക്രീറ്റ് വീടുകൾ പുതുതായി നിർമിച്ചവയാണ്.
പലകഭിത്തിയിൽ കൊത്തിവച്ച ഗോത്രചിഹ്നങ്ങൾ
കനത്ത പലകകളിൽ പരുക്കൻ രീതിയിൽ കൊത്തിയുണ്ടാക്കിയ അംഗാമി രൂപങ്ങൾകൊണ്ട് അലങ്കരിച്ച ഒരു വീടിന്റെ അടഞ്ഞ വാതിൽ നോക്കി ആനോ ഉച്ചത്തിലാരെയോ വിളിച്ചു. ആരുമില്ല. ഗ്രാമത്തിലെ വഴികളെല്ലാം പൊതുവെ വിജനമാണ്. എന്നോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് ആനോ എങ്ങോട്ടോ പോയി. വാതിലിന് മുകളിൽ പൊടിപിടിച്ചിരിക്കുന്ന കന്നുകാലികളുടെ തലയോടുകൾക്കുമേലെ വിറകുവെട്ടുന്ന ശബ്ദം ദൂരെനിന്നു വീണ്ടും കേൾക്കാൻ തുടങ്ങി. വീട്ടിൽ ആരുമില്ലെങ്കിലും വാതിൽ വെറുതേ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അംഗാമി നാഗാകൾ സത്യസന്ധതയ്‌ക്ക് പേര് കേട്ടവരാണെന്ന് പിന്നീട് വായിച്ചറിഞ്ഞു. അതവരെ മറ്റു നാഗാ ഗോത്രങ്ങളിൽനിന്നു വ്യത്യസ്‌തരാക്കുന്നു എന്ന് പണ്ടാരോ പറഞ്ഞത് മറ്റു ഗോത്രക്കാർ ഇപ്പോഴും ക്ഷമിച്ചിട്ടില്ല. ഇവിടെ വീടുകൾക്കൊന്നും പുറത്തുനിന്ന് പൂട്ടില്ല. മോഷണം എന്നത് അതിനിന്ദ്യവും അതിനാൽത്തന്നെ അത്യപൂർവവുമാണ്. മാത്രമല്ല, കെൻയൂ എന്നു പൊതുവേ അറിയപ്പെടുന്ന ചില നിഷിദ്ധ പ്രവൃത്തികൾ ചെയ്യുന്നത് ദൈവകോപം വരുത്തിവയ്‌ക്കുമെന്നും അംഗാമി നാഗാകൾ വിശ്വസിക്കുന്നു. ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതും മുളകിന്റെ ഇല തിന്നുന്നതും കറുത്തപക്ഷത്തിൽ കല്യാണം കഴിക്കുന്നതുമടക്കമുള്ള നൂറ്റി അമ്പത്തിനാല് കെൻയൂകളോടൊപ്പം ക്രിസ്‌തുമതത്തിന്റെ പത്തു കൽപ്പനകളും കൂടി ചേർന്നപ്പോൾ അംഗാമി അന്തരീക്ഷം അരുതുകളാൽ നിറഞ്ഞു.
ആനോ അടുത്തുള്ള ഒരാളുമായി വന്നു. അകത്തേക്ക് കയറുംമുമ്പ് ഈ വീടിനെയും വീട്ടുകാരെയുംപറ്റി ആനോ ഇങ്ങനെ പറഞ്ഞു. ഈ ഗ്രാമത്തിലെ ഏറ്റവും ധനികരിൽ ഒരാളാണ് വീട്ടുടമ. പെഹു അല്ലെങ്കിൽ ഫീസ്റ്റ് ഓഫ് മെറിറ്റ് എന്നറിയപ്പെടുന്ന ഭോജനാഘോഷം മൂന്നു തവണ നടത്തിയിട്ടുള്ളയാളാണ് ഇദ്ദേഹം. അതിന്റെ ഫലമായാണ് വീടിന്റെ മുന്നിൽ വലിയ ഗോത്ര ചിഹ്നങ്ങൾ കൊത്തിവയ്‌ക്കാൻ അദ്ദേഹത്തിന് അനുവാദമുള്ളത്. ഇവിടെ ഒരാളുടെ സമ്പത്ത് നിശ്ചയിക്കുന്നത് അയാളുടെ കാർഷിക വരുമാനം കണക്കാക്കിയാണ്. വിളവു നന്നായാൽ അത് അയാളുടെ ഉൽപ്പാദനശേഷിയെയാണ് കാണിക്കുന്നത്. അതിനു പിന്നിൽ ദൈവകൃപയുണ്ട്.
അതിനാൽത്തന്നെ സാധാരണക്കാർ ധനികരെ അനിഷ്ടത്തോടെ കാണുന്നില്ല. താൻ സമ്പാദിച്ചുകൂട്ടിയ ധനത്തിന്റെ ഒരു പങ്ക് ഗ്രാമവാസികൾക്കായി ചെലവഴിക്കുന്ന ആഘോഷമാണ് പെഹു. അന്നൊരു ദിവസം ഗ്രാമത്തിലെ മുഴുവനാളുകളും ഒത്തുചേർന്ന് പോത്തുകളെ അറുത്ത് ഭക്ഷണമുണ്ടാക്കി ആഘോഷപൂർവം മദ്യപിക്കും. പാട്ടും നൃത്തവും ഉണ്ടാകും. എല്ലാ ചെലവും ധനികന്റെ വകയായിരിക്കും. സ്വന്തമായി ഭാര്യയും കൈയിൽ കാശുമുള്ള ആർക്കും പെഹു നടത്താം. ഭാര്യ നിർബന്ധമാണ്. അവിവാഹിതർക്ക് ഇതിനുള്ള അനുവാദമില്ല. വിരുന്ന് നടത്താൻ ചെലവാകുന്ന ഭീമമായ തുകയ്‌ക്ക് പകരം ധനികൻ പ്രതീക്ഷിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹത്തിലുപരി, സമൂഹത്തിന്റെ ആദരവാണ്. ഒരു തവണ പെഹു നടത്തിയ ധനികനേക്കാൾ ഇരട്ടി ആദരവാണ് രണ്ടുതവണ ചെയ്‌തയാൾക്ക് കിട്ടുന്നത്. മൂന്നുതവണ ചെയ്‌തവന്റെ പ്രശസ്‌തി മരണശേഷവും നീണ്ടകാലം നിലനിൽക്കും. ധനികന്റെ അപദാനങ്ങൾ വർണിക്കുന്ന ശിലാലിഖിതങ്ങൾ നാട്ടിലുയരും. ധനികന്റെ ഉടയാടകളിൽ പുതിയ യോഗ്യതാചിഹ്നങ്ങൾ തെളിയും. ചിലപ്പോൾ പുതിയ ഭാര്യമാർ പോലും കടന്നുവരും. മൂന്നുവട്ടം ഫീസ്റ്റ് ഓഫ് മെറിറ്റ് നടത്തിയ ധനികന് അംഗാമി സമൂഹത്തിലുള്ള സ്ഥാനം, തലകൾ പലതു വെട്ടിയെടുത്ത പൂർവിക യോദ്ധാക്കൾക്കു സമാനമാണ്.
ഇവിടെ ധനമെന്നാൽ ധാന്യം തന്നെയാണെന്ന് ധനികന്റെ വീടിന്റെ ഉള്ളിൽ നിരന്നുകണ്ട വലിയ ധാന്യസംഭരണികൾ പറഞ്ഞു. മുളഞ്ചിന്തു മെടഞ്ഞുണ്ടാക്കിയ സംഭരണികൾക്ക് ഏകദേശം ഒരാൾപ്പൊക്കമുണ്ട്. സംഭരണികൾ നിറഞ്ഞപ്പോൾ ബാക്കി വന്ന നെല്ല് ചാക്കുകളിൽ കെട്ടിവച്ചിരിക്കുന്നു. നീളത്തിൽ കീറിയ മാംസത്തുണ്ടുകൾ ഉയരത്തിലെ ഇരുമ്പുഷീറ്റുകളുടെ ചൂടുപിടിച്ച് ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു. മാംസം കണ്ടിട്ട് ചെറുമൃഗങ്ങളുടെ പോലെയാണ് തോന്നുന്നത്. കന്നുകാലികളുടെ തലയോടുകൾ വീടിനുള്ളിലും ധാരാളം കണ്ടു. ദശാബ്ദങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട മൃഗങ്ങളുടെ നിരനിരയായിരിക്കുന്ന തലയോടുകളെ ചേർത്തുനിർത്തുന്നത് കണ്ണിന്റെ സ്ഥാനത്തെ കുഴികളിലൂടെ കടന്നുപോകുന്ന നീണ്ടൊരു മുളങ്കമ്പാണ്. പുറത്തു കണ്ടതുപോലെയുള്ള വലിയ അംഗാമി ചിഹ്നങ്ങൾ ഉള്ളിലും കണ്ടു. എന്നാൽ പുറത്തുള്ള അടയാളങ്ങളിൽ കണ്ട നിറങ്ങൾ ഉള്ളിൽ ഇല്ലായിരുന്നു.
നാഗമലകളിൽ ബ്രിട്ടീഷുകാർ എത്തുന്നതുവരെ സ്വതന്ത്ര രാഷ്ട്രങ്ങളെപ്പോലെയാണ് ചെറിയ നാഗാ ഗ്രാമങ്ങൾ പോലും പെരുമാറിയിരുന്നത്. കൃഷിയും നായാട്ടും ഭൂമിയുടെ ഉടമസ്ഥാവകാശവും അടക്കമുള്ള എല്ലാ വിഷയങ്ങളിലും ഗ്രാമങ്ങളെല്ലാം സ്വയംപര്യാപ്തരായിരുന്നു. ഒന്നിനും പരസ്‌പരം ആശ്രയിക്കാത്ത അവസ്ഥ ഗ്രാമങ്ങളെ തമ്മിലകറ്റി. ഒരു ഗ്രാമത്തിലെ സംസാരഭാഷ അടുത്ത ഗ്രാമക്കാർക്ക് വിദേശഭാഷ പോലെയായി. ഗ്രാമങ്ങൾക്ക് ചുറ്റും സംരക്ഷണ സംവിധാനങ്ങളും പടിവാതിലുകളും കാവൽ നിലയങ്ങളും ഉയർന്നു. അന്തർഗ്രാമ യുദ്ധങ്ങൾ പതിവായി. സന്ധ്യ കഴിഞ്ഞാൽ തുറക്കാൻ മടിച്ച് ഗ്രാമവാതിലുകൾ അടഞ്ഞുകിടന്നു. മാത്രമല്ല, കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനായി ഗ്രാമങ്ങളെ ഖേൽ എന്ന പേരിൽ വീണ്ടും വിഭജിച്ച് രാപ്പകൽ കാവൽ ഏർപ്പെടുത്തുകയും ചെയ്‌തു.
സ്വയം തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സ്വതന്ത്ര മേഖലകളാണ് ഇന്നും ഖേലുകൾ. കിഗ്വേമാ ഗ്രാമത്തിലെ മെറാമ എന്നു പേരുള്ള ഖേലിൽ പെട്ട സ്ഥലത്താണ് ഞങ്ങളിപ്പോൾ നിൽക്കുന്നത്. ഇന്നത്തെ ഗ്രാമകവാടങ്ങളിൽ പലതും ഖേലുകളുടെ പഴയ വാതിലുകൾ ആയിരുന്നു എന്നു പറയപ്പെടുന്നു. മെറാമാ ഖേലിന് തൊട്ടാണ് കീഫോമേറാ ഖേൽ. അവിടുത്തെ പ്രധാന പടിവാതിലിൽ നാഗാ ചിഹ്നങ്ങളോടൊപ്പം ക്രിസ്‌തീയ വിശ്വാസത്തിന്റെ അടയാളമായി നക്ഷത്രങ്ങളും കണ്ടു. ഓരോ ഖേലുകൾക്കും മൊറുങ് എന്നു വിളിക്കുന്ന സ്വന്തം യുവനിലയങ്ങളുണ്ട്. ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല. എന്നാൽ അതൊക്കെ പണ്ടായിരുന്നു എന്നുപറഞ്ഞ് ആനോയാണ് ആദ്യം അകത്തേക്ക് കയറിയത്. അതതു ഖേലുകളിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലത്തായിരിക്കും മൊറുങ്ങിന്റെ സ്ഥാനം. ദൂരക്കാഴ്‌ച കിട്ടുന്ന ഉയർന്ന സ്ഥലങ്ങളിലാണ് പഴയ മൊറുങ്ങുകളെല്ലാം. ഗ്രാമത്തിന്റെ ഒന്നാമത്തെ പ്രതിരോധ നിരയാണ് മൊറുങ്ങുകളും അവിടുത്തെ താമസക്കാരായ യുവാക്കളും. എന്നാൽ ഇപ്പോഴിവിടെ അതിന്റെയൊന്നും ആവശ്യമില്ല. മൊറുങ്ങിൽ താമസക്കാരുമില്ല.
നീണ്ട മതിൽപോലെ അടുക്കിവച്ചിരിക്കുന്ന വിറകുകൾ
മെറാമാ ഖേലിലെ മൊറുങ്ങിൽ മരത്തടി തുരന്നുണ്ടാക്കിയ വലിയൊരു താളവാദ്യ ഉപകരണം കണ്ടു. പതിനഞ്ചടി നീളത്തിൽ അകം പൊള്ളയാക്കിയ മരത്തടിയുടെ ഇരുവശത്തും മുഖത്തോട് മുഖം തിരിഞ്ഞിരുന്ന് ഭാരിച്ച മരമുട്ടുകൾ കൊണ്ടാണ് താളവാദനം ചെയ്യുന്നത്. മുൻകാലങ്ങളിൽ മുന്നറിയിപ്പുകളും വാർത്തകളും ഗ്രാമവാസികളിൽ എത്തിച്ചിരുന്നത് സുങ് കോങ് എന്നറിയപ്പെടുന്ന ഈ വൃന്ദവാദ്യത്തിന്റെ താളവ്യതിയാനങ്ങൾ വഴിയായിരുന്നു. ഇക്കാലത്ത് വിശേഷ ദിവസങ്ങളിൽ മാത്രമാണ് സുങ് കോങ്ങിന്റെ ഇടികുടുക്കം നാഗാ മലകളിൽ കേൾക്കുന്നത്. ഇന്ത്യയിൽ പലയിടത്തും കാട്ടിൽ മേയാൻ വിട്ട കന്നുകാലികളെ തിരഞ്ഞുപിടിക്കാൻ കർഷകരെ സഹായിക്കുന്നത് പശുവിന്റെ കഴുത്തിലെ മരമണിയുടെ കുടുകുടു ശബ്ദമാണ്. ലോഹമണികളെക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്നതും, ഉറവിടം തിരിച്ചറിയാൻ കൂടുതൽ സഹായിക്കുന്നതുമാണ് മരമണികളുടെ ശബ്ദം. ദൂരസന്ദേശങ്ങൾക്കായി അംഗാമി നാഗാകൾ സുങ് കോങ് എന്ന മരത്തടി വാദ്യം തന്നെ ഉപയോഗിക്കാനുള്ള കാരണവും ഇതുതന്നെയായിരിക്കണം. ഇന്നിവിടെക്കണ്ട സുങ് കോങ്, ഇടത്തരം വലുപ്പത്തിൽ അലങ്കാരങ്ങളൊന്നുമില്ലാത്ത സാധാരണ ഒന്നായിരുന്നു. എന്നാൽ ഭാവിയിൽ കാണാനിരിക്കുന്ന ചില സുങ് കോങ്ങുകൾ, മൃഗശിരസ്സും വർണവിതാനങ്ങളും ആഭരണങ്ങളും അണിഞ്ഞ പ്രാചീന ഭീമന്മാരായിക്കും.
ഇവിടെ അടുത്ത് ഒറ്റയ്‌ക്കു താമസിക്കുന്ന പ്രായമായ ഒരു അമ്മൂമ്മയുണ്ടെന്നും, വല്ലപ്പോഴും ഈ ഭാഗത്ത് വരുമ്പോൾ താനവരെ കണ്ട് വിശേഷങ്ങൾ അന്വേഷിക്കാറുണ്ടെന്നും, ബുദ്ധിമുട്ടില്ലെങ്കിൽ പെട്ടെന്നവരെ ഒന്നു കണ്ടിട്ട് ഉടൻ വരാമെന്നും ആനോ പറഞ്ഞു. അമ്മൂമ്മയ്‌ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ കൂടെ വരാമെന്ന് ഞാനും പറഞ്ഞു. റോഡിൽനിന്ന് കുറച്ചുയരത്തിൽ കണ്ട ചെറിയ ജനലിനു നേരേ നോക്കി ആനോ ആരെയോ വിളിച്ചു. വീടിന്റെ ഉള്ളിലേക്ക് കയറുന്നതിനു മുമ്പ് ഷൂസ് ഊരാൻ ഭാവിച്ചപ്പോൾ വേണ്ടെന്ന് വിലക്കിയിട്ട്, ഇന്ത്യയിൽ ഇങ്ങനെയൊരു മര്യാദ ഉണ്ടെന്ന് കേട്ടിട്ടുണ്ട് എന്ന് ആനോ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പൊതുവിചാരപ്രകാരം, അസമിന് പടിഞ്ഞാറുള്ളവരെല്ലാം ഇന്ത്യാക്കാരാണ്. ഇപ്പോൾ ഇന്ത്യയിലെ കാലാവസ്ഥ എന്താണ്, അല്ലെങ്കിൽ എന്റെ ഒരു ബന്ധുവിന്റെ ഭാര്യ ഇന്ത്യാക്കാരിയാണ്, ഒരിക്കൽ ഇന്ത്യ കാണണമെന്നുണ്ട് തുടങ്ങിയ ഇന്ത്യൻ പരാമർശങ്ങൾ വളരെ സാധാരണമാണ്. ഇതും ഇന്ത്യ തന്നെയാണ് എന്ന രാഷ്ട്രീയ യാഥാർഥ്യം നാട്ടുകാരെ നിർത്താതെ ഓർമിപ്പിച്ചുകൊണ്ടിരിക്കാനായി, ഇത് ഇന്ത്യയാണ്, നാമെല്ലാം ഇന്ത്യക്കാരാണ് എന്നെഴുതിയ വലിയ ബോർഡുകൾ ഈയടുത്ത കാലംവരെ വഴിയരികിൽ കാണാമായിരുന്നു. ഭൂപടങ്ങൾ വരയ്‌ക്കുന്ന അതിരുകളേക്കാൾ പല മടങ്ങ് ശക്തമാണ് അധിനിവേശവും അന്യതാബോധവും മനുഷ്യമനസ്സിൽ വരയ്‌ക്കുന്ന അദൃശ്യമായ അതിരുകൾ.
വിചാരിച്ചതുപോലെ വീട്ടിലെ അമ്മൂമ്മ തനിച്ചല്ലായിരുന്നു. ഇന്നവരുടെ പഴയൊരു കൂട്ടുകാരി കാണാൻ വന്നിട്ടുണ്ട്. ആനോ എന്നെ അവർക്കു പരിചയപ്പെടുത്തിയത് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞാണ്. അതിനു മറുപടിയായി അവരുമെന്തോ പറഞ്ഞു. അതിന്റെ വിവർത്തനം കിട്ടിയില്ല. തൂണും തറയും ഉത്തരവും കഴുക്കോലുമൊഴിച്ചാൽ പൂർണമായും ഇരുമ്പുഷീറ്റുകൊണ്ട് ഉണ്ടാക്കിയ ഒരു വീടാണിത്. കാഴ്‌ചയിൽ നല്ല പഴക്കം തോന്നും. ഇരുമ്പുഷീറ്റുകൾ പരാജയപ്പെട്ട ഇടങ്ങളിൽ ആ ജോലി ചെയ്യുന്നത് പ്ലാസ്റ്റിക് കഷ്‌ണങ്ങളാണ്. ഇവിടെയുള്ള എല്ലാ വീടുകളിലും കാണുന്നതുപോലെ തന്നെ പ്രധാന മുറിയിലാണ് അടുപ്പ്. അല്ലെങ്കിൽ, അടുക്കളയാണ് പ്രധാന മുറി. അടുപ്പിനു മേലെ ഇറച്ചിത്തുണ്ടുകൾ ഉണങ്ങുന്നുണ്ട്. പുക തട്ടി കറുത്തുപോയ ഇരുമ്പു ചുവരുകളിൽ മുളങ്കൂടകളും പ്ലാസ്റ്റിക് കൂടുകളും തൂങ്ങിക്കിടക്കുന്നു. മുറിയുടെ നടുവിൽ തൂങ്ങിക്കിടക്കുന്ന എൽഇഡി ബൾബില്ലെങ്കിൽ മുറിയ്‌ക്കകത്ത് പകലും രാത്രിയായിരിക്കും.
ഫോട്ടോയെടുക്കാൻ അനുവാദം ചോദിച്ചപ്പോൾ പരസ്‌പരം നോക്കിയിട്ട് രണ്ടുപേരും ഗൗരവത്തിലിരുന്നു. രണ്ടു പടമെടുത്തു കഴിഞ്ഞപ്പോൾ കൂട്ടുകാരിയെ നോക്കി എന്തോ പറഞ്ഞിട്ട് വീട്ടുകാരി എഴുന്നേറ്റ് അകത്തേക്ക് പോയി. പടമെടുത്തത് ഇഷ്ടപ്പെടാതെ പോയതുപോലെയാണ് കണ്ടപ്പോൾ തോന്നിയത്. ഞാൻ ആനോയെ നോക്കി. കൂട്ടുകാരി വലിയ മാലയൊക്കെ ഇട്ട് ഒരുങ്ങിയിരിക്കുമ്പോൾ കഴുത്തിലൊന്നുമില്ലാതെ ഇരിക്കുന്നത് മോശമല്ലേ എന്നാണവർ പറഞ്ഞതെന്ന് ആനോ പറഞ്ഞു. അമ്മൂമ്മ അകത്തുനിന്ന് രണ്ട് മുത്തുമാലകളുമായി ഇറങ്ങിവന്ന് മാലകൾ രണ്ടും വേഗം കഴുത്തിലിട്ട് കൂട്ടുകാരിക്കൊപ്പം വീണ്ടും ഫോട്ടോയ്‌ക്ക് തയ്യാറായി. കുറച്ചു പടങ്ങൾകൂടി എടുത്തിട്ട് മൂലയിൽക്കണ്ട ചെറിയൊരു സ്റ്റൂളിൽ പോയി ഞാനിരുന്നു. ഉടൻതന്നെ എന്റെ സാന്നിധ്യം അവഗണിച്ച് കൂട്ടുകാരികൾ ഗൗരവത്തിൽ സംസാരം തുടങ്ങി. ആനോയും ഇടയ്‌ക്കിടെ എന്തോ പറയുന്നുണ്ടായിരുന്നു.
മെറാമാ ഖേലിലെ അമ്മൂമ്മമാർ
രണ്ടാം ലോകമഹായുദ്ധ കാലത്ത്, 1944ൽ, ബ്രിട്ടീഷ് ഇന്ത്യൻ സേനയെ പരാജയപ്പെടുത്തി ജാപ്പനീസ് സൈന്യം കിഗ്വേമായും പരിസരങ്ങളും കൈവശത്താക്കിയിരുന്നു. അന്ന് ബ്രിട്ടീഷുകാർക്കു വേണ്ടി മരണംവരെ പൊരുതി നിന്നവരായിരുന്നു അംഗാമി നാഗാ യോദ്ധാക്കൾ. എങ്കിലും ജാപ്പനീസ് ജനറൽ കൊട്ടോകു സാട്ടോ വളരെ മാന്യമായാണ് നാഗാകളോട് ഇടപെട്ടതെന്നാണ് ആനോ കേട്ടിട്ടുള്ളത്. അവർ സ്‌ത്രീകളെ ബഹുമാനിക്കുന്നവരും ജോലിക്ക് കൂലി കൊടുക്കുന്നവരുമായിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ അങ്ങനെയായിരുന്നില്ല. അന്ന് ജനറൽ സാട്ടോയോടൊപ്പം സുഭാഷ് ചന്ദ്രബോസ് കിഗ്വേമായിൽ എത്തി ഇവിടം സ്വതന്ത്ര ഇന്ത്യയായി പ്രഖ്യാപിച്ചു എന്നും ചരിത്രം പറയുന്നു. ജനറൽ സാട്ടോ കിഗ്വേമായിൽ താമസിച്ചിരുന്ന വീട് മാറ്റമൊന്നുമില്ലാതെ ഇന്നും അങ്ങനെ തന്നെ നിൽക്കുന്നുണ്ട്.
കൊഹിമ‐ ഇംഫാൽ റോഡിന്റെ നിയന്ത്രണത്തിനായി ബ്രിട്ടീഷ് ഇന്ത്യൻ സേനയും ജാപ്പനീസ് സേനയും തമ്മിൽ നടന്ന യുദ്ധങ്ങൾ, ലോകം അന്നുവരെ കണ്ടിട്ടുള്ളതിൽവച്ചേറ്റവും രക്തരൂക്ഷിതവും ദുരിതപൂർണവുമായിരുന്നു എന്നാണ് യുദ്ധചരിത്ര പണ്ഡിതർ പറയുന്നത്. അന്ന് ബ്രിട്ടീഷുകാർ കിഗ്വേമായിൽ തുടർച്ചയായി നടത്തിയ ബോംബിങ്ങിന്റെ ഫലമായി കാടുകളിലും വിദൂരഗ്രാമങ്ങളിലും മാസങ്ങളോളം മാറിത്താമസിക്കാൻ നാട്ടുകാർ നിർബന്ധിതരായി. ബ്രിട്ടീഷ് ബോംബിങ്ങിൽ നാട്ടുകാർക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. നാഗാകളെ ബ്രിട്ടീഷുകാർക്കെതിരെ തിരിക്കാൻ ഇത് വീണ്ടുമൊരു കാരണമായി. അതിന്റെ തുടർച്ച പോലെയായിരുന്നു സ്വാതന്ത്ര്യാനന്തരം അവരുടെ നിലപാടുകൾ ഇന്ത്യക്കെതിരായി മാറിയത്. മാസങ്ങൾ നീണ്ടുനിന്ന അതിരൂക്ഷ യുദ്ധത്തിനൊടുവിൽ ബ്രിട്ടീഷ് ഇന്ത്യൻ സേന കിഗ്വേമാ തിരിച്ചുപിടിച്ചു. അവസാന യുദ്ധത്തിൽ പരാജയപ്പെട്ട ജപ്പനീസ് സേനയിലെ നിരവധി ഭടന്മാർ പട്ടിണിയും രോഗവും ചിത്തഭ്രമവും ബാധിച്ച്, മഹായുദ്ധം കഴിഞ്ഞതറിയാതെ, ആരക്കാൻ വനങ്ങളിൽ മരിച്ചുവീണു. യുദ്ധപരിചയമോ വേണ്ടത്ര ആയുധങ്ങളോ കൃത്യമായ പരിശീലനമോ ഇല്ലാതെ യുദ്ധത്തിനിറങ്ങിയ അനേകം ഐഎൻഎ അംഗങ്ങളുടെ അനുഭവവും ഇതുതന്നെയായിരുന്നു.
കിഗ്വേമാ ഗ്രാമത്തിനു മൂന്നു ചുറ്റും ഉയർന്നുനിൽക്കുന്ന മലകളെല്ലാം ചാഞ്ഞിറങ്ങി വരുന്നത് താഴ്‌വരയിലെ വലിയൊരു ചതുപ്പിലേക്കാണ്. ഇവിടെ തട്ടുതിരിച്ച് നെൽകൃഷി തുടങ്ങിയിട്ട് നൂറ്റാണ്ടുകളായിക്കാണണം. നാഗാലാൻഡിലെ ഏറ്റവും പഴക്കംചെന്ന ഗ്രാമങ്ങളിലൊന്നാണ് കിഗ്വേമാ. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളുടെ താഴത്തെ തട്ടുകളിൽ ഈ മാസം പെയ്‌ത മഴവെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട്. വെള്ളം വാർന്ന മേൽത്തട്ടുകളിലും വരമ്പു കെട്ടി വെള്ളം തടഞ്ഞുനിർത്തിയ ചില കീഴ്‌ത്തട്ടുകളിലും ഉരുളക്കിഴങ്ങും കാബേജുമാണ് വേനൽകൃഷികൾ. ഗ്രാമത്തിന്റെ വശത്തുള്ള വലിയൊരു കുന്നു കയറി മുകളിൽനിന്നു നോക്കിയപ്പോൾ നേരേ താഴെ കണ്ടത്, തമ്മിൽ പിണഞ്ഞും നിരയായി കൈപിടിച്ചും പ്രദേശമാകെ പടർന്നുകിടക്കുന്ന നൂറായിരം വരമ്പുകളുടെ വിശാല ശൃംഖലയാണ്.
പാടത്ത് കൃഷിയാവശ്യങ്ങൾക്കായുള്ള കളപ്പുരകളുണ്ട്. വിളവുകാലത്ത് മാത്രമാണ് ഇവിടെ രാത്രി ആൾത്താമസം ഉണ്ടാകുന്നത്. വലിയ മുളങ്കൂട പുറത്തു തൂക്കിയ ഒരു സ്‌ത്രീ താഴെനിന്നുള്ള കുത്തുകയറ്റം സാവധാനം കയറിവരുന്നുണ്ട്. കുന്നിൻചെരുവിലെ ഒറ്റയടിപ്പാതയിലൂടെ കൂടുതൽ സ്‌ത്രീകൾ പാടത്തേക്ക് ഇറങ്ങിവരാനും തുടങ്ങിയിരിക്കുന്നു.
കിഗ്വേമാ ഗ്രാമത്തിലെ മലയുടെ താഴ്‌വാരത്തിലെ പാടങ്ങൾ
ഗ്രാമത്തിനു പുറത്തുള്ള കടയിൽ ഉച്ചഭക്ഷണം മോമോ ആയിരുന്നു. അതിനായി കാത്തിരിക്കുന്നതിനിടയിൽ ഉച്ചകഴിഞ്ഞ് തനിക്ക് വരാൻ പറ്റില്ല എന്ന് ആനോ പറഞ്ഞു. ഇന്ന് അമ്മൂമ്മ വീട്ടിൽ തനിച്ചാണ്. താൻ പോയി വേണം അവർക്ക് ഭക്ഷണമുണ്ടാക്കാൻ. ജഖാമാ, കിസാമ എന്ന രണ്ടു ഗ്രാമങ്ങൾ കാണാൻ നാളെ ഒരു ദിവസം മതി. ആനോയ്‌ക്ക് അമ്മൂമ്മമാരെ വലിയ കാര്യമാണല്ലോ എന്നു പറഞ്ഞപ്പോൾ പ്രായമായവരെ സഹായിക്കുക എന്നത് അംഗാമികൾക്ക് വളരെ പ്രധാനമാണെന്ന് ആനോ പറഞ്ഞു. ആനോയുടെ സംസാരത്തിലെ സ്ഥായീഭാവം പ്രസന്ന ഗൗരവമാണ്. വിനയഭാവത്തിൽ അതിവ്യക്തതയോടെയാണ് കാര്യമാത്രപ്രസക്തം മാത്രമായ വർത്തമാനം.
പഠിക്കാത്ത കുട്ടികൾക്ക് ക്ഷമയോടെ ക്ലാസെടുക്കുന്ന ഉത്തമ അധ്യാപികയെപ്പോലെയായിരുന്നു, തന്റെ അമ്മൂമ്മയ്‌ക്ക് നാല് ഭർത്താക്കന്മാരുണ്ടായിരുന്നു എന്ന ചരിത്രം ആനോ എനിക്ക് പറഞ്ഞുതന്നത്. പതിനാലാം വയസ്സിലായിരുന്നു ആദ്യത്തെ കല്യാണം. അന്നത്തെ കാലത്ത് വിവാഹ ദിവസംവരെ പെൺകുട്ടികൾക്ക് മുടി വളർത്താൻ അനുവാദമില്ല. എല്ലാവരും മൊട്ടയടിക്കണം. മുടി നീട്ടാനുള്ള ആഗ്രഹം കൊണ്ടായിരുന്നു അമ്മൂമ്മ ഓടിപ്പോയി ആദ്യത്തെ കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞ് താമസിയാതെ തന്നെ, വളർന്നു തുടങ്ങിയ മുടിയുമായി അമ്മൂമ്മ സസന്തോഷം വീട്ടിലേക്ക് തിരിച്ചു വന്നു. രണ്ടാമത്തെ കല്യാണത്തിന്റെ കഥ പറയാൻ ആനോ തയ്യാറെടുക്കുന്നതിനിടയിൽ ബീഫ് മോമോ ആവി പറത്തിക്കൊണ്ട് മേശപ്പുറത്തു വന്നിരുന്നു. മോമോയുടെ ആവി കണ്ടതോടെ, അമ്മൂമ്മയുടെ അടുത്ത കല്യാണങ്ങളുടെ കഥകൾ മൂന്നും അതിനോടൊപ്പം ആവിയായിപ്പോയി .
( തുടരും)









0 comments